മതനിരാസമമെന്ന ചിന്താശൂന്യത

ചിതല്‍പുറ്റുകള്‍ എത്ര നിസാരമാണ്?! പക്ഷേ ഭദ്രമായ അനേകം അറകളോടുകൂടിയ അതിന് 25 അടി വരെ ഉയരമുണ്ടാകാറുണ്ട്. ചിതലിന്റെ വലുപ്പവും പുറ്റിന്റെ ഉയരവും താരതമ്യം ചെയ്ത് അതിനനുസൃതമായി മനുഷ്യന്‍ വീടുണ്ടാക്കുകയാണെങ്കില്‍ ചുരുങ്ങിയത് ആയിരം നിലകളുള്ള കെട്ടിടമെങ്കിലും നിര്‍മിക്കേണ്ടി വരും. സഞ്ചാരവേഗതയില്‍ പക്ഷികള്‍ മനുഷ്യനെ കടത്തിവെട്ടും. മണിക്കൂറില്‍ മുപ്പത് മുതല്‍ അറുപത് കിലോമീറ്റര്‍ വരെയാണ് അവയുടെ ശരാശരി വേഗതയെങ്കിലും മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗതയില്‍ പറക്കുന്ന പക്ഷികളുമുണ്ട്. അഞ്ഞൂറു കിലോഗ്രാമിലേറെ ഭാരം വഹിച്ചുകൊണ്ട് മണിക്കൂറില്‍ പതിമൂന്നു മുതല്‍ പതിനാറു കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാന്‍ മരുഭൂമിയിലെ ഒട്ടകത്തിനു സാധിക്കും. തവളക്ക് അതിന്റെ വലുപ്പത്തിന്റെ ഇരുപത് ഇരട്ടിയോളം ദൂരത്തേക്ക് ചാടാന്‍ കഴിയുമെങ്കില്‍ പുല്‍ചാടിക്ക് അതിന്റെ ഉടലിന്റെ ഇരുന്നൂറ്
മടങ്ങ് ദൂരത്തേക്ക് ചാടാന്‍ സാധിക്കും. തേനീച്ചയുടെ കൂട് അതിനിപുണനായ എഞ്ചിനീയറെപ്പോലും വെല്ലുംവിധമാണ്. കാഴ്ചശക്തിയുടെ കാര്യത്തില്‍ പൂച്ചയുടെയും ശ്രവണശക്തിയുടെ കാര്യത്തില്‍ നായയുടെയും ഘ്രാണശക്തിയുടെ കാര്യത്തില്‍ കഴുകന്റെയും അടുത്തുപോലുമെത്താന്‍ മനുഷ്യന് സാധിക്കുകയില്ല.
ശരീരവും ശാരീരിക കഴിവുകളും മനുഷ്യരെപ്പോലെ മറ്റു ജീവജാലങ്ങള്‍ക്കുമുണ്ട്. ഒരുവേള അവനേക്കാള്‍ കൂടുതല്‍ എന്ന് ബോധ്യപ്പെടുത്തുന്നവയാണ് മുകളിലെ ഉദാഹരണങ്ങള്‍. എന്നിട്ടും ഇതര ജീവജാലങ്ങളെക്കാള്‍ ഉന്നതനും വളര്‍ച്ചയുള്ളവനുമായി അവന്‍ ജീവിക്കുന്നു. ജന്മവാസനകളുടെ വൃത്തം വികസിപ്പിക്കാനുള്ള വിശേഷബുദ്ധിയാണ് മനുഷ്യനെ മറ്റുള്ളവയില്‍ നിന്ന് വേര്‍തിരിക്കുന്നത്. സഹസ്രാബ്ദങ്ങള്‍ക്കുമുമ്പ് ചിതലുകള്‍ പുറ്റുണ്ടാക്കിയതുപോലെത്തന്നെയാണ് ഇന്നും അവ പുറ്റുണ്ടാക്കുന്നത്. പക്ഷികളുടെ സഞ്ചാരവും ഒട്ടകങ്ങളുടെ ഭാരം വഹിക്കലും പുല്‍ച്ചാടിയുടെ ചാട്ടവും തേനീച്ചയുടെ കൂടുനിര്‍മാണവും