നോമ്പിലൂടെ സ്വര്‍ഗീയ സാക്ഷാത്കാരങ്ങളിലേക്ക്

‘സ്വര്‍ഗത്തിന് എട്ടു കവാടങ്ങളുണ്ട്. അതില്‍ ഒന്നിന്റെ പേരാണ് റയ്യാന്‍ (ദാഹശമനി).
നോമ്പുകാരല്ലാതെയാരും അതിലൂടെ പ്രവേശിക്കുകയില്ല. അവര്‍ കടന്നുകഴിഞ്ഞാല്‍ ആ വാതില്‍ അടക്കും. പിന്നെയാരും തന്നെ അതിലൂടെ കടക്കുകയില്ല.’

ബുഖാരിയും മുസ്‌ലിമും അടക്കമുള്ള ഹദീഥ് ഗ്രന്ഥങ്ങള്‍ സഹല്‍ ബ്‌നു സഅദില്‍ നിന്നും നിവേദനം ചെയ്ത ഈ നബിവചനം വ്രതമനുഷ്ഠിക്കുന്നവര്‍ക്ക് നല്‍കുന്ന പ്രതീക്ഷയും സംതൃപ്തിയും വളരെ വലുതാണ്. താന്‍ തൃപ്
തിപ്പെട്ടവര്‍ക്ക് അല്ലാഹു നല്‍കുന്ന സമ്മാനമായ സ്വര്‍ഗത്തിന് അര്‍ഹരാകുവാന്‍ തക്കതായ കര്‍മമാണല്ലോ തങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത് എന്ന സംതൃപ്
തി. റയ്യാന്‍ വാതിലിലൂടെ വിളിക്കപ്പെടുന്നവരില്‍ തങ്ങളും ഉള്‍പ്പെടുമല്ലോ എന്ന പ്രതീക്ഷ. പടച്ചുപരിപാലിക്കുന്നവന്റെ സംതൃപ്തിക്കുവേണ്ടി സ്വന്തം ജീവിതത്തെ സമര്‍പ്പിച്ചവര്‍ക്ക് അവന്‍ നല്‍കുന്ന സ്വര്‍ഗത്തെക്കുറിച്ച സന്തോഷവാര്‍ത്തകള്‍ ഉള്‍ക്കൊള്ളുന്ന ക്വുര്‍ആന്‍-ഹദീഥ് വചനങ്ങള്‍ വിശ്വാസികളുടെ മനസ്സിലുണ്ടാക്കുന്നത് അത് നേടിയെടുക്കുവാനുള്ള ആഗ്രഹമാണ്. സര്‍വശക്തന്റെ സംതൃപ്തിക്ക് പാത്രമാകണമെങ്കില്‍ ശരീരവും മനസ്സും ആത്മാവുമെല്ലാം വിമലീകൃതമാകേണ്ടതുണ്ട്. അങ്ങനെ വിമലീകരിക്കുന്നതിനുള്ള ത്യാഗപൂ
ര്‍ണമായ സാധനകളില്‍ ഒന്നാണ് വ്രതാനുഷ്ഠാനം. ‘വ്രതം എനിക്കുള്ളതാണ്; ഞാനാണ് അതിന് കൂലി കൊടുക്കുക’ എന്ന അല്ലാഹുവിന്റെ വചനം നോമ്പുകാരനില്‍ ഉണ്ടാക്കുന്നത് അനിര്‍വചനീയമായ ആത്മസംതൃപ്തിയാണ്. പരമകാരുണികന്റെ ദാസ്യത്തിലൂടെ സ്വജീവിതത്തിന്റെ അര്‍ത്ഥം കണ്ടെത്തുന്നവര്‍ക്ക് അവന്‍ നല്‍കുന്ന കൂലിയെക്കാള്‍ വിലയേറിയ യാതൊന്നുമില്ല. സ്വര്‍ഗമാണ് അവന്‍ നല്‍കുന്ന കൂലിയെന്നറിയാവുന്നവര്‍ക്ക് അത് നേടിയെടുക്കാനായുള്ള ത്യാഗപരിശ്രമങ്ങളെല്ലാം അനുഭൂതിയുണ്ടാക്കുന്നതാണ്. രാജാധിരാജന്റെ സമ്മാനമായ സ്വര്‍ഗത്തിലേക്ക് വിളിക്കപ്പെടുന്നതിനേക്കാള്‍ ആനന്ദകരമായ മറ്റ് എന്തു അനുഭൂതിയാണുള്ളത്! പ്രസ്തുത അനുഭൂതി ആസ്വദിക്കുന്നതിനായാണല്ലോ വിശ്വാസികളുടെ ജീവിതം മുഴുവന്‍ അവന്‍ പരുവപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. അതിന് അല്ലാഹു നമ്മെയെല്ലാം അനുഗ്രഹിക്കട്ടെ, ആമീന്‍.
