ആസിഫാ,  ഇന്ത്യയുടെ ഉണര്‍ച്ചയ്ക്ക്  നീ നിമിത്തമാവുകയാണ് !

ആസിഫാ, എന്റെ കൊച്ചു പെങ്ങളെ…..

നീ സഹിച്ച വേദനയെപ്പറ്റി ചിന്തിക്കാന്‍ പോലും എനിക്ക് കഴിയുന്നില്ല.
കരാളമായ ആ എഴുദിവസങ്ങളെക്കുറിച്ച് എഴുതാനെനിക്ക് ശേഷിയില്ല.
പ്രതിഷേധിച്ച് ശബ്ദിക്കാന്‍ പോലും എന്റെ നാവു അശക്തമാണ്.
പരമകാരുണികനായ നാഥന്റെയടുക്കല്‍ നീയനുഭവിക്കുന്ന
അനുഗ്രഹങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍ മാത്രമാണെനിക്കൊരു സമാധാനം.
ഈ ലോകത്തെ കഷ്ടപ്പാടുകളില്‍ നിന്ന് നിനക്ക് മോചനമായി.
സര്‍വ്വശക്തന്റെ അനുഗ്രഹങ്ങളാസ്വദിച്ച് സ്വര്‍ഗം കാത്ത് കിടക്കുകയാണ്
നീയെന്ന അറിവ് നല്‍കുന്ന ആശ്വാസവും ആസ്വാദനവും ചെറുതല്ല.
നിന്റെ ഉമ്മയ്ക്കും ഉപ്പയ്ക്കും വല്ലാത്ത മനഃശാന്തിയുണ്ടാക്കുന്ന അറിവാണത്.
നിനക്കുവേണ്ടി കരഞ്ഞു കണ്ണീരുവറ്റിയ നിന്റെ ഉമ്മയുടെ കൈപിടിച്ച്,
നിന്നെത്തിരഞ്ഞു നടന്നുക്ഷീണിച്ച നിന്റെ ഉപ്പയെ കെട്ടിപ്പിടിച്ച്,
സ്വര്‍ഗീയാരാമങ്ങളുടെ ഔന്നത്യങ്ങളിലെത്താന്‍ അല്ലാഹു നിന്നെ
അനുഗ്രഹിക്കട്ടെയെന്നാണ് നിന്റെയീ ആങ്ങളയുടെ പ്രാര്‍ത്ഥന.
ഉപ്പാനെയും ഉമ്മാനേയും സ്വീകരിക്കാന്‍ നീ സ്വര്‍ഗകവാടങ്ങളില്‍
കാത്തിരിക്കുമെന്ന, നാവുകൊണ്ട് കള്ളം പറയാത്ത മുത്തുനബി ()
നല്‍കിയ സുവിശേഷത്തെക്കാള്‍ വലിയ സമാധാനമെന്താണവര്‍ക്ക്!
പടച്ചവന്‍ പരമ കാരുണികനാണ് ആസിഫാ…..
രക്തസാക്ഷ്യത്തോടെ നിനക്ക് സ്വര്‍ഗം നല്‍കിയവന്‍!
ക്ഷമിക്കുന്ന മാതാപിതാക്കള്‍ക്ക് സ്വര്‍ഗം നല്‍കുന്നവന്‍!
നിന്റെ ദാരുണമരണത്തെ വലിയ നന്മകള്‍ക്ക് നിമിത്തമാക്കുന്നവന്‍!
അതെ, കൊച്ചനുജത്തീ…… നീയൊരു നിമിത്തമാവുകയാണ്…..
ഫാഷിസത്തെ പഠിക്കാത്തവര്‍ക്ക് പഠിക്കുവാന്‍
ഷോവനിസം സൃഷ്ടിക്കുന്ന മാനസികാവസ്ഥ എത്രത്തോളം
പൈശാചികമാണെന്ന് തിരിച്ചറിയാന്‍
നാടിനെ സ്‌നേഹിക്കുന്നവര്‍ക്കെല്ലാം ഈ ദുര്‍ഭൂതത്തെപ്പറ്റി
ശരിയ്ക്കും മനസ്സിലാക്കുവാന്‍
ഒന്നിച്ച് നിന്ന് അതിനെ പ്രതിരോധിക്കുവാന്‍….
അങ്ങനെ പല നന്മകള്‍ക്കുമുള്ള നിമിത്തമാവുകയാണ് നിന്റെ രക്തസാക്ഷ്യം!
