മാര്‍ക്‌സിസത്തിന്റെ  പരാജയം

മാര്‍ക്‌സിന് ഇരുനൂറും മൂലധനത്തിന് നൂറ്റിയന്‍പതും ഒക്‌റ്റോബര്‍ വിപ്ലവത്തിന് നൂറും വയസ്സ് തികഞ്ഞ സാഹചര്യത്തില്‍ മാര്‍ക്‌സിസവും അതിന്റെ ജയപരാജയങ്ങളും വസ്തുനിഷ്ഠമായ വിശകലനങ്ങള്‍ക്ക് വിധേയമാകേണ്ടതുണ്ട്.
കമ്മ്യൂണിസ്റ്റ് വിപ്ലവം കണ്ട് ഭരണാധികാരിവര്‍ക്ഷങ്ങള്‍ കിടിലം കൊള്ളട്ടെ. തൊഴിലാളികള്‍ക്ക് സ്വന്തം ചങ്ങലയല്ലാതെ മറ്റൊന്നും നഷ്ടപ്പെടാനില്ല. നേടാനോ ഒരു ലോകവും‘.
എല്ലാ രാജ്യങ്ങളിലെയും തൊഴിലാളികളേ സംഘടിക്കുവിന്‍‘.
മാര്‍ക്‌സിസ്റ്റ് വിപ്ലവത്തിന്റെ രീതിശാസ്ത്രഗ്രന്ഥമായ കമ്മ്യൂണിസ്റ്റ് മാനിഫെസ്‌റ്റോയിലെ അവസാനത്തെ വരികളാണിവ. ഈ വാക്യങ്ങളാണ് കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലമായി കമ്മ്യൂണിസ്റ്റ് വിപ്ലവകാരികള്‍ക്ക് ആവേശം നല്‍കിയത്. നല്ലൊരു ലോകം നേടാനും 
നിലവിലുള്ള ചട്ടങ്ങള്‍ പൊട്ടിച്ചെറിയാനും അവര്‍ പാ
ട്ടുപാടി. മുദ്രാവാക്യങ്ങള്‍ മുഴക്കി. ചോര ചിന്തി. ചോരയില്‍ മുക്കിയ കൊടിയുമായി നാടുനീളെ നടന്നു. അവര്‍ ആവേശത്തോടെ ആഹ്വാനം ചെയ്തു.
സര്‍വ്വ രാജ്യത്തൊഴിലാളികളേ സംഘടിക്കുവിന്‍‘.
എക്കാലത്തെയും മാര്‍ക്‌സിസ്റ്റുകളുടെ ആവേശമായിരുന്ന ഈ വചനമായിരുന്നു, മോസ്‌ക്കോ നഗരത്തില്‍ സ്ഥാപി
ക്കപ്പെട്ട മാര്‍ക്‌സിന്റെ പ്രതിമക്കുതാഴെ എഴുതപ്പെട്ടിരുന്നത്. പു
തിയ വിപ്ലവങ്ങള്‍ നടന്നുകൊണ്ടിരിക്കെ ഏതോ ഗുരുത്വം കെട്ടവന്‍ അതിങ്ങനെ മാറ്റിയെഴുതിയിരിക്കുന്നു.
സര്‍വ്വരാജ്യത്തൊഴിലാളികളേ….. എനിക്ക് മാപ്പ്‘.
തത്വങ്ങള്‍ രചിച്ച ആചാര്യന് മാപ്പുകൊടുക്കാന്‍ സ്വാതന്ത്ര്യത്തിന്റെ പു
തിയ ലോകത്തേക്ക് സഞ്ചരിക്കുന്ന കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലെ ജനങ്ങള്‍ സന്നദ്ധരാണ്. പക്ഷേ, അവ പ്രയോഗവല്‍ക്കരിക്കാന്‍ ശ്രമിച്ച നേതാക്കള്‍ക്ക് മാപ്പുകൊടുക്കാന്‍ അവര്‍ തയ്യാറല്ല. 1988ല്‍ ബുഡാപെസ്റ്റിലെ മനുഷ്യര്‍ സ്വാതന്ത്ര്യത്തിനുവേണ്ടി തെരുവിലിറങ്ങിയപ്പോള്‍ അവരുടെ ചുറ്റികകൊണ്ട് ആദ്യം തല്ലിയുടച്ചത് മഹാനായ ലെനിന്റെ പ്രതിമയായിരുന്നു. കെ.ജി.ബി. തലവനായിരുന്ന സെര്‍ഷിന്‍സ്‌കിയുടെ പ്രതിമ വലിച്ചുതാഴെയിട്ട് അതില്‍നിന്ന് ഉളിയും ചുറ്റികയുമുപയോഗിച്ച് കല്‍ക്കഷ്ണങ്ങള്‍ സ്മാരകമായി സൂക്ഷിക്കാന്‍ തല്ലിപ്പൊളിച്ചെടുക്കുന്ന ഡേവിഡ്‌ല്യാനോവ് ഇന്ത്യയില്‍നിന്ന് ചെന്ന പത്രപ്രവര്‍ത്തകരോട് പറഞ്ഞുവത്രെ ഈ കല്ലുകള്‍ കൊണ്ടുപോയി
ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളെ എറിഞ്ഞോടിക്കുക. അല്ലെങ്കില്‍, നിങ്ങളും ഞങ്ങളെപ്പോലെയാകും. മനുഷ്യര്‍ കഷ്ടപ്പെടുന്നിടത്താണ് കമ്മ്യൂണിസ്റ്റുകള്‍ തഴച്ചുവളരുകയെന്ന് നിങ്ങള്‍ക്കറിയില്ലേ‘.
എവിടെയാണ് മാര്‍ക്‌സിസത്തിന് തെറ്റുപറ്റിയത്? അതിന്റെ സിദ്ധാന്തത്തിലാണോ? പ്രയോഗത്തിലാണോ? അതല്ല, മാര്‍ക്‌സിസത്തിന് തെറ്റൊന്നും പറ്റിയിട്ടില്ലെന്ന് വരുമോ? തെറ്റുപറ്റിയത് ഗോര്‍ബച്ചേവിനും
യെല്‍റ്റ്‌സിനുമാണോ? റഷ്യയിലെയും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെയും മാറ്റങ്ങളെക്കുറിച്ച ചര്‍ച്ചകള്‍ അങ്ങനെ നീണ്ടുപോ
വുകയാണ്.
മാര്‍ക്‌സിസത്തെപ്പറ്റിയെന്ന സ്വെത്‌ലാന മാര്‍ട്ടിന്‍ ചുക്ക് ക്രോഡീകരിച്ച ലെനിന്റെ ലേഖനസമാഹാരത്തിന്റെ പതിമൂന്നാം പേജില്‍ വലിയ അക്ഷരത്തില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു: മാര്‍ക്‌സിസ്റ്റ് സിദ്ധാന്തം സര്‍വ്വശക്തമാണ്; കാരണം അത് സത്യമാണ്”.
ഇന്ന് നമുക്കറിയാം, മാര്‍ക്‌സിസ്റ്റ് സിദ്ധാന്തം സര്‍വ്വശക്തമല്ലെന്ന്. അത് മനുഷ്യരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുകയാണെന്ന്. പതിറ്റാണ്ടുകള്‍തന്നെ അതിന്റെ പ്രയോഗവല്‍ക്കരണത്തിന് ചെലവഴിച്ചിട്ടും സോഷ്യലിസത്തിലെത്താന്‍ പോലും രാഷ്ട്രങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന്. മാര്‍ക്‌സിസം വന്നാല്‍ സ്വര്‍ക്ഷമാകുമെന്ന സങ്കല്‍പങ്ങളില്‍ കുരുങ്ങിക്കിടന്നവര്‍ തന്നെ പു
തിയ മാറ്റങ്ങളുടെ വെളിച്ചത്തില്‍ എന്തോ എവിടെയോ തകരാറുണ്ടെന്ന് സമ്മതിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്ന്.
മാര്‍ക്‌സിസ്റ്റ് സിദ്ധാന്തം സര്‍വ്വശക്തമാണ്; കാരണം അത് സത്യമാണ്.എന്ന് പറഞ്ഞ ലെനിനില്‍
നിന്നുതന്നെ എന്തുകൊണ്ട്  മാര്‍ക്‌സിസം പരാജയപ്പെടുന്നുവെന്നതിന്റെ ഉത്തരം നമുക്ക് ലഭിക്കുന്നു. മാര്‍ക്‌സിസ്റ്റ് സിദ്ധാന്തം സര്‍വ്വശക്തമല്ലെങ്കില്‍ അത് അസത്യമാണെന്ന ധ്വനി ലെനിന്റെ വാചകത്തില്‍ തന്നെയുണ്ടല്ലോ. മാര്‍ക്‌സിസ്റ്റ് സിദ്ധാന്തം സര്‍വ്വശക്തമല്ലെന്ന് ഇന്നെല്ലാവര്‍ക്കുമഭിപ്രാ
യമുണ്ട്. ഇന്ത്യയുടെ സാഹചര്യങ്ങള്‍ക്കനുസൃതമായ രീതിയില്‍ മാര്‍ക്‌സിയന്‍ സിദ്ധാന്തത്തിന്റെ പുനഃസൃഷ്ടി നടത്തുമെന്ന ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളുടെ നയവിശദീകരണത്തിന് 
പിന്നിലും ആ സിദ്ധാന്തം സര്‍വ്വശക്തമല്ലെന്ന വസ്തുതയല്ലാതെ മറ്റെന്താണുള്ളത്? അപ്പോള്‍ ഇന്ന് നമുക്ക് ഇങ്ങനെ പറയാമെന്ന് തോന്നുന്നു:മാര്‍ക്‌സിസം സര്‍വ്വശക്തമല്ല; കാരണം അത് അസത്യമാണ്‘. ഇതാണ് വസ്തുതയും. ഈ അസത്യത്തിനുവേണ്ടി വിപ്ലവം നടത്തിയത് ലെനിന് പറ്റിയ തെറ്റ്. തികച്ചും പരമാബദ്ധമായ ഒരു സിദ്ധാന്തം പ്രയോഗവല്‍ക്കരിക്കാനാണ് പതിറ്റാണ്ടുകളോളം റഷ്യയടക്കമുള്ള രാഷ്ട്രങ്ങള്‍ ശ്രമിച്ചത്. അതുകൊണ്ടുതന്നെ പരാജയം അനിവാര്യമായിരുന്നു. അസത്യത്തിന്റെ സിദ്ധാന്തങ്ങള്‍ക്ക് ഒരിക്കലും മനുഷ്യനെ മനസ്സിലാവില്ല. അതുകൊണ്ടുതന്നെ സമൂഹത്തെ പരിവര്‍ത്തിപ്പിക്കാനുമാവില്ല.