മനസ്സിനും ശരീരത്തിനും ആത്മാവിനുമെല്ലാം കളങ്കമില്ലാത്ത സമ്പൂര്‍ണ സംതൃപ്തി പ്രധാനം ചെയ്യുന്ന അല്ലാഹുവിന്റെ സമ്മാനമായാണ് സ്വര്‍ഗത്തെ ക്വുര്‍ആനും ഹദീഥും പരിചയപ്പെടുത്തുന്നത്. മനസംതൃപ്തിക്ക് സമാധാനവും ശരീരസംതൃപ്തിക്ക് ആസ്വാദനവും ആത്മസംതൃപ്തിക്ക് ദൈവസാമീപ്യവുമാണ് ആവശ്യം. പൂര്‍ണമായ അര്‍ത്ഥത്തില്‍ ഇവ മൂന്നും ലഭിക്കുന്ന ഇടമാണ് ക്വുര്‍ആനും ഹദീഥുകളും വരച്ചുകാണിക്കുന്ന സ്വര്‍ഗം. പരസ്പരബന്ധിതമായ ഈ മൂന്നുതരം സംതൃപ്തികളെയും ഒരേപോലെ പരിഗണിക്കുന്നുവെന്ന വസ്തുത അറിയാതെ ക്വുര്‍ആനിലെ സ്വര്‍ഗത്തെ കളിയാക്കുന്നവര്‍ ആനയെ കാണാന്‍ ചെന്ന അന്ധന്‍മാരില്‍ ഒരുവന്റെ റോളാണ് ആടിത്തിമിര്‍ക്കുന്നത്. ജീവിതനിഷേധമാണ് ദൈവത്തിലെത്താനുള്ള മാര്‍ഗമെന്ന് കരുതുന്നവര്‍ക്കും ദൈവം തന്നെ മിഥ്യയാണെന്നു വിചാരിക്കുന്നവര്‍ക്കും എല്ലാം ദൈവമാണെന്നു വിശ്വസിക്കുന്നവര്‍ക്കുമെല്ലാം ഇസ്‌ലാം വരച്ചുകാണിക്കുന്ന സ്വര്‍ഗം ഒരേപോലെ അപഹാസ്യമായി തോന്നുന്നത് അവരൊന്നും തന്നെ മനുഷ്യാസ്തിത്വത്തിന്റെ സമഗ്രതയെ വേണ്ടവിധം മനസ്സിലാക്കാത്തതുകൊണ്ടാണ്. മനസ്സും ശരീരവും ആത്മാവും ചേര്‍ന്നതാണ് മനുഷ്യനെങ്കില്‍, അവ മൂന്നിനെയും സര്‍വശക്തന്റെ തൃപ്തിക്കുവേണ്ടി സമര്‍പ്പിക്കണമെന്നാണ് അവന്‍ മനുഷ്യനോട് ആവശ്യപ്പെടുന്നതെങ്കില്‍, അങ്ങനെ സമര്‍പ്പിക്കുകവഴി അല്ലാഹുവിന്റെ തൃപ്
തിക്ക് പാത്രമായവര്‍ക്ക് അല്ലാഹു നല്‍കുന്ന സ്വര്‍ഗത്തില്‍ അവ മൂന്നിനെയും തൃ
പ്തിപ്പെടുത്താനുതകുന്നതെല്ലാം ഉണ്ടാകണമെന്നതാണ് ബുദ്ധിയുടെ വിധി. പ്രസ്തുത വിധിയെ പൂര്‍ണമായും പരിഗണിക്കുന്നതാണ് ക്വുര്‍ആനും ഹദീഥും വരച്ചുകാണിക്കുന്ന സ്വര്‍ഗസങ്കല്‍പം.
