സംഘശിക്ഷവര്‍ഗിലെ പ്രണബ്: യെസ് ആന്‍ഡ് നോ

ആര്‍.എസ്.എസ് ആസ്ഥാനത്ത് ചെന്ന് പ്രണബ് കുമാര്‍ മുഖര്‍ജി എന്ത് പറയും എന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കിയത്.

‘ജനാധിപത്യം ഒരു സമ്മാനമല്ല, പവിത്രമായ കര്‍മമാണ്. മതേതരത്വം നമുക്ക് മതമാണ്. സഹിഷ്ണുതയാണ് ഇന്ത്യയുടെ ആത്മാവ്, എല്ലാത്തരം അക്രമങ്ങളും അവസാനിപ്പിക്കണം. ഇന്ത്യ ഹിന്ദുവും മുസ്‌ലിമും ക്രൈസ്തവനും ഉള്‍പ്പെടെ എല്ലാവിഭാഗങ്ങളുടേയും മണ്ണാണ്. രാജ്യസ്‌നേഹം ഭരണഘടനാധിഷ്ഠിതമാകണം’ അദ്ദേഹം പ്രഖ്യാപിച്ചു. വൈവിധ്യമാണ് ഇന്ത്യയുടെ ഐക്യത്തിന്റെ കാതലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മതവും പ്രാദേശികതയും വിദ്വേഷവും കൊണ്ടുള്ള നിര്‍വചനങ്ങള്‍ ദേശീയതയെ തകര്‍ക്കുമെന്ന് സര്‍സംഘ് ചാലക് മോഹന്‍ ഭഗവതിനെയടക്കം സാക്ഷി നിര്‍ത്തി പ്രണബ് പറഞ്ഞു.
സമുന്നതനായ കോണ്‍ഗ്രസ് നേതാവായിരിക്കെ ഇന്ത്യന്‍ പ്രസിഡന്റ് പദത്തിലേക്ക് അര്‍ഹതയോടെ ആനയിക്കപ്പെട്ട പരിണിതപ്രജ്ഞനായ രാഷ്ട്രീയക്കാരനാണ് പ്രണബ് മുഖര്‍ജി. പതിറ്റാണ്ടുകളുടെ പ്രവര്‍ത്തന പരിചയവും പാ
രമ്പര്യവും ‘പ്രണബ് ദാ’ യെ കക്ഷിവ്യത്യാസമില്ലാതെ ബഹുമാനിതനാക്കുന്നു. പ്രസിഡന്റ് പദവിക്കു ശേഷം കൊടുത്ത ആദ്യ അഭിമുഖത്തില്‍, പറഞ്ഞു മുഴുമിക്കുന്നതിന് മുന്‍പ് ചോദ്യം ചോദിച്ചുകൊണ്ടിരുന്ന രാജ്ദീപ് സര്‍ദേശായിയോട്, നിങ്ങള്‍ സംസാരിക്കുന്നത് മുന്‍ രാഷ്ട്രപതിയോടാണ്, അതുകൊണ്ട് വേണ്ട മര്യാദകള്‍ പ്രകടിപ്പിക്കുക എന്ന് താക്കീത് നല്‍കി പ്രണബ് താനിരുന്ന ഭരണഘടനാ പദവിയെ ഉയര്‍ത്തിപ്പിടിച്ചു. ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, സോണിയ ഗാന്ധി എന്നിവരോടൊപ്പം ഏറ്റവും അടുത്തുനിന്ന് വിശ്വസ്തതയോടെ പ്രവര്‍ത്തിച്ച അദ്ദേഹത്തെ കാര്യപ്രാപ്തിയും ചാണക്യബുദ്ധിയും എന്നും ഉന്നതങ്ങളില്‍ അനിവാര്യനാക്കി. അതുകൊïൊക്കെത്തന്നെ ആര്‍.എസ്.എസ് ആസ്ഥാനത്ത് പ്രണബ് മുഖര്‍ജി പോകുന്നത് രാജ്യത്തെ ജനാധിപത്യ മതേതര വിശ്വാസികള്‍ക്ക് അലോസരമുണ്ടാക്കി. പക്ഷെ അവിടെ പറഞ്ഞവാക്കുകള്‍ ആര്‍.എസ്.എസുകാര്‍ക്ക് തന്നെ ദഹിക്കാന്‍ കഴിയുന്നതല്ല. ദേശീയതയെക്കുറിച്ചും രാജ്യസ്‌നേഹത്തെക്കുറിച്ചും ബഹുത്വത്തെക്കുറിച്ചും ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും ഉദ്ധരണികള്‍ എടുത്തുകൊണ്ട് അദ്ദേഹം നാഗ്പൂരിനെ ഓര്‍മപ്പെടുത്തി. പാസിംഗ് ഔട്ട് പരേഡിനായി ഒരുങ്ങിനിന്ന സദസ്സിനെ തലക്കിട്ട് കൊട്ടിക്കൊണ്ട് പ്രണബ് മുഖര്‍ജി പറയാനുള്ളത് പറഞ്ഞു.