മാര്‍ക്‌സിസ്റ്റ് സിദ്ധാന്തത്തിന്റെ പരാജയമല്ല; പ്രത്യുത അതിന്റെ പ്രയോഗ
വല്‍ക്കരണത്തില്‍ വന്ന പാകപ്പിഴവുകളാണ് ഇന്നത്തെ പ്രതിസന്ധിക്ക് കാരണമെന്ന് പറയുന്നവരുണ്ട്. മുതലാളിത്തത്തിന്റെ ചരടുവലികള്‍ക്കൊത്ത് തുള്ളുകയാണ് ഗോര്‍ബച്ചേവും യെല്‍ത്‌സിനുമെല്ലാം ചെയ്തതെന്നും അതുകൊണ്ടുതന്നെ മുതലാളിത്തകുതന്ത്രത്തിന്റെ താല്‍ക്കാലികവിജയം മാത്രമാണ് കിഴക്കന്‍ യൂറോപ്യ
ന്‍ രാജ്യങ്ങളിലും സോവിയറ്റ് യൂണിയനിലുമെല്ലാം ഉണ്ടായിട്ടുള്ളതെന്നും കമ്മ്യൂണിസം പരാജയപ്പെടുകയില്ലെന്നും വിശ്വസിക്കാന്‍ ശ്രമിക്കുന്നവരുമുണ്ട്. സോവിയറ്റ് യൂണിയന്‍ നേരിട്ട പ്രതിസന്ധിയും തകര്‍ച്ചയുംപോ
ലും സ്റ്റാലിന്റെ കാലത്തുള്ള നയവൈകല്യത്തില്‍നിന്ന് ഉടലെടുത്തതാണെന്നും തകര്‍ന്നത് കമ്മ്യൂണിസമല്ല; സ്റ്റാലിനിസമാണെന്നും പറഞ്ഞ് സമാധാനപ്പെടുന്ന ചിലരുമുണ്ട്. സര്‍വ്വശക്തവും സത്യസമ്പൂര്‍ണ്ണവുമെന്ന് കരുതുകയും ഉരുവിട്ട് കൊണ്ടിരിക്കുകയും ചെയ്ത സിദ്ധാന്തത്തിന്റെ തകര്‍ച്ച സൃഷ്ടിച്ച ആഘാതത്തില്‍നിന്ന് അല്‍പമെങ്കിലും ആശ്വാസം ലഭിക്കാന്‍ ഈ സമാധാനപ്പെടുത്തലുകള്‍ സഹായകമാവുമെങ്കില്‍ അങ്ങനെ ആയിക്കൊള്ളട്ടെ. പക്ഷേ, വസ്തുതകള്‍ ഇതില്‍നിന്നെല്ലാം വളരെയേറെ അകലെയാണെന്നുമാത്രം.
കമ്മ്യൂണിസം നടപ്പാക്കാന്‍ ശ്രമിച്ചത് ഏതെങ്കിലും ഒരു രാജ്യമല്ലെന്ന് നമുക്കറിയാം. പന്ത്രണ്ട് രാഷ്ട്രങ്ങളിലും പന്ത്രണ്ട് രീതിയിലാണ് അത് നടപ്പാക്കാന്‍ ശ്രമിച്ചത്. ആ പന്ത്രണ്ട് രീതികളും തെറ്റാണെന്ന് വന്നാല്‍ മറ്റേത് രീതിയാണ് ഇനി മാര്‍ക്‌സിസം പ്രയോഗവല്‍ക്കരിക്കാന്‍ അനുയോജ്യമായിത്തീരുക? മാര്‍ക്‌സിസത്തിന്റെ പ്രയോഗവല്‍ക്കരണത്തിന് ലെനിന്‍ മുതല്‍ കാസ്‌ട്രോവരെ നല്‍കിയ രീതിശാസ്ത്രങ്ങളല്ലാതെ മറ്റേത് രീതിയാണ്, ‘മാര്‍ക്‌സിസത്തിന്റെ പരാജയം സൈദ്ധാന്തികമല്ല; പ്രയോഗികമാണ് എന്ന് പറയുന്നവര്‍ക്ക് നിര്‍ദ്ദേശിക്കാനുള്ളത്? ഇല്ലഒരു രീതിയും നിര്‍ദ്ദേശിക്കാനില്ല. സാധിക്കുന്ന എല്ലാ രീതികളും പരീക്ഷിച്ചുനോക്കി പരാജയപ്പെട്ട് ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ എറിയാന്‍ മാത്രം കൊള്ളാവുന്ന ഒരു സിദ്ധാന്തമായി മാറിയിരിക്കുന്നു മാര്‍ക്‌സിസം‘.
സോഷ്യലിസ്റ്റ് സ്വര്‍ക്ഷത്തില്‍ പതിറ്റാണ്ടുകളോളം ജീവിച്ച മനുഷ്യരെ മുതലാളിത്തത്തിന് ഒറ്റിക്കൊടുക്കാന്‍ ഒരു ഗോര്‍ബച്ചേവിനും യെല്‍ത്‌സിനും
സാധിച്ചുവെന്നോ? സത്യത്തില്‍ കമ്മ്യൂണിസത്തിന്റെ മരണമാഘോഷിച്ച രാജ്യങ്ങളിലൊന്നും തന്നെ ആ ആഘോഷത്തിന് കാര്‍മ്മികത്വം വഹിച്ചത് ഭരണാധികാരികളായിരുന്നില്ല, പ്രത്യുത അവിടങ്ങളിലെ ലക്ഷക്കണക്കിന് മനുഷ്യരായിരുന്നു. മിലോസ്‌ജെക്ക് മുതല്‍ ചെഷസ്‌ക്യുവരെയുള്ള കമ്മ്യുണിസ്റ്റ് ഏകാധിപതികള്‍ക്കെതിരെ സമരം നയിച്ചത് സാധാരണക്കാരായ ജനങ്ങളായിരുന്നു. ജനോസ്‌കദറെയും, എറിക്ക് ഹൊണേക്കറെയും നിഷ്‌കാസനം ചെയ്തത് തൊഴിലാളികളടങ്ങുന്ന സാധാരണ 
പൗരന്മാരായിരുന്നു. ഇവിടെയൊന്നും മുതലാളിത്തത്തില്‍ ഒരു പങ്കുമാരോപിക്കാന്‍ പഴുതുകളില്ല. സോവിയറ്റ് യൂണിയനിലെ സ്ഥിതിയും തഥൈവ. മോചനം കൊതിക്കുന്ന മനുഷ്യമക്കളുടെ മനസ്സ് കാണാനുള്ള മനഃസ്ഥിതി പ്രകടിപ്പിക്കുകയാണ് ഗോര്‍ബച്ചേവ് ചെയ്തത്. അതുകൊണ്ടാണല്ലോ ഗോര്‍ബച്ചേവിനെ അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ക്ക് വെറും എഴുപത്തിരണ്ട് മണിക്കൂറിനിടക്ക് സ്ഥലം കാലിയാക്കേണ്ടി വന്നത്. നീണ്ട എഴുപത്തിമൂന്ന് വര്‍ഷക്കാലം സ്വര്‍ഗംനല്‍കി തങ്ങളെ ഭരിച്ചു വളര്‍ത്തിയ കമ്മ്യൂണിസ്റ്റ് പാ
ര്‍ട്ടിയെ നിരോധിക്കാന്‍ സുപ്രീം സോവിയറ്റ് തീരുമാനിച്ചപ്പോള്‍  പ്രതിഷേധിക്കാന്‍ അവിടെ ആരുമില്ലാതെയിരുന്നതിന്റെ കാരണവും മറ്റൊന്നല്ല. തങ്ങളെ അടക്കി വാണിരുന്ന ഒരു വ്യവസ്ഥയെ സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ചും തകര്‍ക്കാന്‍ ഒരു നാട്ടിലെ ജനങ്ങളെല്ലാം ഒരുങ്ങിപ്പുറപ്പെട്ടാല്‍ അതിന്റെ അര്‍ത്ഥമെന്താണ്? ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആ തത്വശാസ്ത്രത്തിന് കഴിയില്ലെന്നുതന്നെ. മുതലാളിത്തത്തിന്റെ മുതുകത്ത് ലോകത്തിന്റെ എല്ലാ കൊള്ളരുതായ്മകളും കെട്ടിവെച്ച് ശീലിച്ചവര്‍, സ്വന്തം പ്രതിസന്ധിയുടെയും കാരണം മുതലാളിത്തത്തില്‍ ആരോപി
ക്കുന്നുവെന്നത് സ്വാഭാവികം മാത്രം. ചൊട്ടയിലെ ശീലം ചുടലവരെഎന്നാണല്ലോ!
ഒരുകാലത്ത് കമ്മ്യൂണിസ്റ്റുകളുടെ ആവേശമായിരുന്നു സ്റ്റാലിന്‍. മാര്‍ക്‌സ്, എംഗല്‍സ്, ലെനിന്‍, സ്റ്റാലിന്‍, എന്നിവരുടെ ഫോട്ടോകള്‍  ഒന്നിച്ചായിരുന്നു കേരളത്തിലെ സഖാക്കളുടെ വീടുകളില്‍പോ
ലും തൂങ്ങിക്കിടന്നിരുന്നത്. ഇന്ന് എല്ലാവരും പറയുന്നു, സ്റ്റാലിന്‍ ക്രൂരനായിരുന്നുവെന്ന്. ദശലക്ഷക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കിയ സ്റ്റാലിന്‍ ക്രൂരനായിരുന്നുവെന്ന സത്യം അംഗീകരിക്കപ്പെടാന്‍ അദ്ദേഹത്തിന് ശേഷം പതിറ്റാണ്ടുകള്‍തന്നെ കഴിയേണ്ടിവന്നു. സ്റ്റാലിനിസമാണ് മാര്‍ക്‌സിസത്തിന്റെ പ്രതിസന്ധിക്ക് കാരണമെന്ന് പറയുന്നവരോട് ഒന്ന് ചോദിക്കട്ടെ. സോവിയറ്റ് യൂണിയന്റെ ഇന്ന് കാണുന്ന പു
രോഗതികളില്‍ ഭൂരിഭാഗത്തിന്റെയും അടിത്തറ നിര്‍മ്മിച്ചതാരായിരുന്നു? ഒന്നാം ലോകമഹായുദ്ധത്തോടെ തകര്‍ന്ന് തരിപ്പണമായിരുന്ന റഷ്യയെ രണ്ടാംലോകമഹായുദ്ധം കഴിഞ്ഞപ്പോഴേക്കും ശാക്തികച്ചേരികളുടെ കൂട്ടത്തിലേക്ക് കൈപി
ടിച്ചാനയിച്ചത് ആരായിരുന്നു? ശാസ്ത്രസാങ്കേതികരംഗങ്ങളില്‍ റഷ്യയെ അമേരിക്കക്കൊപ്പം നില്‍ക്കാന്‍ പര്യാപ്
തമാക്കിയതാരായിരുന്നു? ഈ ചോദ്യങ്ങള്‍ക്കുത്തരം ജോസഫ് സ്റ്റാലിന്‍ എന്നാണെങ്കില്‍ സ്റ്റാലിനിസം കമ്മ്യൂണിസത്തെ തകര്‍ക്കുകയാണോ, അതല്ല കമ്മ്യൂണിസം സ്റ്റാലിനിസത്തെ വളര്‍ത്തുകയാണോ ചെയ്തതെന്ന വിചിന്തനത്തിന് കമ്മ്യൂണിസ്റ്റുകള്‍ തയ്യാറാകേണ്ടിവരും. സ്റ്റാലിന്‍ കമ്മ്യൂണിസം കേടുവരുത്തിയെന്ന് പറയുന്നതിനേക്കാള്‍ ഉചിതം കമ്മ്യൂണിസം സ്റ്റാലിനെ ക്രൂരനാക്കിയെന്ന് പറയുന്നതാണ്. ഒരു കമ്മ്യൂണിസ്റ്റ് രാഷ്ട്രത്തിന്റെ സംസ്ഥാപത്തിനും
പുരോഗതിക്കുമെല്ലാം, സ്റ്റാലിന്‍ ചെയ്ത ക്രൂരതകള്‍ അനിവാര്യമായിരുന്നുവെന്നുവേണം കരുതാന്‍.