തഥൈവ. എന്നാല്‍ നമ്മുടെ പൂര്‍വികര്‍ പച്ചിലകള്‍ മറച്ചുണ്ടാക്കിയ ചെറുകുടിലിലാണ് താമസിച്ചിരുന്നതെങ്കില്‍ നാമിപ്പോള്‍ സുന്ദരമായ സിമന്റ് സൗധങ്ങളിലാണ്. പക്ഷിയെപ്പോലെ പറക്കാന്‍ മനുഷ്യന് കഴിയില്ലെങ്കിലും അവയെക്കാള്‍ വേഗതയില്‍ പറക്കുന്ന ഉപകരണങ്ങള്‍ നാം കണ്ടുപിടിച്ചു. മത്സ്യങ്ങളെപ്പോലെ നീന്താന്‍ കഴിയില്ലെങ്കിലും ആഴിയുടെ അഗാധതകളിലേക്ക് സഞ്ചരിക്കുവാനുള്ള വാഹനങ്ങള്‍ നാം നിര്‍മിച്ചു. ഇതിനൊക്കെയും മനുഷ്യനെ സഹായിച്ചത് പഠിക്കാനും
പുതുക്കാനും കഴിവ് നല്‍കുന്ന വിശേഷബുദ്ധിയാണ്.
മനുഷ്യന്റെ ഏറ്റവും വലിയ സവിശേഷതയായ വിശേഷബുദ്ധിയെ അടിസ്ഥാനമാക്കി അവന്റെ ജീവിതത്തിന് രണ്ടു വശങ്ങള്‍ നല്‍കാം. ഒന്ന്, സ്വയം തീരുമാനിക്കാനും തെരഞ്ഞെടുക്കാനും
സ്വാതന്ത്ര്യവും സാധ്യതയുമില്ലാത്ത മേഖല. രണ്ട്, ഇവയ്ക്ക് രണ്ടിനും സ്വാതന്ത്ര്യവും സാധ്യതയുമുള്ള മേഖല. നമ്മുടെ കാലം, കോലം, ലിംഗം എന്നിവയെല്ലാം ഒന്നാമത്തേതിനുദാഹരണമാണ്. ഇവയിലൊന്നും കൈകടത്തുവാനോ മാറ്റം വരുത്തുവാനോ നമുക്ക് സാധ്യമല്ല. രണ്ടാമത്തേതിനുദാഹരണമാണ് നാമെങ്ങനെ ജീവിക്കണം, എന്ത് തിന്നണം, എന്ത് കുടിക്കണം, എന്ത് പറയണം, എന്ത് ചെയ്യണം എന്നിവ. ഇവ തീരുമാനിക്കുവാനുള്ള അവകാശങ്ങള്‍ നമുക്കേവര്‍ക്കുമുണ്ട്.
എന്നാല്‍ നമ്മുടെ സ്വാതന്ത്ര്യം നാം ഉപയോഗപ്പെടുത്തുമ്പോള്‍ അത് നമുക്കോ ചുറ്റുമുള്ളവര്‍ക്കോ ഉപദ്രവമാവാതിരിക്കും വിധമായിരിക്കണം. മനഃസംതൃപ്തി, മാനവികത എന്നീ വൃത്തങ്ങള്‍ക്കുള്ളില്‍ നിന്നാണ് നമ്മുടെ സ്വാതന്ത്ര്യം കറങ്ങേണ്ടത്. ഈ വൃത്തങ്ങള്‍ക്കപ്പുറത്തേക്ക് സഞ്ചരിച്ചപ്പോള്‍ അതിന്റെ തിക്തഫലങ്ങള്‍ പലപ്പോഴായി മനുഷ്യന് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. സദാചാര രംഗത്തെ സര്‍വസീമകളും ലംഘിച്ചപ്പോള്‍ അനുഭവിച്ച ലൈംഗികരോഗങ്ങളും സ്ത്രീ പീഡനങ്ങളും, സാമ്പത്തിക മേഖലയിലെ സ്വാര്‍ത്ഥത വ്യക്തികള്‍ക്കും രാഷ്ട്രങ്ങള്‍ക്കും നല്‍കിയ നഷ്ടങ്ങള്‍, പരിസ്ഥിതിയെ ചൂഷണം ചെയ്തപ്പോഴുണ്ടായ അപകടങ്ങള്‍…. അങ്ങനെ നീളുന്നു പട്ടിക.
