പ്രളയം, അനന്തരം

”എന്നാല്‍ അവര്‍ പിന്തിരിഞ്ഞ് കളഞ്ഞു. അപ്പോള്‍ അണക്കെട്ടില്‍ നിന്നുള്ള ജലപ്രവാഹത്തെ അവരുടെ നേരെ നാം അയച്ചു. അവരുടെ ആ രണ്ടു തോട്ടങ്ങള്‍ക്ക് പകരം കയ്പുള്ള കായ്കനികളും കാറ്റാടി മരവും, അല്‍പം ചില വാകമരങ്ങളും ഉള്ള രണ്ടു തോട്ടങ്ങള്‍ നാം അവര്‍ക്ക് നല്‍കുകയും ചെയ്തു. അവര്‍ നന്ദികേട് കാണിച്ചതിന് നാം അവര്‍ക്ക് പ്രതിഫലമായി നല്‍കിയതാണത്. കടുത്ത നന്ദികേട് കാണിക്കുന്നവന്റെ നേരെയല്ലാതെ നാം ശിക്ഷാനടപടി എടുക്കുമോ?”
(വിശുദ്ധ ക്വുര്‍ആന്‍ 34:16, 17)

ചരിത്രപ്രസിദ്ധമായ ഒരു സംഭവത്തെപ്പറ്റിയാണ് ഈ സൂക്തങ്ങള്‍ പരമാര്‍ശിക്കുന്നത്. അറേബ്യാ ഉപദ്വീപിന്റെ തെക്കുഭാഗത്തായി സമുദ്രതീരത്തു സ്ഥിതിചെയ്യുന്ന ഒരു രാജ്യമാണ് യമന്‍. പടിഞ്ഞാറുഭാഗത്ത് ചെങ്കടലും തെക്കുഭാഗത്ത് അറബിക്കടലും സ്ഥിതി ചെയ്യുന്ന യമനെ ദീര്‍ഘകാലം ഭരിച്ചിരുന്നത് ‘ക്വഹ്ത്വാനി’ വംശമായിരുന്നു. വംശപി
താവായ ക്വഹ്ത്വാന്റെ പൗത്രനായിരുന്ന സബഅ്‌ന്റെ ഭരണശേഷം വംശപരമ്പര ‘സബഅ്’ ഗോത്രം എന്നറിയപ്പെട്ടു. മാറിമാറി പല രാജവംശങ്ങളും അവിടെ ഭരണം നടത്തിയിരുന്നു. ചില രാജാക്കന്‍മാരുടെ ഭരണകാലത്ത് രാജ്യത്തിന്റെ അതിരും പ്രശസ്തിയും വികസിച്ചുവന്നു. കാര്‍ഷികവൃത്തിയായിരുന്ന രാജ്യത്തിന്റെ ഏറ്റവും വലിയ ജീവിതാലംബം. ആ പ്രദേശത്തിനാകട്ടെ മഴവെള്ളം ഭൂമിയില്‍ അധികം തങ്ങി നില്‍ക്കാത്ത പ്രകൃതമായിരുന്നു. അതിനാല്‍ അവിടെ പുഴകളോ കിണറുകളോ ഒന്നും ഉണ്ടായിരുന്നില്ല. താഴ്‌വരകളില്‍ കൂടി ഒഴുകിയെത്തുന്ന വെള്ളം അവിടവിടങ്ങളില്‍ തടഞ്ഞു കെട്ടിനിര്‍ത്തിയാണ് അവിടുത്തുകാര്‍ ഉപോയോഗിച്ചിരുന്നത്. പക്ഷേ അധികം താമസിയാതെ അവ വറ്റിപ്പോകുന്നതുകൊണ്ട് ജലക്ഷാമവും വിളനാശവും അവര്‍ക്ക് സാധാരണമായിരുന്നു. ചിലപ്പോഴെല്ലാം അതിവര്‍ഷവും അവരെ വേട്ടയാടിയിരുന്നു. ഇതിനൊരു പരിഹാരം എന്ന നിലയില്‍ ഏതോ ഒരു ഭരണകര്‍ത്താവിന്റെ കാലത്ത് ഏറെക്കുറെ 150 അടി ഉയരവും 800 അടിയോളം നീളവും വരുന്ന ഒരു അണകെട്ട് അവിടെ നിര്‍മിക്കപ്പെട്ടു. തന്നിമിത്തം ഫലസമൃദ്ധവും, ജനങ്ങള്‍ക്ക് ക്ഷേമൈശ്വര്യത്തോടെ ജീവിക്കുവാന്‍ മതിയായതുമായ രണ്ടു വമ്പിച്ച തോട്ടങ്ങള്‍ ആ നാട്ടിലുണ്ടായി. അതിസമൃദ്ധവും വിശാലവും വിവിധ ഉല്‍പന്നങ്ങളടങ്ങിയതുമായ, അണക്കെട്ടിന്റെ രണ്ടുവശങ്ങളിലായി സ്ഥിതിചെയ്യുന്ന ആ രണ്ട് വമ്പന്‍ തോട്ടങ്ങളായിരുന്നു രാജ്യത്തിന്റെ ഏക ജീവിതാലംബം. രാജ്യത്തെ ഒരു സമ്പല്‍സമൃദ്ധമായ സുഖവാസസ്ഥലമാക്കി മാറ്റുവാന്‍ സബഅ് ഗോത്രം ആ അണകെട്ടുകളെ പ്രയോജനപ്പെടുത്തി.