ഒരു കാര്യ വ്യക്തംകമ്മ്യൂണിസത്തി
ന്റെ പ്രതിസന്ധി വെറും രാഷ്ട്രീയ
മല്ല. യൂറോപ്പിലെ പിന്നോക്ക രാഷ്ട്രങ്ങളി
ലൊന്നായിരുന്ന സാറിസ്റ്റ് റഷ്യയെ ലോകത്തിലെ മഹാശക്തികളിലൊന്നാക്കി
മാറ്റിയതും, ശാസ്ത്രസാങ്കേതികരംഗങ്ങളില്‍
അമേരിക്കയോടൊപ്പം നില്‍ക്കാന്‍ അവരെ പര്യാപ്തമാക്കിയതും, ആണവരംഗത്തെ മഹാശക്തിയായും ബഹിരാകാശഗവേഷണരംഗത്തെ മുടിചൂടാ മന്നന്‍മാരായും അവരെ പരിവര്‍ത്തിപ്പിച്ചതുമെല്ലാം കമ്മ്യൂണിസമായിരുന്നു. എന്നിട്ടും റഷ്യന്‍ജനത ഒരു പാ
മ്പിനെ തല്ലിക്കൊന്ന് കുഴിച്ചിടുന്നതുപോ
ലെ, കമ്മ്യൂണിസത്തെ കൊന്ന് കുഴിച്ചുമൂടി. തങ്ങളുടെ രാഷ്ട്രത്തെ ശാക്തികച്ചേരികളിലൊന്നാക്കി മാറ്റിയ മാര്‍ക്‌സിസ്റ്റ് സിദ്ധാന്തത്തോട് ഇത്രയും ക്രൂരമായി പെരുമാറാന്‍ അവരെ പ്രേരിപ്പിച്ചതെന്തായിരുന്നു? തങ്ങളുടെ അടിസ്ഥാനാവശ്യങ്ങള്‍ പോ
ലും കമ്മ്യൂണിസത്തിന് കാണാന്‍ കഴിയുന്നില്ലെന്നതാണ് റഷ്യന്‍ ജനതയുടെ വേവലാതി.
അപ്പോള്‍ മാര്‍ക്‌സിസത്തിന് പറ്റിയ തെറ്റ് സൈദ്ധാന്തികമാണ്. പ്രത്യയശാസ്ത്രപരമാണ്. അതുകൊണ്ടുതന്നെ അടിസ്ഥാനപരവുമാണ്. കമ്മ്യൂണിസ്റ്റ് സിദ്ധാന്തങ്ങളെപ്പറ്റി അടിസ്ഥാനപരമായി മനസ്സിലാക്കുന്ന ഏതൊരു സാധാരണക്കാരനും
മനസ്സിലാവും, സ്റ്റാലിനിസം മുതല്‍ ഇന്നുണ്ടായ പ്രതിസന്ധിവരെ കമ്മ്യൂണിസ്റ്റ് സിദ്ധാന്തത്തിന്റെ അനിവാര്യതകളായിരുന്നുവെന്ന്.
താത്വിക അടിസ്ഥാനങ്ങള്‍:
മാര്‍ക്‌സിസത്തിന് മൂന്ന് തലങ്ങളാണുള്ളത്. അതിന്റെ പ്രപഞ്ചവീക്ഷണമാണ് ഒന്നാമത്തേത്. ചരിത്രത്തെക്കുറിച്ച അതിന്റെ കാഴ്ചപ്പാടും സാമ്പത്തിക വിശകലനവുമാണ് മറ്റ് രണ്ടുതലങ്ങള്‍. മാര്‍ക്‌സിന്റെയും ഏംഗല്‍സിന്റെയും കൃതികളില്‍ ഈ ലേഖകന് കാണാന്‍ കഴിഞ്ഞിട്ടുള്ള ഏറ്റവും വലിയ സൗന്ദര്യം ഈ മൂന്ന് തലങ്ങളെയും ബന്ധിപ്പിച്ചിരിക്കുന്ന രീതിയാണ്. വളരെ ഭംഗിയായി അവരത് നിര്‍വ്വഹിച്ചിരിക്കുന്നുവെന്ന് പറയാതിരിക്കാന്‍ വയ്യ. ഒന്നില്‍നിന്ന് മറ്റൊന്നിനെ വേര്‍പ്പെടുത്താന്‍ കഴിയാത്തവണ്ണം ഈ മൂന്ന് തലങ്ങളെയും ഒന്നിച്ചു ചേര്‍ത്താണ് അവര്‍ വിപ്ലവ പ്രത്യയശാസ്ത്രം പണിതിരിക്കുന്നത്. മാര്‍ക്‌സിസത്തിന്റെ ലോക വീക്ഷണത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ടുതന്നെ അതിന്റെ സാമ്പത്തിക സിദ്ധാന്തത്തെ അംഗീകരിക്കുന്നവരാണ് ഞങ്ങള്‍ എന്ന വിമോചന ദൈവശാസ്ത്രത്തിന്റെ വാദം അതുകൊണ്ടുതന്നെ ശുദ്ധകാപട്യമാണ്. മാര്‍ക്‌സിസത്തിന്റെ സാമ്പത്തിക സിദ്ധാന്തത്തെ അതിന്റെ ലോക വീക്ഷണത്തില്‍നിന്ന് വേര്‍പ്പെടുത്തി വിശകലനം ചെയ്യുക സാദ്ധ്യമല്ല.
മാര്‍ക്‌സിസത്തിന്റെ അടിസ്ഥാനം ചരിത്രപരവും വൈരുദ്ധ്യാത്മകവുമായ ഭൗതികവാദംആകുന്നു. ഹെഗലിന്റെ ആശയവാദത്തിന്റെയും ഫോയര്‍ബാക്കിന്റെ ഭൗതികവാദത്തിന്റെയും സമ്മിശ്രത്തില്‍ നിന്നാണ് ചരിത്രപരവും വൈരുദ്ധ്യാത്മകവുമായ ഭൗതികവാദം രൂപം
കൊണ്ടിട്ടുള്ളത്. അനാദിയിലേ നിലവിലുളള അവിഭാജ്യപരമാണുക്കളുടെ വിവിധ രീതികളിലുള്ള സമ്മിശ്രമാണ് പ്രപഞ്ചത്തിലെ വിവിധ വസ്തുക്കളുടെയും പ്രപഞ്ചത്തിന്റെ തന്നെയും ഉല്‍പ്പത്തിക്ക് നിദാനമായതെന്ന ക്ലാസിക്കല്‍ ഭൗതികവാദികളായ എപ്പിക്യൂറസിന്റെയും ഡെമോക്രാറ്റിസിന്റെയുമെല്ലാം ചിന്തകളും മാര്‍ക്‌സിനെ സ്വാധീനിച്ചിട്ടുണ്ട്.
ഹെഗലിന്റെ ആശയവാദത്തെ ഇങ്ങനെ സംഗ്രഹിക്കാം: ചിന്ത ചലനാത്മകവും വൈരുദ്ധ്യാത്മകവുമാണ്. ഒരു വസ്തുവിനെക്കുറിച്ച് ഒരാളുടെ മനസ്സിലുണ്ടാകുന്ന ആശയം വ്യക്തമായി മനസ്സിലാകുന്നത് ആ ആശയത്തിന്റെ മറുവശംകൂടി അയാളുടെ ചിന്തക്ക് വിഷയീഭവിക്കുമ്പോഴാണ്. ചലനാത്മകമായ ചിന്തയുടെ പു
രോഗതിയിലേക്കുള്ള ആരോഹണം നടക്കുന്നത് വൈരുദ്ധ്യാത്മകമായ ആശയങ്ങളുടെ സംഘട്ടനങ്ങളിലൂടെയാണ്. ഈ പ്രപഞ്ചത്തിന്റെ ഉല്‍പ്പത്തിക്ക് മുമ്പ് കേവലമായ ആശയം (absolute idea) മാത്രമാണുണ്ടായിരുന്നത്. ഈ കേവലമായ ആശയത്തിന്റെ നിരന്തരമായ ചലനമാണ് പ്രപഞ്ചത്തിന്റെ ഉല്‍പ്പത്തിക്ക് കാരണമായത്. ആശയത്തിന്റെ ഈ ചലനം വൈരുദ്ധ്യാത്മകമാണ്. എന്നും നിലനില്‍ക്കുന്ന ഭൗതികവസ്തു സ്വയം പരിണാമത്തിന് വിധേയമായിട്ടാണ് പ്രപഞ്ചം ഉണ്ടായതെന്ന് സിദ്ധാന്തിക്കുന്ന ക്ലാസിക്കല്‍ ഭൗതികവാദത്തില്‍നിന്ന് വ്യത്യസ്തമായി, ആദിമാവസ്ഥയില്‍ ആശയരൂപത്തിലായിരുന്ന കേവലസത്തഅതിന്റെ വിരുദ്ധ സ്വഭാവങ്ങളുടെ സംഘട്ടനങ്ങളിലൂടെ പ്രപഞ്ചമായി മാറിയെന്ന സിദ്ധാന്തമാണ് ആശയവാദം (idealism) എന്നറിയപ്പെടുന്നത്. ഈ ആശയവാദത്തിന്റെ ആചാര്യനാണ് ഗോര്‍ഗ്‌വില്യം ഫ്രീഡ് റിക്ക് ഹെഗല്‍.