മരണാനന്തര ജീവിതത്തിലേക്കുള്ള കവാടമായ മരണം മുതല്‍ തന്നെ സമാധാനം അനുഭവിച്ചുകൊണ്ടാണ് നന്മയുള്‍ക്കൊള്ളുന്നവര്‍ ഈ ലോകം വിട്ടുപോകുന്നതെന്നാണ് ക്വുര്‍ആന്‍ പഠിപ്പിക്കുന്നത്. ശാന്തിയിലേക്ക് സ്വാഗതമോതിക്കൊണ്ട് എത്തുന്ന മലക്കുകള്‍ക്ക് അവനെ സമര്‍പ്പിക്കുമ്പോഴുണ്ടാകുന്ന ആനന്ദാതിരേകം സദ്‌വൃത്തര്‍ക്കുള്ള സ്വര്‍ഗപ്രവേശത്തിന്റെ ആദ്യപടിയാണ്.
”അതായത്, നല്ലവരായിരിക്കെ മലക്കുകള്‍ ഏതൊരു കൂട്ടരുടെ ജീവിതം അവസാനിപ്പിക്കുന്നുവോ അവര്‍ക്ക്. അവര്‍ (മലക്കുകള്‍) പറയും: നിങ്ങള്‍ക്ക് സമാധാനം. നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിന്റെ ഫലമായി നിങ്ങള്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ച് കൊള്ളുക.” (16:32)
”ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണെന്ന് പറയുകയും, പിന്നീട് നേരാംവണ്ണം നിലകൊള്ളുകയും ചെയ്തിട്ടുള്ളവരാരോ അവരുടെ അടുക്കല്‍ മലക്കുകള്‍ ഇറങ്ങിവന്നുകൊണ്ട് ഇപ്രകാരം പറയുന്നതാണ്: നിങ്ങള്‍ ഭയപ്പെടുകയോ ദുഃഖിക്കുകയോ വേണ്ട നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കപ്പെട്ടിരുന്ന സ്വര്‍ഗത്തെപ്പറ്റി നിങ്ങള്‍ സന്തോഷമടഞ്ഞ് കൊള്ളുക.” (41:30)
ജീവിതസമര്‍പ്പണത്തിന്റെ പാതയില്‍ സ്വയം തൃപ്തരാവുകയും അല്ലാഹുവിന്റെ തൃപ്തിക്ക് പാത്രമാവുകയും ചെയ്ത തന്റെ വിനീതരായ ദാസന്‍മാരെ അവന്‍ തന്നെ സ്വര്‍ഗത്തിലേക്കു സ്വാഗതം ചെയ്യുമ്പോഴുണ്ടാകുന്നതിനേക്കാള്‍ വലിയ സമാധാനമെന്താണ്! ‘വിനീതരായ എന്റെ ദാസന്‍മാരേ…..’യെന്ന അല്ലാഹുവിന്റെ അഭിസംബോധന കേള്‍ക്കുവാന്‍ കഴിയുന്നതിനേക്കാള്‍ വലിയ സാക്ഷാത്കാരമെന്താണ്’. പ്രസ്തുത സമാധാനവും സാക്ഷാത്കാരവും അനുഭവിച്ചുകൊണ്ടാണ് ഒരാള്‍ സ്വര്‍ഗത്തിലേക്ക് ആനയിക്കപ്പെടുന്നതെന്നാണ് ക്വുര്‍ആന്‍ നല്‍കുന്ന സൂചന. ”ഹേ; സമാധാനമടഞ്ഞ ആത്മാവേ, നീ നിന്റെ രക്ഷിതാവിങ്കലേക്ക് തൃപ്തിപ്പെട്ടുകൊണ്ടും, തൃപ്
തി ലഭിച്ചു കൊണ്ടും മടങ്ങിക്കൊള്ളുക. എന്നിട്ട് എന്റെ അടിയാന്‍മാരുടെ കൂട്ടത്തില്‍ പ്രവേശിച്ചു കൊള്ളുക. എന്റെ സ്വര്‍ഗത്തില്‍ പ്രവേശിച്ചു കൊള്ളുക.” (89:27-30)