സമ്പല്‍സമൃദ്ധി മനുഷ്യരെ പൊതുവെ രണ്ടില്‍ ഒരു തരക്കാരാക്കി മാറ്റുകയാണ് പതിവ്. ഒന്ന്; ലഭിക്കപ്പെട്ട അനുഗ്രഹങ്ങളിലും ഐശ്വര്യങ്ങളിലും മതിമറക്കാതെ വിനയാന്വി
തരായി ജീവിക്കുവാന്‍ അവരെ പ്രാപ്തരാക്കും. ദൈവത്തിന്റെ നന്ദിയുള്ള ദാസന്‍മാരായി അത്തരമാളുകള്‍ ജീവിക്കും. രണ്ട്; അനുഗ്രഹങ്ങളിലും ഐശ്വര്യങ്ങളിലും ഉന്മത്തരായി ജീവിക്കും. സകല അതിര്‍വരമ്പുകളും അവര്‍ മുറിച്ചുകടക്കും. തിന്മകളിലും നീചവൃത്തികളിലും അത്തരക്കാര്‍ ഉല്ലസിക്കും. ദൈവത്തെയും ധര്‍മത്തെയും അവര്‍ വിസ്മരിക്കും. നന്ദികേടിന്റെ പര്യായങ്ങളായിരിക്കും അവര്‍. സബഅ് ഗോത്രവും അത്തരത്തിലേക്ക് അധഃപതിക്കുകയാണുണ്ടായത്. ദൈവധിക്കാരവും ധര്‍മവിരുദ്ധതയും അവരുടെ സ്വഭാവമായിത്തീര്‍ന്നു. പ്രവാചകന്‍മാരുടെ ഉദ്‌ബോധ നവും ഉപദേശങ്ങളും അവര്‍ ചെവികൊണ്ടില്ല. അഹങ്കാരവും ദുര്‍നടപ്പും അവരുടെ പ്രകൃതിയായി മാറി. തന്നിമിത്തം അവര്‍ ദൈവികശിക്ഷക്ക് പാത്രമായി. അവരുടെ അണകെട്ടുകള്‍ പൊട്ടിത്തകര്‍ന്നു. വമ്പിച്ച ജലപ്രവാഹം അവരുടെ തോട്ടങ്ങളെയും പാര്‍പ്പിടങ്ങളെയും സമ്പാദ്യങ്ങളെയുമെല്ലാം നാമാവശേഷമാക്കി. നാട് നാശമടയുകയും ഉപജീവന മാര്‍ഗം നഷ്ടപ്പെടുകയും ചെയ്തു. ജനങ്ങള്‍ അവിടവിടങ്ങളില്‍ ചിന്നിച്ചിതറി. ഫലസമൃദ്ധമായ അവരുടെ തോട്ടങ്ങള്‍ക്കുപകരം പിന്നീടവിടെ ഉണ്ടായത് ഉപയോഗശൂന്യവും ഉപജീവനയോഗ്യവുമല്ലാത്ത വൃക്ഷങ്ങളും ചെടികളും മാത്രമായിരുന്നു. ദൈവധിക്കാരത്തിന്റെയും ധര്‍മവിരുദ്ധതയുടെയും ശമ്പളം അവര്‍ കൈപ്പറ്റേണ്ടി വന്നു. ആ ശിക്ഷയെ വിശുദ്ധ ക്വുര്‍ആന്‍ ലോകര്‍ക്ക് മുഴുവനുമുള്ള പാഠമായി അടയാളപ്പെടുത്തി.