വെറുപ്പുല്‍പാദനമാണ് ഫാഷിസത്തിന്റെ പ്രത്യയശാസ്ത്രം.
ഭീതിപ്പെടുത്തലാണ് അതിന്റെ ആയുധം
അതുത്പാദിപ്പിക്കുന്ന വെറുപ്പ് എത്രത്തോളം മാരകമാണെന്ന്
നിന്നെ പിച്ചിച്ചീന്തിയവരുടെ ശൃംഖല വെളിപ്പെടുത്തുന്നുണ്ട്.
അറുപത് കഴിഞ്ഞ റിട്ടയേര്‍ഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മുതല്‍
പതിനാലുകാരനായ അയാളുടെ പേരക്കിടാവ് വരെ നിന്റെ
ശരീരത്തില്‍ നിന്നാസ്വദിച്ചത് വന്യമായ സ്ഖലനാനുഭൂതി മാത്രമായിരിക്കില്ല;
ഫാഷിസം പടച്ച പൈശാചികവെറുപ്പിന്റെ ബഹിര്‍സ്ഫുരണം കൂടിയായിരിക്കണം.
കാക്കിയുടുപ്പിട്ടവര്‍ നിന്റെ ഇളം ശരീരത്തെ കാര്‍ന്നു തിന്നപ്പോള്‍
കറുത്ത ഉടുപ്പുകാര്‍ അവരെ സംരക്ഷിക്കുവാന്‍ മുന്നില്‍ നിന്നു.
മന്ത്രിമാരും തന്ത്രിമാരും പീഡകന്മാര്‍ക്ക് കാവലാളുകളായി.
ദേശീയപാതാകയുയര്‍ത്തി അവര്‍ പ്രകടനം നടത്തിയത്
നിന്റെ ശരീരത്തെ സ്ഖലിച്ചുകൊന്നവരെ സംരക്ഷിക്കുവാനായിരുന്നു.
ഫാഷിസത്തിന്റെ വെറുപ്പുല്‍പാദനം അടി മുതല്‍ മുടിവരെയുള്ളവരെ
എങ്ങനെ മനുഷ്യപ്പിശാചുക്കളാക്കിത്തിത്തീര്‍ക്കുമെന്ന് നിന്റെ ദാരുണാന്ത്യം
ലോകത്തെ പഠിപ്പിക്കുകയാണ്; ഇനിയും ഉണരാത്തവരുണ്ടെങ്കില്‍
അവര്‍ക്ക് ഉണരാന്‍ നീയൊരു നിമിത്തമാവുകയാണ്
അല്ലാഹുവിനു സ്തുതി; അറിയാന്‍ കഴിയാത്ത മാര്‍ഗങ്ങളിലൂടെ
നന്മകള്‍ വിതറുന്നവല്ലോ അവന്‍….
മതനിരപേക്ഷതയുടെ കുപ്പായമിട്ട ചിലരുടെ മനസ്സ് എത്രമാത്രം
വൃത്തികെട്ടതാണെന്നു കൂടി നിന്റെ മരണം ലോകത്തെ പഠിപ്പിച്ചു.
നീ ക്രൂരമായി പീഡിപ്പിക്കപ്പെട്ടപ്പോള്‍ അല്ലാഹു എവിടെയായിരുന്നുവെന്ന്
ചോദിച്ചവരുടെ മനസ്സിന്റെ കറുപ്പ് അളക്കുവാന്‍ നിലവിലുള്ള മാപിനികള്‍ക്കൊന്നും 
കഴിയില്ല.
അവര്‍ അറിയണം, സുഖത്തിനു വേണ്ടി എന്തും ചെയ്യാമെന്നും
അങ്ങനെ ചെയ്യുന്നതിനൊന്നും ആരോടും കണക്ക് ബോധിപ്പിക്കേണ്ടി വരില്ലെന്നും
പഠിപ്പിക്കപ്പെട്ടതു കൂടിയാണ് ഇത്തരം മനുഷ്യപ്പിശാചുക്കള്‍ പെരുകാനുള്ള കാരണമെന്ന്.
നിന്റെ വേദനകള്‍ കണ്ട് ആകാശത്തില്‍ അല്ലാഹു വെറുതെ ഇരിക്കുകയായിരുന്നില്ലെന്ന് 
നിനക്കറിയാം; ക്വുര്‍ആനും നബിവചനങ്ങളും പഠിച്ചതിനാല്‍ എനിക്കും അതറിയാം.