സ്വര്‍ഗ ജീവിതത്തിലാകട്ടെ സമ്പൂര്‍ണ സമാധാനത്തിന്റെ അഭിവാദനങ്ങളുമായി മലക്കുകള്‍ സദാസമയം വിശ്വാസികളെ അഭിമുഖീകരിച്ചുകൊണ്ടിരിക്കും. ”തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ചു ജീവിച്ചവര്‍ സ്വര്‍ഗത്തിലേക്ക് കൂട്ടംകൂട്ടമായി നയിക്കപ്പെടും. അങ്ങനെ അതിന്റെ കവാടങ്ങള്‍ തൂറന്ന് വെക്കപ്പെട്ട നിലയില്‍ അവര്‍ അതിന്നടുത്ത് വരുമ്പോള്‍ അവരോട് അതിന്റെ കാവല്‍ക്കാര്‍ പറയും: നിങ്ങള്‍ക്ക് സമാധാനം. നിങ്ങള്‍ സംശുദ്ധരായിരിക്കുന്നു. അതിനാല്‍ നിത്യവാസികളെന്ന നിലയില്‍ നിങ്ങള്‍ അതില്‍ പ്രവേശിച്ചു കൊള്ളുക.” (39:73). ”വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ പ്രവേശിപ്പിക്കപ്പെടുന്നതാണ്. അവരുടെ രക്ഷിതാവിന്റെ അനുമതിപ്രകാരം അവരതില്‍ നിത്യവാസികളായിരിക്കും. അവര്‍ക്ക് അവിടെയുള്ള അഭിവാദ്യം സലാം ആയിരിക്കും.” (14:23). ”അതായത്, സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകള്‍. അവരും, അവരുടെ പിതാക്കളില്‍ നിന്നും, ഇണകളില്‍ നിന്നും സന്തതികളില്‍ നിന്നും സദ്‌വൃത്തരായിട്ടുള്ളവരും അതില്‍ പ്രവേശിക്കുന്നതാണ്. മലക്കുകള്‍ എല്ലാ വാതിലിലൂടെയും അവരുടെ അടുക്കല്‍ കടന്നുവന്നിട്ട് പറയും: നിങ്ങള്‍ ക്ഷമ കൈക്കൊണ്ടതിനാല്‍ നിങ്ങള്‍ക്ക് സമാധാനം! അപ്പോള്‍ ലോകത്തിന്റെ പര്യവസാനം എത്ര നല്ലത്!” (13:23,24).
സ്വര്‍ഗത്തെക്കുറിച്ച സന്തോഷ വര്‍ത്തമാനങ്ങളില്‍ വ്യാപകമായി കാണുന്നതാണ് ‘അവര്‍ ദുഃഖിക്കേണ്ടി വരികയില്ല; ഭയപ്പെടേണ്ടതുമില്ല’യെന്ന്. കഴിഞ്ഞു പോ
യതിനെക്കുറിച്ച നിരാശയില്‍ നിന്നുണ്ടാകുന്ന ദുഃഖവും വരാനുള്ളതിനെക്കുറിച്ച ആവലാതിയില്‍ നിന്നുണ്ടാകുന്ന ഭയവും സ്വര്‍ഗത്തിലില്ലെന്നു പറയുമ്പോള്‍ അവിടെ സമ്പൂര്‍ണമായ സമാധാനമാണെന്നാണ് അര്‍ത്ഥം. കഴിഞ്ഞുപോയതില്‍ നിന്നുണ്ടാകുന്ന നിരാശയാലുള്ള ദുഃഖവും വരാനിരിക്കുന്നത് ആലോചിച്ചുകൊണ്ടുള്ള ഭയവുമാണ് മനുഷ്യമനസ്സിന്റെ ശാന്തി മുഴുവന്‍ നശിപ്പിക്കുകയും മനഃസംഘര്‍ങ്ങള്‍ ഉണ്ടാക്കുകയും മനോരോഗം വരെ എത്തിക്കുകയും ചെയ്യുന്ന ഭൗമവികാരങ്ങളെന്ന് മനഃശാസ്ത്രം പറഞ്ഞുതരുന്നു. ഈ രണ്ടു വികാരങ്ങളുമില്ലാത്ത