എന്താണ് തീര്‍ത്തും ശരി, എന്താണ് തീര്‍ത്തും തെറ്റ് എന്ന് സ്വന്തം പഠനമനനങ്ങളിലൂടെ കണ്ടെത്താന്‍ ശ്രമിച്ചവരുണ്ടായിരുന്നു. എന്നാല്‍ അത്തരം ആശയങ്ങള്‍ അവയുടെ എതിരാളികള്‍ കണക്കുകൂട്ടിയ സമയം പോലും പി
ടിച്ചുനില്‍ക്കാന്‍ കഴിയാതെ ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ സ്ഥാനംപി
ടിച്ചു എന്നതാണ് സത്യം. അതോടൊപ്പം അനേകായിരങ്ങളുടെ ജീവനും സ്വത്തും ഹനിക്കുകയും ചെയ്തു.
പദാര്‍ത്ഥങ്ങളെ നിരീക്ഷിക്കുവാനും
അപഗ്രഥിക്കുവാനുമുള്ള കഴിവാണ് മനുഷ്യന്റെ ബുദ്ധിക്കുള്ളത്. പദാര്‍ത്ഥാതീതമായ കാര്യങ്ങള്‍ വ്യാഖ്യാനിക്കാന്‍ മനുഷ്യബുദ്ധിക്ക് സാധ്യമല്ല. ധര്‍മവും അധര്‍മവും പദാര്‍ത്ഥാതീതമായ അസ്തിത്വമുള്ള പരികല്‍പനകള്‍ ആണ്. അതുകൊണ്ട് തന്നെ ധര്‍മാധര്‍മങ്ങളെ സ്വന്തം ബുദ്ധികൊണ്ട് വ്യവഛേദിക്കാന്‍ ശ്രമിച്ചാല്‍ വലിയ അപകടത്തിലേക്കായിരിക്കും എത്തുക. അപ്പോള്‍ പദാര്‍ത്ഥാതീതമായ ഒരു ശക്തിയുടെ അഥവാ ദൈവത്തിന്റെ മാര്‍ഗനിര്‍ദേശങ്ങളാണ് ധര്‍മാധര്‍മങ്ങള്‍ തിരിച്ചറിയുവാനുള്ള നിദാനം.
ഒരു ചെറിയ ഇലക്‌ട്രോണിക് ഉപകരണം വാങ്ങുമ്പോള്‍ പോലും അതിന്റെ നിര്‍മാതാക്കളില്‍ നിന്ന് അവ എങ്ങനെ ഉപയോഗിക്കണം, എങ്ങനെ ഉപയോഗിക്കരുത് എന്നു വിവരിക്കുന്ന ക്യാറ്റ്‌ലോഗുകള്‍ ലഭിക്കുമെങ്കില്‍ അതിനെക്കാള്‍ വിലപി
ടിപ്പുള്ള നമ്മുടെ ജീവിതം എങ്ങനെയാവണം, എങ്ങനെയാവരുത് എന്നതിന് മനുഷ്യന്റെ സ്രഷ്ടാവിന്റെ പക്കല്‍നിന്നും കൃത്യമായ നിര്‍ദ്ദേശങ്ങള്‍ ആവശ്യമില്ലേ? ഇവിടെയാണ് മതത്തിന്റെയും പ്രവാചകന്‍മാരുടെയും പ്രസക്തി.