എന്നാല്‍ സന്ദര്‍ശക ഡയറിയില്‍, ആര്‍.എസ്.എസ് സ്ഥാപകനായ കേശവ ബലിറാം ഹെഡ്‌ഗേവാറിനെ ഇന്ത്യയുടെ മഹത്പു
ത്രനായി വിശേഷിപ്പിച്ച് കൊണ്ട് പ്രണബ് കുറിച്ചിട്ടത് എന്തര്‍ത്ഥത്തിലെന്ന് മനസിലാകുന്നില്ല!
ആര്‍.എസ്.എസിന്റെ സാംസ്‌കാരിക ദേശീയ വാദത്തിലൂടെ വെറുപ്പുല്‍പാദിപ്പിക്കുന്ന തത്വശാസ്ത്രത്തിന്റെ പിതാവാണ് ‘ഡോക്ടര്‍ജി’ എന്ന വിളിപ്പേരുള്ള ഹെഡ്‌ഗെവാര്‍. പൗരാണിക ഭാരതത്തെ വിഗ്രഹവല്‍ക്കരിക്കുകയും മധ്യകാല ഭാരതത്തെ തമസ്‌കരിക്കുകയും ചെയ്തുകൊണ്ടാണ് ഭിന്നിപ്പിന്റെയും വൈരത്തിന്റെയും വിഷബീജങ്ങള്‍ ഇന്ത്യന്‍ ധിഷണകളിലേക്ക് ബ്രിട്ടീഷുകാര്‍ കടത്തിവിട്ടത്. ഈ വിഷബീജങ്ങള്‍ പല രൂപത്തില്‍ ഇന്ത്യയില്‍ വളര്‍ന്നു വലുതായിട്ടുണ്ട്. അങ്ങനെ വളര്‍ന്നുവന്ന സംഘടനകളിലൊന്നാണ് രാഷ്ട്രീയ സ്വയം സേവക് സംഘ്. നന്‍മകളുടേത് മാത്രമായ ഒരു ഭൂതകാലം ഭാരതത്തിനുണ്ടായിരുന്നുവെന്നും അത് തകര്‍ത്തത് മുസ്‌ലിം അതിക്രമകാരികളാണെന്നും പ്രസ്തുത ഭൂതകാലത്തെ പു
നര്‍നിര്‍മിക്കുവാന്‍ അക്രമകാരികളുടെ പു
തിയ തലമുറയെ നിഷ്‌കാസനം ചെയ്യണമെന്നുമുള്ള പാഠങ്ങളാണ് സംഘത്തിന്റെ ഉല്‍പത്തിക്കുതന്നെ നിമിത്തമായത്. ജര്‍മനിയില്‍ ഹിറ്റ്‌ലറുടെ നേതൃത്വത്തില്‍ വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിച്ച സാംസ്‌കാരിക ദേശീയതയിലധിഷ്ഠിതമായ നാസി നാടിനെപ്പോലെയുള്ള ഒരു ഹിന്ദു രാഷ്ട്രമാണ് ആര്‍.എസ്.എസിന്റെ സ്വപ്‌നം. 1942 മെയ് എട്ടാം തിയതി നടന്ന ഒരു ആര്‍.എസ്.എസ് യോഗത്തില്‍ സ്ഥാപകനായ ഹെഡ്‌ഗെവാറില്‍ നിന്ന് ദേശീയതയെക്കുറിച്ച് പഠിച്ച സംഘത്തിന്റെ ഏറ്റവും വലിയ സൈദ്ധാന്തികാചാര്യനായ ഗുരുജി മാധവ സദാശിവ ഗോര്‍വാള്‍ക്കര്‍ ഇങ്ങനെ പറയുന്നതായി ചരിത്രകാരനായ ബിപന്‍ ചന്ദ്ര രേഖപ്പെടുത്തുന്നുണ്ട്. ഗോള്‍വാള്‍ക്കര്‍ പറഞ്ഞു: ‘ഈ സംഘമാരംഭിച്ചത് മുസ്‌ലിം അതിക്രമങ്ങളെ തടുക്കുവാന്‍ വേണ്ടി മാത്രമല്ല; പ്രസ്തുത രോഗത്തെ വേരോടെ പിഴുതെറിയുന്നതിനുവേണ്ടിയാണ്.