സ്വര്‍ഗത്തില്‍ വിശ്വാസികള്‍ അനുഭവിക്കുന്ന മനഃശാന്തി വിവരണാതീതമായിരിക്കും. പ്രസ്തുത മനഃശാന്തിയാണ് സ്വര്‍ഗത്തില്‍ ലഭിക്കുന്ന സംതൃപ്തിയുടെ ഒന്നാമത്തെ തലം. മനസ്സിനെയും ശരീരത്തെയും ആസ്വദിപ്പിക്കുകയും അങ്ങനെ സംതൃപ്തിയുടെ കൊടുമുടിയിലേക്കു കൊണ്ടുപോവുകയും ചെയ്യുന്ന എല്ലാ ഭൗതികാസ്വാദനങ്ങളും സ്വര്‍ഗത്തിലുണ്ടെന്ന് ക്വുര്‍ആന്‍ പറയുമ്പോള്‍ അത് മനുഷ്യാസ്തിത്വത്തിന്റെ പൂര്‍ണതയെ പരിഗണിക്കുകയാണ് ചെയ്യുന്നത്. സ്വര്‍ഗത്തില്‍ കാഴ്ചക്കും ആസ്വാദനത്തിനും പറ്റുന്ന കളങ്കരഹിതമായ വിഭവങ്ങളെക്കുറിച്ച വിവരണങ്ങള്‍ ഭൂമിയിലെ നശ്വരമായ ആസ്വാദനങ്ങളെ അല്ലാഹുവിന്റെ തൃപ്തിക്കുവേണ്ടി വേണ്ടെന്നു വെക്കുവാന്‍ വിശ്വാസികള്‍ക്ക് പ്രചോദനം നല്‍കുന്നവയാണ്.
”(സത്യവിശ്വാസത്തിലും സല്‍പ്രവൃത്തികളിലും) മുന്നേറിയവര്‍ (പരലോകത്തും) മുന്നോക്കക്കാര്‍ തന്നെ. അവരാകുന്നു സാമീപ്യം നല്‍കപ്പെട്ടവര്‍. സുഖാനുഭൂതികളുടെ സ്വര്‍ഗത്തോപ്പുകളില്‍. പൂര്‍വ്വികന്‍മാരില്‍ നിന്ന് ഒരു വിഭാഗവും പില്‍ക്കാലക്കാരില്‍ നിന്ന് കുറച്ചു പേരുമത്രെ ഇവര്‍. സ്വര്‍ണനൂലുകൊണ്ട് മെടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളില്‍ ആയിരിക്കും. അവര്‍. അവയില്‍ അവര്‍ പരസ്പരം അഭിമുഖമായി ചാരിയിരിക്കുന്നവരായിരിക്കും. നിത്യജീവിതം നല്‍കപ്പെട്ട ബാലന്‍മാര്‍ അവരുടെ ഇടയില്‍ ചുറ്റി നടക്കും. കോപ്പകളും കൂജകളും ശുദ്ധമായ ഉറവു ജലം നിറച്ച പാനപാ
ത്രവും കൊണ്ട്. അതു (കുടിക്കുക) മൂലം അവര്‍ക്ക് തലവേദനയുണ്ടാവുകയോ, ലഹരി ബാധിക്കുകയോ ഇല്ല. അവര്‍ ഇഷ്ടപ്പെട്ടു തെരഞ്ഞെടുക്കുന്ന തരത്തില്‍ പെട്ട പഴവര്‍ഗങ്ങളും. അവര്‍ കൊതിക്കുന്ന തരത്തില്‍പെട്ട പക്ഷിമാംസവും കൊണ്ട് (അവര്‍ ചുറ്റി നടക്കും). വിശാലമായ നയനങ്ങളുള്ള വെളുത്ത തരുണികളും (അവര്‍ക്കുണ്ട്). (ചിപ്പികളില്‍) ഒളിച്ചു വെക്കപ്പെട്ട മുത്തുപോലെയുള്ളവര്‍, അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതിനുള്ള പ്രതിഫലമായികൊണ്ടാണ് (അതെല്ലാം നല്‍കപ്പെടുന്നത്).  അനാവശ്യവാക്കോ കുറ്റപ്പെടുത്തലോ അവര്‍ അവിടെ വെച്ച് കേള്‍ക്കുകയില്ല. സമാധാനം! സമാധാനം! എന്നുള്ള വാക്കല്ലാതെ. വലതുപക്ഷക്കാര്‍! എന്താണീ വലതുപക്ഷക്കാരുടെ അവസ്ഥ! മുള്ളില്ലാത്ത ഇലന്തമരം, അടുക്കടുക്കായി കുലകളുള്ള വാഴ, വിശാലമായ തണല്‍, സദാ ഒഴുക്കപ്പെട്ടു കൊണ്ടിരിക്കുന്ന വെള്ളം, ധാരാളം പഴവര്‍ഗങ്ങള്‍, നിലച്ചു പോ