നീ അനുഭവിച്ച വേദനകളും അത് ചെയ്തവരുടെ ക്രൂരതകളുമെല്ലാം
അല്ലാഹുവിന്റെ മലക്കുകള്‍ കൃത്യമായി എഴുതി വെച്ചിട്ടുണ്ട്.
ക്രൂരതകള്‍ തുടങ്ങിയപ്പോഴേക്ക് നീ ബോധരഹിതയായതിനാല്‍ വേദനയുടെ
കാഠിന്യമൊന്നും നീ അനുഭവിച്ചിട്ടുണ്ടാവില്ല; അല്ലാഹുവിന്റെ അനുഗ്രഹമാണത്.
നിന്റെ ശരീരം മരണത്തെ പുല്‍കിക്കൊണ്ടിരുന്നപ്പോള്‍ അല്ലാഹു അയച്ച മലക്കുകള്‍
സമാധാനത്തിന്റെ സന്തോഷവാര്‍ത്തയറിയിച്ചുകൊണ്ട് നിന്റെയടുത്തെത്തിയിട്ടുണ്ടായിരിക്കും.
നിഷ്‌കളങ്കമായ നിന്റെ ആത്മാവിനെ വഹിച്ച് അവര്‍ ഉയര്‍ന്നപ്പോള്‍
ആകാശവാതിലുകള്‍ നിനക്കുവേണ്ടി തുറന്നിട്ടുണ്ടായിരിക്കണം.
ശാന്തമായ ആത്മാവേ, നിന്റെ നാഥങ്കലേക്ക് സംതൃപ്തിയോടെ നീ മടങ്ങുകഎന്ന
സാക്ഷാല്‍ക്കാരത്തിന്റെ സ്വരം നീ കേട്ടിട്ടുണ്ടായിരിക്കും.
സ്വര്‍ഗം അനുഭവിച്ചുകൊണ്ടുള്ള മയക്കത്തിലാണല്ലോ ഇപ്പോള്‍ നീ.
എന്നാല്‍ നിന്നെ കൊന്നു തള്ളിയവരോ……?!
അവരിപ്പോള്‍ ഭയപ്പാടിലാണ്; കോടതി എന്ത് ശിക്ഷ വിധിക്കുമെന്ന ഭയപ്പാട്.
സമ്പത്തും സ്വാധീനവുമുപയോഗിച്ച് അവര്‍ ഇവിടെ രക്ഷപ്പെട്ടേക്കാം.
എന്നാല്‍ അല്ലാഹുവിന്റെ കോടതിയില്‍ അവര്‍ക്കൊന്നും രക്ഷപ്പെടാനാവില്ല.
നീ അനുഭവിച്ച വേദനകള്‍ക്കെല്ലാം അവര്‍ മറുപടി പറയേണ്ടി വരും, തീര്‍ച്ച.
കുറ്റവാളികള്‍ ദൈവകോപത്തിന്റെ നരകത്തില്‍, അവര്‍ ചെയ്ത തെറ്റുകളാല്‍
ദുരിതമനുഭവിച്ചവരുടെയെല്ലാം ദുരിതങ്ങള്‍ ഏറ്റുവാങ്ങി വിലപിച്ച് കൊണ്ടിരിക്കും.
നീയോ, ദൈവാനുഗ്രഹങ്ങളുടെ പൂര്‍ണത ആസ്വദിച്ചുകൊണ്ട് ഉന്നതമായ സ്വര്‍ഗത്തിലും.
ദൈവകാരുണ്യത്തിന്റെ ഈ വലുപ്പം മനസ്സിലാക്കാന്‍ ഭാഗ്യം ലഭിക്കാത്തവരാണ്
കിട്ടുന്ന അവസരങ്ങളിലെല്ലാം അവനെ തെറി പറയാന്‍ ശ്രമിക്കുന്നത്.
പ്രിയപ്പെട്ട ആസിഫാ, നിന്നെ പീഡിപ്പിച്ചുകൊന്നവര്‍ അത് വഴി
നിന്റെ ആങ്ങളമാരെയും പെങ്ങന്മാരെയുമെല്ലാം ഭീതിപ്പെടുത്തി അപരവല്‍ക്കരിക്കാമെന്നും
നാടിന്റെ ശത്രുക്കളാക്കി നശിപ്പിക്കാമെന്നുമാകാം കരുതുന്നത്.