ഫോയര്‍ബാക്ക് തന്റെ ക്രിസ്തുമത
ത്തിന്റെ സത്ത‘(1) എന്ന പുസ്തക
ത്തില്‍ ഹെഗലിന്റെ ആശയവാദത്തെ വിമര്‍ശിക്കുന്നുണ്ട്. ഹെഗലിയന്‍ചിന്തയില്‍ ദൈവത്തിന് കടന്നുവരാന്‍ പഴുതുകളുണ്ടെന്നതാണ് അദ്ദേഹത്തിന്റെ വിമര്‍ശനത്തിന്റെ സത്ത. നമ്മുടെയെല്ലാം ചിന്തക്ക് മുമ്പ് നമ്മളുണ്ടായിട്ടുണ്ട്. നാം
ചിന്തയുടെ സൃഷ്ടിയല്ല. ചിന്ത നമ്മുടെ സൃഷ്ടിയാണ്. നാം പ്രപഞ്ചത്തിന്റെ ഭാഗമാണ്. പ്രപഞ്ചത്തിന്റെ ഭാഗമായ മനുഷ്യരുടെ മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടാണ് ആശയം രൂപം
കൊളളുന്നത്. അപ്പോള്‍ ആശയമാണോ മസ്തിഷ്‌കമാണോ ആദ്യമുണ്ടായത്? മസ്തിഷ്‌കം. എന്താണ് മസ്തിഷ്‌കം? പദാര്‍ത്ഥത്തിന്റെ രൂപഭേദം മാത്രം. എങ്കില്‍ ആശയങ്ങളാണ് ആദ്യമുണ്ടായതെന്ന് പറയുന്നതെങ്ങിനെ? ആശയങ്ങളും ചിന്തയും ബുദ്ധിയുമെല്ലാം ഭൗതികവസ്തുവിന്റെ സൃഷ്ടികളത്രെ. ഇങ്ങനെയാണ് ഫോയര്‍ബാക്ക് സമര്‍ത്ഥിക്കുന്നത്.
മാര്‍ക്‌സും ഏംഗല്‍സുമെല്ലാം ആദ്യം ഫോയര്‍ബാക്കിയന്‍മാരായിരുന്നു. ഇക്കാര്യം ഏംഗല്‍സ് തന്റെ ലുഡ്‌വിംഗ് ഫോയര്‍ബാക്ക്‘(2) എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. പി
ന്നീട് ക്ലാസിക്കല്‍ ഭൗതികവാദത്തിന്റെതുപോ
ലെതന്നെ ഫോയര്‍ബാക്കിയന്‍ ഭൗതികവാദത്തിനും അതിന്‍േറതായ പരിമിതികളുണ്ടെന്ന് അവര്‍ മനസ്സിലാക്കി. പ്രകൃതിയുടെ പ്രക്രിയ തന്നെ യാന്ത്രികമാണെന്ന സങ്കല്‍പം
ഫോയര്‍ബാക്കിന്റെ സിദ്ധാന്തത്തിന്റെയും അടിസ്ഥാനമായി വര്‍ത്തിക്കുന്നുവെന്നായിരുന്നു ഒരു ന്യൂനത. മനുഷ്യനെ മൂര്‍ത്തമായും ചരിത്രപരമായും 
നിര്‍ണയിക്കപ്പെട്ട സാമൂഹിക ബന്ധങ്ങളുടെയെല്ലാം ഒരു സാകല്യമായി കാണുന്നതില്‍ അത് പരാജയപ്പെട്ടുവെന്നതായിരുന്നു മറ്റൊരു തകരാറ്. ലോകത്തെ വ്യഖ്യാനിക്കാന്‍ ശ്രമിച്ച ഫോയര്‍ബാക്കിന് ലോകത്തെ മാറ്റുന്നതെങ്ങനെയെന്ന് വിശദീകരിക്കാന്‍ സാധിച്ചില്ലെന്നതാണ് അദ്ദേഹത്തിന്റെ പരിമിതി. ഹെഗലിന്റെ ആശയവാദത്തെയും ഫോയര്‍ബാക്കിന്റെ ഭൗതികവാദത്തെയും സമന്വയിപ്പിച്ചുകൊണ്ട്, ചരിത്രപരവും വൈരുദ്ധ്യാത്മകവുമായ ഭൗതികവാദത്തിന് മാര്‍ക്‌സും ഏംഗല്‍സും അടിത്തറ പണിയുന്നത് ജര്‍മന്‍ പ്രത്യയശാസ്ത്രം‘(3) എന്ന ഗ്രന്ഥത്തിലൂടെയാണ്. ഏംഗല്‍സിന്റെ ഫോയര്‍ബാക്കും ക്ലാസിക്കല്‍ ജര്‍മന്‍ തത്വചിന്തയുടെ അന്ത്യവും‘(4) എന്ന 
പുസ്തകത്തിലും മുമ്പുണ്ടായ ഭൗതികവാദ സിദ്ധാന്തങ്ങളുടെ പരിമിതിയും വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ പ്രസക്തിയും വിശദമായി വിവരിക്കുന്നുണ്ട്.
ഈ പ്രപഞ്ചത്തിന്റെ അടിസ്ഥാനമായി അനാദികാലം മുതലേ നില
നില്‍ക്കുന്നത് ഭൗതികവസ്തു മാത്രമാണ്. ചലനമാണ് ഭൗതികവസ്തുവിന്റെ സ്വഭാവം. ഭൗതികവസ്തുവിനെ കൂടാതെയുള്ള ചലനമോ ചലനം കൂടാതെയുള്ള ഭൗതികവസ്തുവോ ഇല്ല. ചലിച്ചുകൊണ്ടിരിക്കുന്ന ഭൗതികവസ്തുവിന്റെ വൈരുദ്ധ്യാത്മകസ്വഭാവം മൂലമാണ് പ്രപഞ്ചത്തില്‍ പരിണാമമുണ്ടാകുന്നത്. വിരുദ്ധശക്തികളുടെ സംഘട്ടനമാണ് പുരോഗതിക്ക് നിദാനം. ഇതിനുള്ള തെളിവ് പ്രകൃതിതന്നെയാണ്. നെല്‍ച്ചെടി വളര്‍ന്നുവരുന്നത് അതിന്റെ വിത്തായിരിക്കുന്ന അവസ്ഥയെ നിഷേധിച്ചുകൊണ്ടാണ്. ഈ നിഷേധമാണ് വൈരുദ്ധ്യാത്മകത (dialectics). ഈ വൈരുദ്ധ്യാത്മകത ഇല്ലായിരുന്നുവെങ്കില്‍ പ്രപഞ്ചംതന്നെ ഉണ്ടാകുമായിരുന്നില്ല. ദ്വന്ദാത്മകമായ ഈ അവസ്ഥകളുടെ സംഘട്ടനമാണ് പ്രപഞ്ചത്തിന്റെയും പ്രകൃതിയുടെയും പുരോഗതി
ക്ക് നിദാനം. ഇതാണ് വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ പ്രപഞ്ച വീക്ഷണം.
ചലിച്ചുകൊണ്ടിരിക്കുന്ന ഭൗതിക വസ്തുവിന്റെ(5) വൈരുദ്ധ്യാത്മക സ്വഭാവം മൂലമാണ് പ്രപഞ്ചത്തിലെ ഓരോ വസ്തുക്കളുമുണ്ടാകുന്നത്. നക്ഷത്രസഞ്ചയങ്ങളും ഗ്രഹങ്ങളുമെല്ലാം ഈ ദ്വന്ദാത്മകതയുടെ സന്തതികളത്രെ.  പ്രപഞ്ചത്തിലെ ഒരൊറ്റ വസ്തുവി
നും അതിന്റെ സ്വന്തമായ അസ്തിത്വമവകാശപ്പെടാന്‍ കഴിയില്ല. അനന്തമായ നക്ഷത്ര സമൂഹങ്ങളിലൊന്നായ    ക്ഷീരപഥത്തിലെ ഒരംഗമാണ്  സൂര്യനെന്ന് നമുക്കറിയാം.  നക്ഷത്രസമൂഹത്തില്‍നിന്ന് വ്യത്യസ്തമായഒരു അസ്തിത്വം സൂര്യനുണ്ടോ? ഇല്ല തന്നെ;
സൂര്യന്റെ വിലാസംനിര്‍ണ്ണയിക്കുന്നത് അതുള്‍ക്കൊള്ളുന്ന നക്ഷത്ര സമൂഹമാണ്. സൂര്യനെ പരിക്രമണം ചെയ്യുന്ന അനേകം ഗ്രഹങ്ങളിലൊന്നായ ഭൂമിയുടെ അസ്തിത്വം തന്നെ സൗരയൂഥത്തിലെ ഒരു അംഗമെന്നതാണ്. അപ്പോള്‍ ഭൂമിയിലെ വസ്തുക്കളുടെ വിലാസമോ? അനന്തവിശാലമായ ഈ പ്രപഞ്ചത്തിലെ അനേകായിരം നക്ഷത്രസമൂഹങ്ങളിലൊന്നിലെ ഒരംഗം മാത്രമായ സൂര്യനുചുറ്റും പരിക്രമണം ചെയ്തുകൊണ്ടിരിക്കുന്ന അനവധി ഗ്രഹങ്ങളിലൊന്നിലെ വസ്തുക്കള്‍ എന്ന വിലാസം മാത്രം. അപ്പോള്‍ ഭൂമിയിലെ വസ്തുക്കള്‍ക്ക് പ്രപഞ്ചത്തിന്റെ പൊ
തുവായ നിയമം ബാധകമല്ലെന്നുവരുമോ? ഒരിക്കലുമില്ല. പ്രപഞ്ചത്തിന്റെ വികാസപരിണാമങ്ങള്‍ക്ക് നിദാനമായ നിയമം വൈരുദ്ധ്യങ്ങളുടെ സംഘട്ടനങ്ങളാണെങ്കില്‍ ഭൂമിയിലും അതേ നിയമങ്ങള്‍ തന്നെയായിരിക്കണം നിലനി
ല്‍ക്കുന്നത്.
അപ്പോള്‍ ജീവജാലങ്ങളുടെ അവസ്ഥയോ? ജീവികള്‍ക്ക് പദാര്‍ത്ഥത്തിന്നതീതമായ അസ്ഥിത്വമുണ്ടോ? എങ്ങനെ ഉണ്ടാകാനാണ്? പദാര്‍ത്ഥത്തിന്റെ വൈരുദ്ധ്യാത്മകതയില്‍ നിന്ന് ഏതോ ഒരു നിമിഷത്തില്‍ ഉരുത്തിരിഞ്ഞ, പാദാര്‍ത്ഥികമായ സ്വഭാവങ്ങള്‍ മാത്രമുള്ള ഒരു ഉണ്മയാണ് ജീവന്‍. ജീവികളിലുണ്ടായ പരിണാമത്തിന്റെയും അടിസ്ഥാനനിയമം വൈരുദ്ധ്യാത്മകത തന്നെയായിരുന്നു. ഇങ്ങനെയുള്ള പതിനായിരക്കണക്കിന് ജീവജാലങ്ങളില്‍ ഒന്നുമാത്രമാണ് മനുഷ്യന്‍.
മനുഷ്യന്റെ മേല്‍വിലാസം ഇത്രമാത്രമാണ്: വൈരുദ്ധ്യങ്ങളുടെ സംഘട്ടനങ്ങളിലൂടെയുള്ള പരസ്പരബന്ധത്തില്‍ നിലനി
ല്‍ക്കുന്ന പ്രപഞ്ചത്തിലെ അല്‍പം പു
രോഗമിച്ച ഘടനയുള്ള ഒരു പദാര്‍ത്ഥരൂപം.