വാത്തതും തടസ്സപ്പെട്ടുപോവാത്തതുമായ ഉയര്‍ന്നമെത്തകള്‍ എന്നീ സുഖാനുഭവങ്ങളിലായിരിക്കും അവര്‍. തീര്‍ച്ചയായും അവരെ (സ്വര്‍ഗസ്ത്രീകളെ) നാം ഒരു പ്രത്യേക പ്രകൃതിയോടെ സൃഷ്ടിച്ചുണ്ടാക്കിയിരിക്കുകയാണ്. അങ്ങനെ അവരെ നാം കന്യകമാരാക്കിയിരിക്കുന്നു. സ്‌നേഹവതികളും സമപ്രായക്കാരും ആക്കിയിരിക്കുന്നു. വലതുപക്ഷക്കാര്‍ക്ക് വേണ്ടിയത്രെ അത്. പൂ
ര്‍വ്വികന്‍മാരില്‍ നിന്ന് ഒരു വിഭാഗവും പി
ന്‍ഗാമികളില്‍ നിന്ന് ഒരു വിഭാഗവും ആയിരിക്കും അവര്‍.” (56:10-40)
ആസ്വാദനങ്ങളാല്‍ ശരീരവും സമാധാനത്താല്‍ മനസ്സും സംതൃപ്തമാവുന്ന വിശ്വാസിയുടെ മുന്‍പില്‍ അല്ലാഹുവിന്റെ പ്രത്യക്ഷീകരണമുണ്ടാവുന്നതോടെ അവര്‍ ആത്മീയമായ ഉല്‍ക്കര്‍ഷത്തിന്റെ കൊടുമുടില്‍ എത്തുകയായി. തന്റെ യജമാനനായ രാജാധിരാജനെ കണ്ണുകൊണ്ട് അനുഭവിച്ച് അവന്റെ സാമീപ്യത്തില്‍ ജീവിക്കുന്നതിനെക്കാള്‍ ആത്മീയോല്‍ക്കര്‍ഷം നല്‍കുന്ന അനുഭവം എന്താണ്! സ്വര്‍ഗത്തില്‍ ഉള്ളവര്‍ ആനന്ദത്തിന്റെ ഔന്നത്യത്തിലെത്തുന്ന അനുഭവമായാണ് ഹദീഥുകള്‍ ദൈവസാക്ഷാത്കാരത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.
”അബൂ ഹുറൈറ (റ) നിവേദനം: ഒരു വിഭാഗം ജനങ്ങള്‍ തിരുമേനി(സ)യോടു ചോദിച്ചു: അല്ലാഹുവിന്റെ പ്രവാചകരേ, പുനരുത്ഥാനദിവസം ഞങ്ങളുടെ രക്ഷിതാവിനെ ഞങ്ങള്‍ കാണുമോ? തിരുമേനി (സ) അരുളി: അല്‍പം പോലും മേഘമില്ലാത്ത ഒരു ദിവസം പൂര്‍ണചന്ദ്രനെ നിങ്ങള്‍ കണ്ടാല്‍ അതില്‍ നിങ്ങള്‍ക്കുവല്ല സംശയവും തോന്നുമോ? അല്ലാഹുവിന്റെ ദൂതരേ, ഇല്ല. ഞങ്ങള്‍ക്ക് സംശയം തോന്നുകയില്ലെന്ന് അവര്‍ ഉത്തരം പറഞ്ഞു. തിരുമേനി (സ) ചോദിച്ചു: ആകാശത്ത് അശേഷവും മേഘമില്ലാത്ത ദിവസം സൂര്യന്‍ ഉദിച്ചുകണ്ടാല്‍ അതില്‍ നിങ്ങള്‍ സംശയിക്കുമോ? ‘ദൈവദൂതരേ സംശയിക്കുകയില്ലാ’യെന്ന് അവര്‍ വീണ്ടും മറുപടി പറഞ്ഞു. അന്നേരം