സര്‍വ്വേശ്വരനായ അല്ലാഹു കൂടെയുണ്ടെന്ന് വിശ്വസിക്കുന്നവരെ ഭീതിപ്പെടുത്തി
നശിപ്പിക്കാന്‍ കഴിയില്ലെന്ന് അവര്‍ക്കറിയില്ലല്ലോ
സത്യവിശ്വാസത്തെയും വിശ്വാസികളെയും നശിപ്പിക്കാന്‍ ശ്രമിച്ച എത്രയെത്ര
ഏകഛത്രാധിപതികള്‍ ചരിത്രത്തില്‍ കഴിഞ്ഞുപോയി!
അവര്‍ക്കൊന്നും കഴിയാത്തത് ഇന്നും ആര്‍ക്കും കഴിയില്ല.
സത്യത്തെ നശിപ്പിക്കാന്‍ ശ്രമിച്ചവരാണ് നശിച്ചതെന്നാണ് ചരിത്രപാഠം.
നാട്ടിലുള്ള നല്ലവരായ സുഹൃത്തുക്കളുടെയെല്ലാം സ്‌നേഹവും സഹായവും
നിന്റെ ആങ്ങളമാരോടും പെങ്ങന്മാരോടുമൊപ്പമുണ്ട്.
അവരെ അപരവല്‍ക്കരിക്കാന്‍ സമ്മതിക്കില്ലെന്ന് അവര്‍ ഒറ്റക്കെട്ടായി പ്രഖ്യാപിക്കുന്നുണ്ട്.
നിയമത്തിന്റെ വഴികളിലൂടെ അതിലൂടെ മാത്രം നിന്നെ പീഡിപ്പിച്ചവര്‍ക്ക്
പരമാവധി ശിക്ഷ നല്‍കുന്നതിന് വേണ്ടിയുള്ള പരിശ്രമത്തില്‍ നാടിനെ 
സ്‌നേഹിക്കുന്നവരെല്ലാം ഒറ്റക്കെട്ടാണ്. 
അക്കാര്യത്തില്‍ നമ്മുടെ ഭരണഘടന നമുക്ക് നല്‍കുന്ന ആശ്വാസം
അപാരമാണ്; അത് കൊണ്ടാണല്ലോ നമ്മുടെ പരമോന്നത നീതിപീഠം തന്നെ ഇക്കാര്യത്തില്‍
ഇടപെടുകയും പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നവരെ അധിക്ഷേപിക്കുകയും ചെയ്തത്.
വെറുപ്പുല്‍പാദിപ്പിച്ച് ഭിന്നിപ്പിക്കാനും ഭീതിപ്പെടുത്തി അടിമകളാക്കുവാനും
ശ്രമിക്കുന്നവര്‍ക്കെതിരെ ഇന്ത്യ ഉണരുകയാണ്
ആസിഫാഎന്റെ കൊച്ചുപെങ്ങളേ, നീ സന്തോഷിക്കുക
നിന്റെ മരണം നമ്മുടെ നാടിന്റെ ഉണര്‍ച്ചയ്ക്ക് നിമിത്തമാവുകയാണ്
നിന്റെ രക്തം വിപ്ലവത്തിന്റെ തീജ്വാലയാവുകയാണ്.
ഇന്‍ഡ്യയെ,
അതിന്റെ ആത്മാവായ മതനിരപേക്ഷതയെ,
അതിന്റെ ജീവനായ ബഹുസ്വരതയെ,
അതിന്റെ ശരീരമായ ജനാധിപത്യത്തെ,
വീണ്ടെടുക്കുന്നതിനും നിലനിര്‍ത്തുന്നതിനും
വേണ്ടിയുള്ള വിപ്ലവത്തിന്റെ തീജ്വാല
ഈ തീജ്വാല ഊതിക്കെടുത്താന്‍ ആയിരക്കണക്കിന് കരിനാക്കുകളുമായി
നിന്നെ കൊന്നവരിലേക്ക് വെറുപ്പ് ആവാഹിച്ചവര്‍
മൂവര്‍ണ്ണപതാക പറക്കുന്ന വാഹനങ്ങളിലും
വായിക്കാനും കേള്‍ക്കാനും കാണാനുമുള്ള മാധ്യമങ്ങളിലുമിരുന്ന്
തന്ത്രങ്ങള്‍ മെനയുന്നുണ്ടെന്റെ കൊച്ചുപെങ്ങളെ….
വര്‍ഗീയതയാണവരുടെ തുറുപ്പെന്ന് നിനക്കറിയാമല്ലോ
പീഡിപ്പിക്കപ്പെടുന്ന ആയിരക്കണക്കിന് പെണ്‍കുട്ടികളിലൊരാള്‍
മാത്രമായനിനക്കായി അവര്‍ വാര്‍ക്കുന്ന കണ്ണീരിന്റെ രാഷ്ട്രീയം
അവരെ അറിയുന്നവര്‍ക്കെല്ലാം മനസ്സിലായിട്ടുണ്ട്.