അപ്പോള്‍പിന്നെ പദാര്‍ത്ഥത്തിന്റെ പൊ
തുവായ നിയമങ്ങള്‍ മനുഷ്യനുമാത്രം ബാധകമാകാതിരിക്കുന്നതെങ്ങനെ? മനുഷ്യസമൂഹത്തിന്റെ പുരോഗതിയും വളര്‍ച്ചയുമെല്ലാം പദാര്‍ത്ഥത്തിന്റെ വൈരുദ്ധ്യാത്മകതയുടെ വിശദീകരണത്തിന് വഴങ്ങുന്നതാണ്. മനുഷ്യന്റെ സാംസ്‌ക്കാരിക പു
രോഗതിക്ക് നിദാനമായ നിയമങ്ങളേതാണോ അതുതന്നെയാണ് പ്രപഞ്ചത്തിന്റെ ഉല്‍പ്പത്തിക്കും ജീവജാലങ്ങളുടെ പരിണാമത്തിനുമെല്ലാം നിമിത്തമായിരിക്കുന്നത്.
ഇവിടെനിന്നാണ് മാര്‍ക്‌സിന്റെ സിദ്ധാന്തം ചരിത്രത്തിലേക്ക് കടക്കുന്നത്. ലോകചരിത്രം വര്‍ക്ഷസമരത്തിന്റെ ചരിത്രമാണ്എന്ന് പറഞ്ഞുകൊണ്ട് തുടങ്ങുന്ന കമ്മ്യൂണിസ്റ്റ് മാനിഫെസ്‌റ്റോയെ തൊഴിലാളി വര്‍ക്ഷപ്രസ്ഥാനത്തിന്റെ ഇന്നത്തെ രീതിയിലുള്ള പു
രോഗമനത്തിന്റെയും, കൊളോണിയലിസ്റ്റ് നുകം വലിച്ചെറിഞ്ഞ ജനതകളുടെ സമരോല്‍സാഹത്തിന്റെയും നിമിത്തമായിട്ടാണ് ബോറിസ് പു
ര്‍ട്ടിന്റെ രാഷ്ട്രീയ സംജ്ഞാകോശംപരിചയപ്പെടുത്തുന്നത്. ഈ പദങ്ങള്‍ പറയുമ്പോള്‍ മാര്‍ക്‌സ് വിവക്ഷിക്കുന്നത് പദാര്‍ത്ഥത്തിന്റെ പു
രോഗമനത്തില്‍ അദ്ദേഹം കണ്ടെത്തിയ വൈരുദ്ധ്യങ്ങളുടെ സംഘട്ടനംതന്നെയാണ് ചരിത്രത്തെയും നയിക്കുന്ന നിയമവുമെന്നാണ്.
മനുഷ്യന്റെ ബന്ധങ്ങളെക്കുറിച്ച പഠനമാണ് ചരിത്രം. വര്‍ക്ഷസമരങ്ങളാണ് ചരിത്രത്തിന്റെ ഗതികളും ഗതിമാറ്റങ്ങളും നിയന്ത്രിക്കുന്നത്. വര്‍ക്ഷസമരത്തിന്റെ ചാലകശക്തി ഉല്‍പാ
ദന ബന്ധങ്ങളിലുള്ള മാറ്റങ്ങളാണ്. പ്രകൃതിയുമായുള്ള മനുഷ്യന്റെ ബന്ധം അവന്റെ ആദികാലം മുതല്‍ക്കുതന്നെയുണ്ട്. അത് അവന്റെ നിലനില്‍പ്പിന് അനിവാര്യമാണ്. പ്രകൃതിയുമായി മനുഷ്യന്‍ ബന്ധപ്പെടുന്ന രീതിക്ക് (forces of production) മാറ്റങ്ങളുണ്ടായിക്കൊണ്ടിരിക്കുന്നു. രീതികളിലുണ്ടാവുന്ന പരിവര്‍ത്തനങ്ങള്‍ക്കനുസരിച്ച് സമൂഹത്തിന്റെ ഉല്‍പാദനാവസ്ഥകളില്‍ (modes of production) മാറ്റങ്ങളുണ്ടാവുന്നു. ഈ രണ്ട് മാറ്റങ്ങളും വ്യക്തികളും സമൂഹവും തമ്മിലുള്ള ബന്ധങ്ങളില്‍ മാറ്റങ്ങളുണ്ടാക്കി. അത് ചരിത്രത്തെ പരിവര്‍ത്തിപ്പിച്ചു. ഉല്‍പാ
ദനശക്തികളും ഉല്‍പാദനബന്ധനങ്ങളുമാണ് ഉല്‍പാദന രീതിയെ നിര്‍ണ്ണയിക്കുന്നത്. ഈ ഉല്‍പാദനരീതി (mode of production)യാണ് ചരിത്രത്തെ മുന്നോട്ട് നയിക്കുന്നത്. ഉല്‍പാ
ദനരീതിയിലുണ്ടാകുന്ന മാറ്റങ്ങള്‍ക്കുള്ള കാരണം പ്രകൃതിയുടെ അടിസ്ഥാനനിയമമായ വൈരുദ്ധ്യാത്മകത തന്നെയാണ്. ഇതാണ് ചരിത്രപരമായ ഭൗതികവാദത്തിന്റെ ചുരുക്കം.
ചരിത്രഗതിക്ക് അഞ്ച് ഘട്ടങ്ങളാണുള്ളത്. പ്രാകൃത കമ്മ്യൂണിസം, അടിമത്തം, ഫ്യൂഡലിസം, മുതലാളിത്തം, സോഷ്യലിസം എന്നിങ്ങനെ അഞ്ച് ഘട്ടങ്ങള്‍. പ്രാ
കൃത കമ്മ്യൂണിസം മൃഗത്തില്‍നിന്നുള്ള മനുഷ്യ പരിണാമത്തിന് ശേഷമുള്ള പ്രഥമഘട്ടമായിരുന്നു. അന്ന് അവനും
പ്രകൃതിയുടെ ഭാഗമായിരുന്നു. വ്യക്തിയെന്ന നിലയ്ക്കുള്ള നിലനില്‍പ്പോ അസ്തിത്വമോ അവനുണ്ടായിരുന്നില്ല. മനുഷ്യസമൂഹം മാത്രമായിരുന്നു നിലനിന്നിരുന്നത്. ആ അവസ്ഥയില്‍ കുടുംബമോ സ്വകാര്യസ്വത്തോ മതമോ സദാചാരമൂല്യങ്ങളോ ഒന്നുമുണ്ടായിരുന്നില്ല. ഉപജീവനത്തിന് വേണ്ടിയുള്ള മാര്‍ക്ഷം തേടി യാത്രയായിരുന്നത് സമൂഹങ്ങളായിരുന്നു. അങ്ങനെ ആദ്യമായി അവന്‍ ഭക്ഷണസമ്പാദനം എളുപ്പമാക്കാനുള്ള ഉപകരണങ്ങള്‍ കണ്ടുപിടിച്ചു. അത് കണ്ടുപി
ടിച്ച വ്യക്തികള്‍ കൂടുതല്‍ സമ്പാദിക്കാന്‍ തുടങ്ങി. ഉദാഹരണത്തിന്, വേട്ടയാടിക്കൊണ്ടിരുന്ന മനുഷ്യസമൂഹത്തില്‍ ഒരു വ്യക്തി യാദൃച്ഛികമായി ഒരു മാന്‍പേട കുഴിയില്‍ വീണുകിടക്കുന്നതായി കാണുന്നു. മൃഗത്തിന്റെ പി
ന്നാലെ ഓടിപ്പിടിച്ച് അവയെ ഭക്ഷിക്കുന്നതിനേക്കാള്‍ എളുപ്പം കുഴികുഴിച്ച് അതില്‍ ചാടുന്ന മൃഗങ്ങളെ കൊന്ന്  ഭക്ഷിക്കുകയാണെന്ന്  അവന്‍ കണ്ടുപിടിക്കുന്നു. പു
തിയ മാര്‍ക്ഷത്തിലൂടെ വേട്ടയാടാനാരംഭിക്കുന്ന അവന്ന് സമൂഹത്തിലെ മറ്റ് അംഗങ്ങള്‍ക്ക് ലഭിക്കുന്നതിനേക്കാളധികം ഉല്‍പ്പാദനം ലഭിച്ചുതുടങ്ങുന്നു. ഉല്‍പ്പാദന ഉപകരണത്തിലുണ്ടായ ഈ ചെറിയ മാറ്റം സമൂഹത്തിന്റെ സന്തുലിതാവസ്ഥയെ തെറ്റിക്കുന്നു. അത് ചില വ്യക്തികള്‍ക്ക്അവര്‍ക്ക് ആവശ്യമുള്ളതിലധികം ഉല്‍പ്പന്നം ലഭിക്കാന്‍ കാരണമാക്കി. അപ്പോള്‍ അവിടെ ഉല്‍പ്പന്നം മിച്ചം വരുന്ന അവസ്ഥയുണ്ടായി. മിച്ചം  വന്നവര്‍ മിച്ചം വരാത്തവരുടെ തൊഴില്‍ വിലക്കുവാങ്ങി. അങ്ങനെ പണിയും കൂലിയും ഉണ്ടായി. തൊഴില്‍ വിലക്ക് വാങ്ങിയവര്‍ ഉടമകളും വിറ്റവര്‍ അടിമകളുമായി മാറി. പ്രാ
കൃത കമ്മ്യൂണിസ്റ്റ് വ്യവസ്ഥിതിയുടെ ഇത്തരം ആന്തരിക വൈരുദ്ധ്യങ്ങളുടെ സംഘട്ടനത്തില്‍നിന്ന് അടുത്ത വ്യവസ്ഥിതി നിലവില്‍വന്നുഅടിമത്തം.
അടിമത്ത കാലഘട്ടത്തില്‍ യജമാനന്റെ ഉദ്ദേശ്യം തന്റെ മിച്ചമുളള ഉല്‍പ്പന്നം കൊടുത്ത് അടിമയുടെ അടുത്തുനിന്ന് പരമാവധി തൊഴില്‍ ചൂഷണം ചെയ്യുകയും ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുകയുമാണ്. അടിമയുടെ ലക്ഷ്യമാകട്ടെ, തന്റെ തൊഴില്‍ വിറ്റ് പരമാവധി വേതനം ലഭ്യമാക്കണമെന്നതും. പരമാവധി ലാഭിക്കണമെന്ന ഉദ്ദേശ്യത്തോടെ ചെയ്യുന്ന രണ്ടുപേരുടെയും പ്രവര്‍ത്തനങ്ങള്‍ പരസ്പരവിരുദ്ധങ്ങളാണ്. ഇത് അടിമഉടമ സംഘട്ടനത്തിലേക്ക് നയിക്കുന്നു. ഇതാണ് വര്‍ക്ഷസമരത്തിന്റെ പ്രഥമഘട്ടം. സംഘട്ടനം മുറുകുമ്പോള്‍ യജമാനന്‍ തന്റെ ചൂഷണം നിലനി
ര്‍ത്താന്‍ സമൂഹത്തിലെ കങ്കാണിമാരുടേതായ ഒരു സംഘമുണ്ടാക്കും. ഇതാണ് ഭരണകൂടത്തിന്റെ പ്രാഥമികരൂപം.