തിരുമേനി (സ) അരുളി: എന്നാല്‍ അത് ഏതുപ്രകാരമാണോ അതുപ്രകാരമാണ് അല്ലാഹുവിനെയും നിങ്ങള്‍ ദര്‍ശിക്കുക. പുനരുത്ഥാന ദിവസം മനുഷ്യര്‍ സമ്മേളിക്ക                  ും. അപ്പോള്‍ അല്ലാഹു പറയും: വല്ലവനും വല്ല വസ്തുവിനെയും ആരാധിച്ചുകൊണ്ട് ജീവിച്ചുപോന്നിട്ടുണ്ടെങ്കില്‍ അവന്‍ അതിന്റെ പിന്നാലെ പോയിക്കൊള്ളട്ടെ. സൂര്യനെ ആരാധിച്ചിരുന്നവര്‍ അതിനെ പിന്തുടരും; ചന്ദ്രനെ ആരാധിച്ചിരുന്നവര്‍ അതിനെ പിന്തുടരും; അല്ലാഹു അല്ലാത്തതിനെ ആരാധിച്ചിരുന്നവര്‍ അവയ്ക്ക് പി
ന്നില്‍ പോകും. അവസാനം ഈ മുസ്‌ലിം സമുദായം മാത്രം അവശേഷിക്കും. അവരില്‍ തന്നെ ചില കപട വിശ്വാസികള്‍ ഉണ്ടായിരിക്കും. എന്നിട്ട് അവര്‍ക്ക് ഗ്രഹിക്കാന്‍ കഴിയാത്ത രൂപത്തില്‍ അല്ലാഹു അവരുടെ അടുക്കല്‍ ചെല്ലും. എന്നിട്ട് ഞാനാണ് നിങ്ങളുടെ രക്ഷിതാവ് എന്ന് അവന്‍ പറയും. അപ്പോള്‍ അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവ് വരുംവരേക്കും ഞങ്ങള്‍ ഈ സ്ഥലത്തുതന്നെ നില്‍ക്കും. ഞങ്ങളുടെ രക്ഷിതാവ് വന്നുകഴിഞ്ഞാല്‍ അവനെ ഞങ്ങള്‍ക്ക് ഗ്രഹിക്കാന്‍ കഴിയും. അപ്പോള്‍ (അവര്‍ക്ക് ഗ്രഹിക്കാന്‍ കഴിയാവുന്ന രൂപത്തില്‍) അവരുടെ അടുക്കല്‍ അല്ലാഹു ചെല്ലും. എന്നിട്ട് അവന്‍ പറയും, ഞാനാണ് നിങ്ങളുടെ രക്ഷിതാവ്. അന്നേരം അവര്‍ പറയും: നീ തന്നെയാണ് ഞങ്ങളുടെ രക്ഷിതാവ്. അപ്പോള്‍ അവന്‍ അവരെ വിളിക്കും.” (സ്വഹീഹുല്‍ ബുഖാരി, ഹദീഥ്: 804)
യഥാരൂപത്തിലുള്ള നോമ്പുകാരന്‍ റയ്യാന്‍ കവാടത്തിലൂടെ കടക്കുകയും മൂന്നു തലങ്ങളിലുമുള്ള ആനന്ദപൂര്‍ണത അനുഭവിക്കുകയും ചെയ്യുമെന്നാണ് പ്രവാചകന്‍ (സ) പഠിപ്പിച്ചിരിക്കുന്നത്. ‘നോമ്പുകാരന് രണ്ടു സന്തോഷങ്ങളുണ്ട്. ഒന്ന്, തുറക്കുമ്പോഴുള്ള സന്തോഷം, രണ്ട്, അല്ലാഹുവിനെ കണ്ടുമുട്ടുമ്പോഴുള്ള സന്തോഷം.’
അല്ലാഹുവിനെ കണ്ടുമുട്ടുമ്പോള്‍ സന്തോഷിക്കുന്ന രൂപത്തില്‍ ആത്മിയോല്‍ക്കര്‍ഷത്തോടെ റമദാനിനെ സമ്പന്നമാക്കാന്‍ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ. (ആമീന്‍)

Leave a Reply

Your email address will not be published. Required fields are marked *