നീ മുസ്‌ലിമായതുകൊണ്ടാണ് നിനക്കെതിരെയുണ്ടായ കയ്യേറ്റമെന്ന്
പറഞ്ഞുകൊണ്ടുതന്നെയാകണം നിന്റെ ചോരയില്‍ നിന്നുയരുന്ന
തീജ്വാലയ്ക്ക് എണ്ണപകരേണ്ടതെന്ന് അവരെ പഠിച്ചവര്‍
വാശി പിടിക്കുന്നത് അവരൊന്നും വര്‍ഗീയവാദികളായതു കൊണ്ടല്ല;
നിന്നെ കൊന്നവരുടെ തലയില്‍ വിളയുകയും വളരുകയും ചെയ്യുന്ന
വെറുപ്പ് എത്രത്തോളം മാരകമാണെന്ന് ലോകമറിയണമെങ്കില്‍
നിന്നെ മുസ്ലിം ബാലികയായിത്തന്നെ പരിചയപ്പെടുത്തണമെന്നതുകൊണ്ടാണ്.
നാടിനെ സ്‌നേഹിക്കുന്നവരെല്ലാം നിന്റെ ചോരയുടെ അര്‍ത്ഥമറിയുന്നുണ്ട്.
ഒറ്റക്കെട്ടായി നീങ്ങുന്ന അവരെ ഹിന്ദുവും മുസ്‌ലിമുമായി ഛിദ്രീകരിക്കാനും ശ്രമങ്ങളുണ്ട്.
നിനക്കായിയെന്ന പേരില്‍ ആള്‍ക്കൂട്ടത്തെ ഇളക്കിവിടുന്നവര്‍
ഈ ഛിദ്രീകരണത്തിനാണ് അറിഞ്ഞോ അറിയാതെയോ കൂട്ടുനില്‍ക്കുന്നത്.
ആള്‍ക്കൂട്ടം നടത്തിയ കലാപങ്ങളില്‍ നിന്നൊന്നും മുല്ലപ്പൂവിന്റെ സുഗന്ധമല്ല
ഉണ്ടായിട്ടുള്ളതെന്ന് ലോകത്തെയറിയുന്ന ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്!
ഇന്ത്യയെ വീണ്ടെടുക്കുന്നതിന് വേണ്ടിയുള്ള പരിശ്രമത്തെ
ചോരയില്‍ മുക്കിക്കൊല്ലാനാഗ്രഹിക്കുന്നവര്‍ക്ക് ആട്ടിന്‍കുട്ടികളെ
ഒരുക്കിക്കൊടുക്കുകയാണ് ആള്‍ക്കൂട്ടത്തിന് പിന്നില്‍ നിന്ന്
ആവേശപ്പെടുത്തുന്നവര്‍ ചെയ്യുന്നതെന്ന് അവര്‍ അറിയുന്നുണ്ടോ, എന്തോ?!
മുന്നില്‍ നിന്ന് നയിക്കുവാന്‍ കെല്പുള്ള ഗാന്ധിജിമാരും മൗലാനാ ആസാദുമാരുമാണ്
നമ്മുടെ നാടിന് ഇന്നാവശ്യം. ത്യാഗം ചെയ്യാന്‍ തയ്യാറുള്ളവര്‍ക്ക് മാത്രം
കഴിയുന്നതാണാ ദൗത്യം. നിനക്കുവേണ്ടി കവി സച്ചിദാനന്ദന്‍ എഴുതിയ
ബാബായ്ക്ക് ഒരു കത്ത്എന്ന കവിതയുദ്ധരിച്ച് ഈ കുറിപ്പ് നിര്‍ത്തട്ടെ.