ഇതൊക്കെയാണ് ചരിത്രത്തില്‍ കാണാവുന്ന ഹെഡ്‌ഗെവാറിന്റെയും അനുയായികളുടെയും ‘മഹിത’ സംഭാവനകള്‍. അത്തരം വ്യക്തിത്വങ്ങളെ മഹത്വവത്ക്കരിക്കുന്നത് അവര്‍ പ്രചരിപ്പിച്ച വെറുപ്പിന്റെ തത്വശാസ്ത്രത്തിന് വളമാകും എന്നത് സുവിദിതമാണ്. അതിനാല്‍ പ്രണബ് മുഖര്‍ജിയുടെ അഭിപ്രാ
യം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകര്‍ക്ക് ബോധ്യപ്പെടുന്നതല്ല. എല്ലാ വൈവിധ്യത്തിലും ഇന്‍ഡ്യയെന്ന ഏകകത്തിന്റെ രാഷ്ട്രീയ പ്രതിനിധാനമാണ് കോണ്‍ഗ്രസ് പ്രസ്ഥാനം. ഗാന്ധിയും നെഹ്‌റുവും ആസാദും പട്ടേലുമൊക്കെ എല്ലാ വ്യത്യസ്തകളും നിലനിര്‍ത്തിക്കൊണ്ട് തന്നെ ഒരുമിച്ചുചേര്‍ന്ന് രാഷ്ട്രം കെട്ടിപ്പടുത്ത ചരിത്രമാണ് നമ്മുടേത്. മതാടിസ്ഥാനത്തില്‍ വിഭജനമുണ്ടായി ഒരു സ്വതന്ത്ര രാഷ്ട്രമായി പി
റന്നു വീഴുമ്പോഴും എല്ലാവരെയും ഉള്‍കൊണ്ട ഗതകാലമാണ് നമ്മുടേത്. ആര്‍.എസ്.എസിന്റെ ആചാര്യന്മാര്‍ക്ക്, ഭിന്നിപ്പിന്റെ വക്താക്കള്‍ക്ക് അതുകൊണ്ടുതന്നെ പ്രണബ് മുഖര്‍ജിയെപ്പോലുള്ള വ്യകതിത്വങ്ങള്‍ പിന്തുണ നല്‍കുന്നത് അംഗീകരിക്കാന്‍ കഴിയുന്നതല്ല.
മുന്‍ രാഷ്ട്രപതി പറഞ്ഞ ആഴമുള്ള വാക്കുകള്‍ക്ക് പിന്തുണ നല്‍കുകയും നൂറുവട്ടം ആവര്‍ത്തിക്കുകയും ചെയ്യുമ്പോഴും ഹെഡ്‌ഗെവാറിനെ സംബന്ധിച്ച വിശേഷണത്തോട് വലിയൊരു ‘ഡിസ്‌ലൈക്ക്’ നാടിന്റെയും ചരിത്രത്തിന്റെയും പേരില്‍ നല്‍കാന്‍ ആഗ്രഹിക്കുന്നു.