ഭരണകൂടമുപയോഗിച്ച് അടിമകളെ അടിച്ചമര്‍ത്താനൊരുങ്ങുന്ന ഉടമകള്‍ക്കെതിരെ അടിമകള്‍ സംഘടിച്ചു. അവര്‍ യജമാനനെതിരെ സമരം ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ അതില്‍നിന്ന് അവരെ പി
ന്‍തിരിപ്പിക്കുന്ന വിവിധ ഘടകങ്ങളാണ് മതം, സദാചാരം തുടങ്ങിയവ. ഇവ അടിമക്ക് അമിതവാഗ്ദാനങ്ങള്‍ നല്‍കി അവനെ ചങ്ങലക്കെട്ടുകളില്‍നിന്ന് മുക്തി നേടുന്നതില്‍നിന്ന് തടഞ്ഞുനി
ര്‍ത്തുകയാണ് ചെയ്തത്. സമൂഹത്തിലെ
വൈരുദ്ധ്യങ്ങളുടെ സംഘട്ടനത്തോടൊപ്പം
തന്നെ ഉല്‍പാദന ഉപകരണങ്ങളിലും മാറ്റങ്ങളുണ്ടായി. കൃഷിസ്ഥലങ്ങളുടെയും അടിമകളുടെയും എണ്ണം വര്‍ദ്ധിച്ചു. ഒരു യജമാനന് തന്നെ ഒട്ടനവധി അടിമകളെ സൂക്ഷിക്കുക ദുഷ്‌ക്കരമായിത്തീര്‍ന്നു. അടിമകളുടെ മുന്നേറ്റം തടയാന്‍ അവരെ ഭിന്നിപ്പിക്കുകയും യജമാനന്മാരുടെ ആവശ്യമായിരുന്നു. മേച്ചില്‍ സ്ഥലങ്ങളുടെ വ്യാപ്
തിയിലുള്ള വര്‍ദ്ധനവ് ഭരണകൂടത്തിന് മുന്നിലും പ്രശ്‌നമായി മാറി. ഇതാണ് ജന്മികുടിയാന്‍ വ്യവസ്ഥയ്ക്ക് നിദാനമായത്. ഈ വ്യവസ്ഥിതിയാണ് ഫ്യൂഡലിസം.
പ്രഭുവും കുടിയാനും തമ്മിലുള്ള സംഘട്ടനം ഫ്യൂഡലിസ്റ്റ് കാലഘട്ടത്തിലും തുടരുകയാണ്. കുടിയാന്മാരുടെ കയ്യില്‍നിന്ന് പരമാവധി ഉല്‍പാ
ദനം ലഭ്യമാക്കണമെന്ന് കരുതുന്ന ജന്മിത്വമനോഭാവവും പ്രഭുവിന്റെ കയ്യില്‍ നിന്ന് കൂടുതല്‍ കൂലി വാങ്ങണമെന്ന കുടിയാന്റെ വിചാരവുമാണ് ഈ ഘട്ടത്തില്‍ സംഘട്ടനത്തിലേര്‍പ്പെടുന്ന വിരുദ്ധഭാവങ്ങള്‍. ഓരോ പ്രഭുവിന്റെയും കോട്ടകള്‍ സ്വയം പര്യാപ്
തങ്ങളായിരുന്നു. അവര്‍ക്കാവശ്യമുള്ള
വസ്തുക്കളെല്ലാം കോട്ടക്കുള്ളില്‍വെച്ചു
തന്നെ ഉല്‍പാദിപ്പിക്കപ്പെട്ടിരുന്നു. യന്ത്രങ്ങളുടെ ആഗമനം ഈ അവസ്ഥയെ മാറ്റിമറിച്ചു. ഉല്‍പാദനത്തിലുള്ള വര്‍ദ്ധനവും അതോടനുബന്ധിച്ചുണ്ടായ ഉല്‍പന്നങ്ങളുടെ വിലയിടിവും കോട്ടകളെ 
പുതിയ ഒരു പ്രതിസന്ധിയിലേക്ക് നയിച്ചു. ഉല്‍പ്പന്നങ്ങള്‍, കോട്ടയിലെ ആവശ്യത്തിലധികമായപ്പോള്‍ അടുത്ത കോട്ടയില്‍ കൊണ്ടുചെന്ന് വില്‍ക്കാന്‍ പ്രഭുക്കള്‍ നിര്‍ബന്ധിതരായി. ഇത് ചില കോട്ടകളില്‍ തൊഴില്‍ മാന്ദ്യം സൃഷ്ടിച്ചു. ഇത് പ്രഭുക്കള്‍ തമ്മിലുള്ള സംഘട്ടനത്തിലേക്ക് നയിച്ചു. ഈ സംഘട്ടനത്തില്‍നിന്ന് മറ്റൊരു പുതിയ വര്‍ക്ഷം രൂപം
കൊണ്ടു. യന്ത്രങ്ങള്‍ കൈവശമുള്ളവരുടെ വര്‍ക്ഷംഅതോടൊപ്പം തന്നെ മറ്റൊരു വര്‍ക്ഷവും ജന്മംകൊണ്ടു. യന്ത്രങ്ങള്‍ കൈവശമില്ലാത്ത, തൊഴില്‍മാത്രം വില്‍ക്കാന്‍ കഴിയുന്നവരുടെ വര്‍ക്ഷംഅവിടെ പു
തിയ ഒരു വ്യവസ്ഥിതി രൂപം കൊള്ളുകയായിരുന്നുമുതലാളിത്തം.
തങ്ങള്‍ ഉല്‍പാദിപ്പിച്ചത് പരിപൂ
ര്‍ണ്ണമായും തങ്ങള്‍ക്കുതന്നെ കിട്ടണമെന്ന തൊഴിലാളികളുടെ ആഗ്രഹവും തൊഴിലാളികളെ പരമാവധി ചൂഷണം ചെയ്യണമെന്ന മുതലാളിയുടെ ലക്ഷ്യവും തമ്മിലുള്ള സംഘട്ടനമാണ് മുതലാളിത്തഘട്ടത്തില്‍ നടക്കുന്നത്. മുതലാളിത്ത വ്യവസ്ഥിതിയില്‍ ഒരൊറ്റ ഫാക്ടറിക്ക് കീഴില്‍ തന്നെ ആയിരക്കണക്കിന് തൊഴിലാളികള്‍ പണിയെടുക്കുന്ന അവസ്ഥ സംജാതമായിട്ടുണ്ട്. ആശയവിനിമയത്തി
നും സംഘടിതശക്തിയുടെ രൂപീകരണത്തിനും ഇത് കാരണമാകും.  ഉല്‍പ്പാദനോപകരണങ്ങളുടെ മാറ്റത്തിനനു
സൃതമായി, കമ്പോളത്തില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ വിവിധങ്ങളായ തന്ത്രങ്ങള്‍ പയറ്റണമെന്ന് മുതലാളിമാര്‍ മനസ്സിലാക്കുന്നു. പുതിയ യന്ത്രങ്ങളുടെ കണ്ടുപി
ടുത്തം തൊഴിലില്ലായ്മസൃഷ്ടിക്കുന്നു. നിലവിലുള്ള തൊഴിലാളികള്‍ക്കുതന്നെ വേതനം കുറക്കാന്‍ മുതലാളി മുതിരും. തൊഴിലില്ലായ്മയും കുറയുന്ന കൂലിയും നിമിത്തം കഷ്ടപ്പാടിന്റെ അങ്ങേയറ്റത്തെത്തുന്ന തൊഴിലാളികള്‍ സംഘടിച്ച്  വ്യാവസായിക സന്നദ്ധസേനക്ക് (industrial reserve army) രൂപം നല്‍കും. തൊഴിലാളി മുതലാളിസംഘട്ടനങ്ങള്‍ നടക്കും. അതോടൊപ്പംതന്നെ മുതലാളിത്ത മേഖലയില്‍ മറ്റൊരു പ്രതിസന്ധികൂടി രൂപംകൊള്ളും. തൊഴിലാളിക്ക് കൂലി കുറവായതിനാല്‍ ഫാക്ടറികളില്‍ ഉല്‍പാ
ദിപ്പിക്കപ്പെടുന്ന ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ അവര്‍ക്ക് സാധ്യമല്ലാതാവുകയും അതുകൊണ്ടുതന്നെ ഉല്‍പന്നങ്ങള്‍ കെട്ടിക്കിടക്കുന്ന അവസ്ഥ സംജാതമാവുകയും ചെയ്യും. ഇത് മുതലാളിമാരുടെ ലാഭം കുറയ്ക്കുകയും വ്യവസ്ഥിതിയുടെ ദുര്‍ബ്ബലാവസ്ഥക്ക് കാരണമാവുകയും ചെയ്യും. ഇത് തൊഴിലാളി വിപ്ലവത്തിന് അനുകൂലമായ അവസ്ഥ സൃഷ്ടിക്കും. അവര്‍ ബലം പ്രയോഗിച്ച് ഭരണകൂടത്തെ അട്ടിമറിച്ച് തൊഴിലാളികളുടേതായ ഭരണകൂടം സ്ഥാപി
ക്കും. അത് മറ്റൊരു വ്യവസ്ഥിതിയുടെ തുടക്കമാണ്സോഷ്യലിസം.
തൊഴിലാളിവര്‍ഗ പ്രതിനിധികള്‍ തൊഴിലാളിവര്‍ക്ഷത്തിനുവേണ്ടി അധികാരം പിടിച്ചടക്കുന്നതോടുകൂടിയാണ് സോഷ്യലിസ്റ്റ് വ്യവസ്ഥിതി ആരംഭിക്കുന്നത്. സ്‌റ്റേറ്റ് എല്ലാ ഉല്‍പാ
ദന ഉപകരണങ്ങളുടെയും ഉടമസ്ഥാവകാശം ഏറ്റെടുക്കും. ഈ അവസ്ഥയില്‍ ഉല്‍പാദന ഉപകരണങ്ങളുടെ അവകാശികള്‍ പ്രതിഷേധത്തിന് മുതിര്‍ന്നാല്‍ അവരെ തൊഴിലാളിവര്‍ഗ ഭരണകൂടം അടിച്ചമര്‍ത്തും. കൃഷിഭൂമികളും ഉല്‍പാ
ദനോപകരണങ്ങളും വാര്‍ത്താമാധ്യമങ്ങളും ഫാക്ടറികളും ബാങ്കുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമെല്ലാം തൊഴിലാളി വര്‍ഗാധിപത്യത്തിന് കീഴില്‍വരും. ഈ മാര്‍ഗത്തില്‍ തടസ്സമായി നില്‍ക്കുന്നവരെ സമൂഹത്തിനുവേണ്ടി സ്‌റ്റേറ്റ് നശിപ്പിക്കും. തൊഴിലാളിക്ക് അവന് ജീവിക്കുവാന്‍ ആവശ്യമുള്ള കൂലി മാത്രം കൊടുക്കും. അവന് തൊഴിലാളിയെന്ന നിലയ്ക്ക് ജീവിക്കാന്‍ ആവശ്യമായതുകിഴിച്ച് ബാക്കിയെല്ലാം ഗവണ്‍മെന്റ് പി
ടിച്ചെടുത്ത് തൊഴിലാളി രാഷ്ട്രത്തിനുവേണ്ടി വിനിയോഗിക്കും. സ്വകാര്യസ്വത്ത് പൂ
ര്‍ണ്ണമായി ഇല്ലാതാകുന്നതോടെ മനുഷ്യനിലെ സ്വാര്‍ത്ഥത അവസാനിക്കും. അങ്ങനെ സ്വാര്‍ത്ഥതയുടെ ഉല്‍പന്നങ്ങളായ കുറ്റകൃത്യങ്ങളും ചൂഷണങ്ങളും അവസാനിക്കും. അപ്പോള്‍ ഭരണകൂടം താനെ പൊഴിഞ്ഞുപോ
കും. അല്ലെങ്കില്‍, ഭരണകൂടത്തിന്റെ പ്രസക്തി നഷ്ടപ്പെടും. കാരണം, ജനങ്ങള്‍ ഉയര്‍ന്ന ധാര്‍മ്മികനിലവാരവും ഉല്‍ബുദ്ധതയുമുള്ളവരായിത്തീരും. സാമൂഹികമായ ഉല്‍പാ
ദനം നടക്കും. അതിന്റെ വികാസനിലവാരം നിമിത്തം ഓരോരുത്തരില്‍നിന്നും അവരവരുടെ കഴിവിന്നനുസരിച്ച്, ഓരോരുത്തര്‍ക്കും അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച്,എന്ന കമ്മ്യൂണിസത്തിന്റെ മൗലിക പ്രമാണം രൂപം
കൊള്ളും. മാനവ സംസ്‌കാരത്തിന്റെ ഏറ്റവും ഉന്നതമായ രൂപത്തില്‍ മനുഷ്യര്‍ അന്ന് എത്തിച്ചേരും. സുന്ദരമായ 
പുതിയ വ്യവസ്ഥിതി. ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരുമില്ലാത്ത വ്യവസ്ഥിതിഅതാണ് കമ്മ്യൂണിസം.