നമ്മുടെ കുതിരകള്‍ 
വീട്ടിലെത്തിയോ ബാബാ
കിളരമുള്ള പുല്‍പ്പടര്‍പ്പുകള്‍ക്കിടയ്ക്ക് ആ ഭൂതങ്ങള്‍ 
എന്നെ ഉപദ്രവിച്ചപ്പോള്‍ 
അവ മാത്രമേ കരയാനുണ്ടായുള്ളൂ
കുന്നിന്‍ പുറത്തെ ചുവന്ന പൂക്കള്‍
തല കുനിച്ചു നിന്നു
നീരുറവകള്‍ എന്റെ ചോര പോലെ
ഉറഞ്ഞു പോയി

ആ വെളുത്ത ഉടുപ്പുകള്‍ എന്നെ ദേവതയ്ക്ക് കുരുതി 
കൊടുക്കാന്‍ കൊണ്ടു പോവുകയാണെന്ന് 
വെളുത്ത കുതിരകളെ സ്വപ്‌നം കാണുന്ന 
മയക്കത്തില്‍ ഞാനറിഞ്ഞില്ല ബാബാ
പാതി മയക്കത്തില്‍ ഞാന്‍
പൊട്ടിച്ചിരികളും അട്ടഹാസങ്ങളും
കുതിരകളുടെ കരച്ചിലും കേട്ടു
ഉണര്‍ന്നപ്പോള്‍ എങ്ങും ചോരയായിരുന്നു ബാബാ
കുതിരകളെ കാണാനില്ലായിരുന്നു
പുല്ലും പൂക്കളും പൂമ്പാറ്റകളും പോയ് മറഞ്ഞിരുന്നു

ഞാന്‍ ദാഹിച്ചു നിലവിളിച്ചു
അവരെനിക്ക് വെള്ളം തന്നില്ല
പകരം മറ്റൊരാള്‍ വന്നു
പിന്നെ വേറൊരാള്‍
മാമ എന്നെ വിളിക്കുന്നത് കേട്ടു
വായില്‍ അവര്‍ തുണികള്‍ തിരുകിയിരുന്നു
എനിക്ക് വിളി കേള്‍ക്കാനായില്ല
ഹറാം പിറന്നവള്‍ എന്നമറി
അവരെന്നെ
കൊമ്പുകള്‍ കൊണ്ട് അറുത്ത് മുറിക്കുകയും
കുളമ്പുകള്‍ കൊണ്ട് ചവിട്ടുകയും ചെയ്യുമ്പോള്‍
ഞാന്‍ ബാബയെ ഓര്‍ത്തു
നമ്മുടെ മതം എന്താണു ബാബാ….

എനിക്കൊരു പുതിയ
ഉടുപ്പു വേണം ബാബാ
നമുക്ക് എവിടെയെങ്കിലും പോകാം
ഈ ചുമരുകള്‍ പോലും
രക്തം രക്തമെന്ന് 
പിറുപിറുക്കുന്നത് ഞാന്‍ കേട്ടു
ഇത് നമ്മുടെ നാടല്ല ബാബാ
നാമുയര്‍ത്താറുള്ള കൊടിയുടെ ചുവപ്പ് 
പെണ്‍കുഞ്ഞുങ്ങളുടെ ചോരയുടേതാണ്
പച്ച
നമുക്ക് പ്രവേശനമില്ലാത്ത
പുല്‍മേടുകളുടേതും
വെള്ള
നാം കണ്ടിട്ടില്ലാത്ത പുലരിയുടേതും
ചക്രം
നമ്മെ ദിവസവും 
തുണ്ടു തുണ്ടായി അരിയുന്നതും

പോകൂ ബാബാ
നമ്മുടെ പ്രിയപ്പെട്ട കുതിരകളെയും കൊണ്ട്
ഉമ്മായെയും കൊണ്ട്
മനുഷ്യര്‍ക്ക് കണ്ണീരുള്ളിടത്ത്
പൂക്കള്‍ക്ക് ദംഷ്ട്രകള്‍ ഇല്ലാത്തിടത്ത്
തുമ്പികള്‍ 
അലഞ്ഞു തിരിയുന്നവരുടെ പാവം ചോരയ്ക്ക്
ദാഹിക്കാത്തിടത്ത്
കൊടികള്‍ നാട്ടാന്‍ പിശാചുക്കള്‍
കുഞ്ഞുടലുകള്‍ തേടാത്തിടത്ത്
അതിര്‍ത്തികളേ ഇല്ലാത്തിടത്ത്
അപ്പോള്‍ ഞാന്‍ ചോര തുടച്ചു കളഞ്ഞ് 
എന്റെ പഴയ ചിരിയുമായി 
തിരിച്ചുവരും
കുതിരക്കുട്ടികളോടൊത്ത് തുള്ളിച്ചാടും
എല്ലാം തിരിച്ചുവരും
കാടുകള്‍
അരുവികള്‍
പക്ഷികള്‍
എല്ലാം

 

Leave a Reply

Your email address will not be published. Required fields are marked *