എന്താണ് ഈ ജീവിതത്തിന്റെ ലക്ഷ്യം, മരണത്തിനുശേഷം എന്താണ്, എങ്ങനെയാണ് ഇവിടെ ജീവിക്കേണ്ടത്, എന്താണ് നന്മ, നന്മയുടെയും തിന്മയുടെയും പരിണിതഫലമെന്ത് തുടങ്ങിയ കാര്യങ്ങള്‍ ദൈവത്തില്‍ നിന്ന് മനുഷ്യരിലെത്തിക്കാന്‍ സ്രഷ്ടാവ് വ്യത്യസ്ത കാലങ്ങളില്‍ നിരവധി പ്രവാചകന്‍മാരെ നിയോഗിച്ചിട്ടുണ്ട്. അതില്‍ അവസാനത്തെ കണ്ണിയാണ് മുഹമ്മദ് നബി (സ). മുഹമ്മദ് നബി(സ)യിലൂടെയാണ് ദൈവം മതത്തെ പരിപൂര്‍ണമാക്കിയത്. അദ്ദേഹത്തിലൂടെ മാനവര്‍ക്ക് മാര്‍ഗദീപമായി അവതരിപ്പിച്ച വേദഗ്രന്ഥമാണ് ക്വുര്‍ആന്‍. വിശുദ്ധ ക്വുര്‍ആനും പ്രവാചകന്റെ ജീവിതവും അനുധാവനം ചെയ്യുന്നവര്‍ക്ക് ഇരുലോകത്തും വിജയം കരസ്ഥമാക്കുവാന്‍ സാധിക്കും.
ജനിച്ചുപോയി എന്നതിന്റെ പേരില്‍ മതത്തെ ഒരാള്‍ക്കും അന്ധമായി സ്വീകരിക്കേണ്ടതില്ല. മറിച്ച് പരീക്ഷിച്ചു പരിശോധിച്ച് കൃത്യമായ ശരിയുടെ മാര്‍ഗമാണെങ്കില്‍ മാത്രം സ്വീകരിച്ചാല്‍ മതി. അങ്ങനെയുള്ള പഠനങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ക്വുര്‍ആന്‍ വളരെയധികം പ്രോത്സാഹനം നല്‍കുന്നുണ്ട്.
”തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും, രാപകലുകള്‍ മാറി മാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്. നിന്നുകൊണ്ടും ഇരുന്നു കൊണ്ടും കിടന്നു കൊണ്ടും അല്ലാഹുവെ ഓര്‍മിക്കുകയും, ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയെപറ്റി ചിന്തിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. (അവര്‍ പറയും:) ഞങ്ങളുടെ രക്ഷിതാവേ! നീ നിരര്‍ത്ഥകമായി സൃഷ്ടിച്ചതല്ല ഇത്. നീ എത്രയോ പരിശുദ്ധന്‍! അതിനാല്‍ നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കണേ.” (ക്വുര്‍ആന്‍ 3:190,191)
ഇസ്‌ലാം സര്‍വലോക സ്രഷ്ടാവിന്റെ മാര്‍ഗദര്‍ശനമാണെന്ന് വിശുദ്ധ ക്വുര്‍ആനും പ്രവാചകചര്യയും സൂക്ഷ്മമായി അപഗ്രഥിച്ചാല്‍ കൃത്യമായി മനസ്സിലാകും. ആയിരത്തിനാന്നൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തീര്‍ത്തും നിരക്ഷരനായ ഒരു മനുഷ്യന്റെ നാവിലൂടെ പുറത്തുവന്ന ഈ കാര്യങ്ങളില്‍ ഒരു പു
ഴുക്കുത്തും കണ്ടെത്താന്‍ സാധിച്ചിട്ടില്ല എന്നതുതന്നെ ഇതിനു തെളിവാണ്.
ധാര്‍മിക നിയമങ്ങളെ അംഗീകരിക്കാനുള്ള മടിയും അവയില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗവുമായിട്ടാണ് ദൈവനിരാസത്തെ പലരും സ്വീകരിക്കുന്നത്. പു
തിയകാലത്ത് ചുംബനസമരത്തിന്റെയും ഫ്‌ളാഷ് മോബിന്റെയും മധുരം പുരട്ടി ദൈവനിരാസം കേരളത്തിലെ കൗമാരക്കാരുടെ വായില്‍വെച്ചു കൊടുക്കുമ്പോള്‍ അത് ചൂഷണമാണെന്ന് ഇരുലോകത്തെയും വിജയത്തിന് വിഘാതം നില്‍ക്കുന്നതുമാണെന്ന് ബോധ്യപ്പെടാനും ബോധ്യപ്പെടുത്താനും സ്‌നേഹസംവാദം പോലുള്ള ആനുകാലികങ്ങള്‍ക്ക് സാധിക്കണം.