ഇതാണ് ചരിത്രപരമായ ഭൗതികവാദത്തിന്റെ സംക്ഷിപ്ത രൂപം.
കമ്മ്യൂണിസത്തിന് ശേഷം എന്താണെന്ന ചോദ്യത്തിന് മാര്‍ക്‌സോ ഏംഗല്‍സോ മറുപടിയൊന്നും പറയുന്നില്ല. മാനവചരിത്രം വൈരുദ്ധ്യങ്ങളുടെ സംഘട്ടനങ്ങളിലൂടെ 
പുരോഗമിക്കുന്നുവെങ്കില്‍ കമ്മ്യൂണിസത്തിന് ശേഷവും ചരിത്രത്തിന്റെ വൈരുദ്ധ്യാത്മക സ്വഭാവം നിലനില്‍ക്കുകയും 
പുതിയ മാറ്റങ്ങള്‍ക്ക് അവ നിമിത്തമാവുകയും ചെയ്യണമല്ലോ. മാര്‍ക്‌സിസ്റ്റ് ചരിത്രവ്യഖ്യാനപ്രകാരമുളള ചരിത്രഘട്ടങ്ങള്‍ വീണ്ടും ആവര്‍ത്തിക്കപ്പെടുമോ, അതല്ല ചരിത്രത്തിന്റെ വികാസംതന്നെ നിന്നുപോകുമോ അതുമല്ല പ്രപഞ്ചം തന്നെ മാറ്റത്തിന് സ്വയം വിധേയമാകുമോ എന്നൊന്നും തന്നെ മാര്‍ക്‌സിസ്റ്റ് സൈദ്ധാന്ത ികര്‍ പറഞ്ഞുവെച്ചിട്ടില്ല. ആധുനിക ചിന്തകരായ ഷൊളോം ഗെര്‍മേനെപ്പോലെയുള്ളവര്‍, രാഷ്ട്രീയ വിപ്ലവങ്ങളുടെ അനിവാര്യതയില്ലാതെയാവുന്ന കമ്മ്യൂണിസ്റ്റ് സമുദായത്തില്‍ രാഷ്ട്രീയത്തിലോ വ്യവസ്ഥകളിലോ മാറ്റങ്ങളൊന്നുമുണ്ടാവുകയില്ലെങ്കിലും സാമൂഹിക വികാസവും വളര്‍ച്ചയുമുണ്ടാവുമെന്ന് വിശദീകരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വിശദീകരണം അദ്ദേഹത്തെപ്പോലും സംതൃപ്
തനാക്കുന്നതല്ലെന്നതാണ് വാസ്തവം.
സൈദ്ധാന്തിക വൈകല്യങ്ങള്‍:
കമ്മ്യൂണിസത്തിന്റെ ഒന്നാമത്തെ തെറ്റ് അതിന്റെ ലോകവീക്ഷണമാണ്. വിരുദ്ധഭാവങ്ങളുടെ സംഘട്ടനങ്ങളിലാണ് പദാര്‍ത്ഥത്തിന്റെ നിലനി
ല്‍പ്പെന്ന് വാദിച്ച മാര്‍ക്‌സ് പ്രപഞ്ചത്തിന്റെ നിയമങ്ങള്‍ക്കുപിന്നില്‍ പദാര്‍ത്ഥാതീതമായ ഒരു ശക്തിയുണ്ടായിരിക്കാനുള്ള സാധ്യതയെ 
പൂര്‍ണ്ണമായും നിഷേധിക്കുകയായിരുന്നു.
സ്രഷ്ടാവിനെ നിഷേധിക്കാനായി സിദ്ധാന്തങ്ങള്‍ പണിത മാര്‍ക്‌സ് ദൈവത്തേക്കാള്‍ ബുദ്ധിയുള്ള വസ്തുവായി പദാര്‍ത്ഥത്തെ സങ്കല്‍പ്പിച്ചു. പദാര്‍ത്ഥത്തിന് അതിന്റെ വൈരുദ്ധ്യങ്ങളിലൂടെ സ്വയം പുരോഗമിക്കാനാകുമെന്ന് അദ്ദേഹം വിശദീകരിച്ചു. തികച്ചും അന്ധമായി, ബുദ്ധിയില്ലാത്ത പദാര്‍ത്ഥത്തില്‍ ദൈവത്തിന്റെ ഗുണങ്ങള്‍ ആരോ
പിച്ചു.
ദൈവത്തിന് പകരം നില്‍ക്കാനായി പദാര്‍ത്ഥത്തെ സജ്ജമാക്കാന്‍ വേണ്ടി പടച്ചെടുത്ത വൈരുദ്ധ്യാത്മക ഭൗതികവാദം യഥാര്‍ത്ഥത്തില്‍ പരമാബദ്ധമാണ്. പ്രപഞ്ചത്തിന്റെ നില
നില്‍പ്പ് തന്നെ വൈരുദ്ധ്യങ്ങളുടെ സംഘട്ടനത്തിലാണെന്ന വാദം മാര്‍ക്‌സ് ഉപയോഗിച്ചിരിക്കുന്ന ഉദാഹരണങ്ങളുടെ വെളിച്ചത്തില്‍ തന്നെ ഖണ്ഡിക്കാനാകും. ബാര്‍ലി വിത്ത് അതിന്റെ സ്വയം നിഷേധത്തിലൂടെ ബാര്‍ലി ചെടിയായി മാറുമ്പോള്‍ വൈരുദ്ധ്യങ്ങളുടെ സംഘട്ടനമല്ല നടക്കുന്നത്; പ്രത്യുത ബാര്‍ലി വിത്തിന്റെ 
പൂര്‍ണ്ണതയിലേക്കുള്ള പ്രയാണമാകുന്നു. ഇവിടെ ബാര്‍ലി വിത്ത് സ്വയം നിഷേധിക്കപ്പെടാ
നും ബാര്‍ലി വിത്തായി നിലനില്‍ക്കാനുമുള്ള വിരുദ്ധ താല്‍പര്യങ്ങളുടെ സംഘട്ടനം തന്നെ നടക്കുന്നില്ല. മറ്റൊരു ഉദാഹരണമായ 
പൂവിന്റെയും കായയുടെയും അവസ്ഥയും ഇതുതന്നെയാണ്. ആറ്റത്തിന്റെ ആന്തരിക ഘടനയെക്കുറിച്ച സിദ്ധാന്തങ്ങള്‍ ആവിഷ്‌ക്കരിക്കപ്പെട്ടപ്പോള്‍, മാര്‍ക്‌സിസ്റ്റ് തത്വശാസ്ത്രത്തിനുള്ള അംഗീകാരമായി അണുവിനുള്ളിലെ ഇലക്‌ട്രോണ്‍പ്രോ
ട്ടോണ്‍ വിന്യാസം വിശദീകരിക്കപ്പെടുകയുണ്ടായി. പക്ഷേ, ഇലക്‌ട്രോണും പ്രോ
ട്ടോണും വിരുദ്ധഭാവങ്ങളുള്ള കണികകളെന്ന വിശേഷണത്തെക്കാളധികം ഇണകളെന്ന വിശേഷണമാണ് അര്‍ഹിക്കുന്നതെന്ന് ഇന്ന് നമുക്കറിയാം. പ്രപഞ്ചത്തിലെചെറുകണിക മുതല്‍ നക്ഷത്രജാലങ്ങള്‍ വരെയുള്ളവയുടെ നിലനില്‍പ് പരസ്പരമുള്ള സംഘട്ടനത്തിലൂടെയല്ല, പ്രത്യുത അവ തമ്മിലുള്ള 
പാരസ്പര്യത്തിലൂടെയാണെന്ന് ജ്യോതിശാസ്ത്രത്തിന്റെ ബാലപാഠമെങ്കിലും പഠിച്ചാല്‍ മനസ്സിലാകും. യഥാര്‍ത്ഥത്തില്‍ മാര്‍ക്‌സിന് പറ്റിയ പ്രധാന തെറ്റ് ഇതുതന്നെയായിരുന്നു. വര്‍ക്ഷസംഘട്ടനത്തിലധിഷ്ഠിതമായ രാഷ്ട്രീയ മോചന സിദ്ധാന്തത്തിന്റെ 
നിര്‍മ്മിതിക്കുവേണ്ടി ചരിത്രത്തിലുടനീളം വര്‍ക്ഷ സംഘട്ടനങ്ങള്‍ കണ്ടെത്തുകയും ഇത് പ്രകൃതിയുടെ പൊ
തുസ്വഭാവമാണെന്ന് വരുത്തിത്തീര്‍ക്കുകയും ചെയ്യാന്‍ ശ്രമിച്ചുവെന്ന തെറ്റ്.