കേരളവും ഒരു പ്രളയത്തിന്റെ എല്ലാ കൈപ്പുനീരം ആസ്വദിച്ചുകൊണ്ടിരിക്കുകയാണ്. വിശുദ്ധ ക്വുര്‍ആന്റെ ചോദ്യം നമുക്ക് മുന്നിലും പ്രസക്തമാവുകയാണ്. അവര്‍ നന്ദികേട് കാണിച്ചതിനു നാം അവര്‍ക്ക് പ്രതിഫലമായി നല്‍കിയതാണ്. കടുത്ത നന്ദികേട് കാണിക്കുന്നവന്റെ നേരെയല്ലാതെ നാം ശിക്ഷാവിധി എടുക്കുമോ? നാം നമ്മിലേക്കു വിരല്‍ ചൂണ്ടുക. എന്താണ് നമ്മുടെ അവസ്ഥ? ദൈവധിക്കാരവും ധര്‍മവിരുദ്ധതയും നമ്മിലുണ്ടോ? നമ്മുടെ വ്യക്തിജീവിതവും സാമൂഹിക-സാംസ്‌കാരിക രംഗങ്ങളും പരിശുദ്ധമാണോ? മണ്ണില്‍ നിന്നും വിണ്ണില്‍നിന്നും ഒഴുകിയെത്തിയ പ്രളയത്തെ നാം അര്‍ഹിച്ചിരുന്നോ? നമ്മുടെ നാടും വീടും ഉപജീവനമാര്‍ഗങ്ങളും നക്കിത്തുടച്ച് കടന്നുപോയ ജലപ്രവാഹം നമ്മെ ഒരു ആത്മവിചാരണക്കു വിധേയമാക്കേണ്ടിയിരിക്കുന്നു. വ്യക്തിജീവിതം മുതല്‍ സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായ എല്ലാ മേഖലകളിലേക്കും ആ ആത്മവിചാരണ കടന്നുചെല്ലട്ടെ. അപ്പോള്‍ തീര്‍ച്ചയായും ഓരോ മലയാളിക്കും പ്രളയത്തിന്റെ -ഭൗതികാതീതമായ- ഉത്തരം കിട്ടും. അവിടെ നാം തിരുത്തുക; തിരുത്തേണ്ടതായി എന്തെല്ലാം നമ്മുടെ ജീവിതത്തിലുണ്ടായിരുന്നുവോ അതുമുഴുവനും. ദൈവധിക്കാരവും ധര്‍മവിരുദ്ധതയും എന്തെല്ലാം പേരിലും വിലാസത്തിലും നമ്മിലുണ്ടായിരുന്നുവോ അതെല്ലാം നാം ഉപേക്ഷിക്കുക. പുതിയതും പരിശുദ്ധവുമായ ഒരു ജീവിതത്തെ നാം തേടുക. തീവ്രവും തീഷ്ണവുമായ ദൈവികശിക്ഷകള്‍ ഇനിയും നമ്മെ തേടിയെത്താതിരിക്കാന്‍ നാം
സ്വയം ശ്രദ്ധയുള്ളവരാവുക. ഭൗതികമായ എന്തെല്ലാം കാരണങ്ങള്‍ ഓരോ വിപത്തിനുപിന്നിലും നമുക്ക് പറയാനുണ്ടെങ്കിലും, ഉപരിയിലുള്ള ദൈവത്തെയും അവന്റെ നടപടിക്രമങ്ങളെയും നാം പാടെ വിസ്മരിക്കാതിരിക്കുക. അതായിരിക്കട്ടെ നമുക്കും അടുത്ത തലമുറക്കും പ്രളയംസമ്മാനിച്ച പരിവര്‍ത്തനം.