സൂക്ഷ്മപ്രപഞ്ചം മുതല്‍ സ്ഥൂലപ്രപഞ്ചം വരെയുളള എല്ലാറ്റിലും കണ്ടെത്തിയ അതേ വൈരുദ്ധ്യംതന്നെ ചരിത്രത്തിലും പ്രയോഗിക്കാന്‍ ശ്രമിച്ചതാണ് മാര്‍ക്‌സിന് പറ്റിയ രണ്ടാമത്തെ തെറ്റ്. ചരിത്രം സൃഷ്ടിക്കുന്നവനാണ് മനുഷ്യന്‍ എന്ന് പറഞ്ഞുവെച്ച മാര്‍ക്‌സിന് എന്തുകൊണ്ടവന്‍ ചരിത്രം സൃഷ്ടിക്കുന്നുവെന്ന് പറയാന്‍ സാധിച്ചില്ല. ഇവിടെ മാര്‍ക്‌സിന് രണ്ടുതരം അബദ്ധങ്ങളാണ് 
പിണഞ്ഞത്. ഒന്ന്, മനുഷ്യനെ പദാര്‍ത്ഥത്തില്‍നിന്ന് വ്യത്യസ്തമായ ഏതെങ്കിലും രൂപത്തിലുള്ള ഒരു അസ്തിത്വമുള്ളവനായി കാണാന്‍ കഴിഞ്ഞില്ല. രണ്ട്, ചരിത്രത്തെ അതിനില്ലാത്ത ഒരു ഗണനാക്രമം അനുസരിച്ച് വ്യാഖ്യാനിച്ചു. അതുകൊണ്ടുതന്നെ അതിനില്ലാത്ത കമ്മ്യൂണിസംഎന്ന ഒരു ഭാവി വ്യവസ്ഥയെ അദ്ദേഹം പ്രവചിച്ചു. ഭൂമിയില്‍ ഒരിക്കലും ഉണ്ടാന്‍ സാധ്യമല്ലാത്ത ഒരു ഉട്ടോപ്പിയമാത്രമാണ് കമ്മ്യൂണിസ്റ്റ് വ്യവസ്ഥിതിയെന്ന് ഇന്ന് എല്ലാവര്‍ക്കുമറിയാം.
വൈരുദ്ധ്യാത്മക ചരിത്രവിശകലനം അബദ്ധമാണെന്നതിന് റഷ്യയില്‍ നടന്ന ഒക്‌ടോബര്‍ വിപ്ലവം തന്നെ തെളിവാണ്. ഫ്യൂഡലിസ്റ്റ് വ്യവസ്ഥിതിയില്‍ കഴിഞ്ഞിരുന്ന സാറിസ്റ്റ് റഷ്യയില്‍ മുതലാളിത്തത്തിന്റെ ആഗമനത്തിന് മുമ്പാണ് ലെനിന്‍ സോഷ്യലിസം സ്ഥാപിച്ചത്. ചരിത്രപരമായ ഭൗതികവാദം ശാസ്ത്രീയവും സത്യസന്ധവുമായിരുന്നുവെങ്കില്‍, മുതലാളിത്തം റഷ്യയിലും കടന്നുവന്നശേഷം അതിലെ ആന്തരിക വൈരുദ്ധ്യങ്ങളും തൊഴിലാളി വിപ്ലവവുംകൊണ്ട് റഷ്യന്‍ ഗവണ്‍മെന്റ് തകര്‍ന്നുവീഴേണ്ടതായിരുന്നു. ഇത് രണ്ടും റഷ്യയിലുണ്ടായില്ല. മാര്‍ക്‌സിയന്‍ സങ്കല്‍പ പ്രകാരം ചരത്രത്തില്‍ അനിവാര്യമായും ഉണ്ടായിരിക്കേണ്ട മുതലാളിത്തമെന്ന വ്യവസ്ഥിതി റഷ്യയില്‍ കടന്നുവന്നില്ലെങ്കില്‍ ചുരുങ്ങിയത് റഷ്യയുടെ കാര്യത്തിലെങ്കിലും മാര്‍ക്‌സിയന്‍ ചരിത്ര വീക്ഷണം തെറ്റാണെന്ന് സമ്മതിക്കേണ്ടിവരും. വികസിതരാജ്യങ്ങളിലെല്ലാം തന്നെ മുതലാളികളും തൊഴിലാളികളും തമ്മില്‍ ഇന്ന് സഹകരണവും നില
നില്‍ക്കുന്നുണ്ട്. തൊഴിലാളികള്‍ തന്നെ ഓഹരി ഉടമകളാവുകയും അവര്‍ക്ക് വ്യവസായ ലാഭത്തിന്റെ വിഹിതം ലഭിക്കുകയും ചെയ്യുന്ന 
പുതിയ സാമ്പത്തിക സംസ്‌ക്കാരം മുതലാളിതൊഴിലാളി സംഘട്ടനത്തിലേക്കല്ല, പ്രത്യുത സഹകരണത്തിലേക്കും 
പാരസ്പര്യത്തിലേക്കുമാണ് നയിക്കുന്നത്. മുതലാളിയും തൊഴിലാളിയും തമ്മിലുള്ള വൈരുദ്ധ്യങ്ങളിലൂടെ നാളെയൊരു വിപ്ലവം നടക്കുമെന്ന് കണക്കുകൂട്ടുന്നതുതന്നെ 
പുതിയ സാമ്പത്തിക സാഹചര്യങ്ങളുടെ വെളിച്ചത്തില്‍ അബദ്ധം മാത്രമാണ്.
ഭൂതകാലത്തെ വസ്തുനിഷ്ഠമായി വ്യാഖ്യാനിക്കുകയും ഭാവിയെ വ്യക്തമായി 
നിര്‍വചിക്കുകയും ചെയ്യുന്ന ദര്‍ശനമായാണ് മാര്‍ക്‌സിസ്റ്റ് ധൈഷണികന്മാര്‍ ചരിത്രപരമായ ഭൗതികവാദത്തെ അവതരിപ്പിക്കാറുള്ളത്. മാര്‍ക്‌സിസത്തിന്റെ തകര്‍ച്ചക്ക് മുമ്പുതന്നെ ചരിത്രപരമായ ഭൗതികവാദം തകര്‍ന്നിട്ടുണ്ട്.
കുറെ അബദ്ധസങ്കല്‍പങ്ങളുടെ ഒരു സമാഹാരം മാത്രമാണ് ചരിത്രപരമായ ഭൗതികവാദമെന്ന വസ്തുത അരക്കിട്ടുറപ്പിക്കുകയാണ് സോവിയറ്റ് യൂണിയന്റെയും കിഴക്കന്‍ യൂറോ
പ്യന്‍ രാജ്യങ്ങളുടെയും പതനം ചെയ്തത്. മാര്‍ക്‌സിയന്‍ ചരിത്രവിശകലനം അബദ്ധങ്ങളുള്‍ക്കൊള്ളുന്നതാണെന്ന് പറയാന്‍ നിരവധി കാരണങ്ങളുണ്ട്. അവയില്‍ ചിലവ ഇവിടെ ഉദ്ധരിക്കാം.
(1)
പ്രാകൃത കമ്മ്യൂണിസത്തില്‍നിന്ന്
അടിമത്തത്തിലേക്കും അതില്‍നിന്ന് ഫ്യൂഡലിസത്തിലേക്കും പിന്നീട് മുതലാളിത്തത്തിലേക്കും അതില്‍നിന്ന് സോഷ്യലിസത്തിലേക്കും അവസാനം കമ്മ്യൂണിസത്തിലേക്കുമാണ് മനുഷ്യസമൂഹത്തിന്റെ പരിണാമമെന്ന സങ്കല്‍പത്തിന് നൂറുശതമാനം അനുഗുണമായ ഒരു സമൂഹത്തെ പോലും കാണുവാന്‍ കഴിഞ്ഞിട്ടില്ല. പല സമൂഹങ്ങളുടെയും ചരിത്രത്തെ തങ്ങളുടെ സിദ്ധാന്തങ്ങള്‍ക്കനുസൃതമായ രീതിയില്‍ അവതരിപ്പിക്കുക മാത്രമാണ് മാര്‍ക്‌സും ഏംഗല്‍സും ചെയ്തത്.
(2)
ഓരോ സമൂഹത്തിന്‍േറതുമായ മാര്‍ക്‌സ് വിശേഷിപ്പിച്ച സവിശേഷതകളില്‍ പലതും മറ്റു സമൂഹങ്ങളില്‍ നിലനിന്നിരുന്നു. ഉദാഹരണത്തിന് അടിമത്തം ഫ്യൂഡലിസ്റ്റ് സമൂഹങ്ങളിലും മുതലാളിത്ത സമൂഹങ്ങളില്‍പോലും നിലനിന്നിരുന്നുവെന്നതിന് തെളിവുകളുണ്ട്. ഇന്ത്യയില്‍ ഇന്നും അടിമത്തം നില
നില്‍ക്കുന്നുവെന്നാണല്ലോ കെ.പാനൂര്‍ എഴുതിയത്.
(3)
മുതലാളിത്തത്തില്‍നിന്നാണ് സോഷ്യലിസമുണ്ടാവുകയെന്ന മാര്‍ക്‌സിയന്‍ തത്വത്തിന് വിരുദ്ധമായി ഫ്യൂഡലിസ്റ്റ് റഷ്യയാണ് ആദ്യമായി സോഷ്യലിസത്തിലെത്തിച്ചേര്‍ന്ന രാഷ്ട്രം.
(4)
ചരിത്രം മുന്നോട്ട് മാത്രമെ ചലിക്കൂവെന്ന തത്വശാസ്ത്രത്തിന് വിരുദ്ധമായി സോഷ്യലിസ്റ്റ് രാഷ്ട്രങ്ങള്‍ തിരിച്ച് മുതലാളിത്തത്തിലേക്ക് പോയി.
(5)
മാര്‍ക്‌സ് പറഞ്ഞ ആന്തരിക വൈരുദ്ധ്യങ്ങളോടെ നിലനില്‍ക്കുന്ന നിരവധി മുതലാളിത്ത സമൂഹങ്ങളുണ്ടായിട്ടും അവിടെയൊന്നും സോഷ്യലിസം വന്നില്ല; വരുന്ന ലക്ഷണങ്ങളൊന്നും കാണുന്നുമില്ല.
പദാര്‍ത്ഥത്തില്‍നിന്ന് തുടങ്ങി മനുഷ്യനിലെത്തുന്ന മാര്‍ക്‌സ് പദാര്‍ത്ഥത്തിന്റെ മാത്രം സ്വഭാവങ്ങള്‍ മനുഷ്യ
നില്‍ ആരോപിക്കുന്നു. ഭൗതിക വസ്തുവില്‍നിന്ന് വ്യത്യസ്തമായ ഒരു വ്യക്തിത്വമോ അസ്തിത്വമോ മനുഷ്യന് കല്‍
പിക്കുന്നതിനെ അദ്ദേഹം വിലക്കുന്നു. മതവുമായുള്ള അദ്ദേഹത്തിന്റെ വിയോജിപ്പ് പ്രധാനമായും പ്രകടമാകുന്നത് ഇവിടെയാണ്. പദാര്‍ത്ഥത്തിന്റെ മാത്രം കാര്യത്തില്‍തന്നെ അദ്ദേഹം ആരോ
പിച്ച നിയമങ്ങള്‍ അടിസ്ഥാനരഹിതങ്ങളാണെന്ന് നാം കണ്ടു. ഭൗതികവസ്തുവില്‍നിന്ന് ഉയര്‍ന്നുനില്‍ക്കുന്ന ഉണ്‍മയോടുകൂടിയ മനുഷ്യനില്‍ ആ നിയമങ്ങള്‍ അപ്രാ
യോഗികമായിരിക്കുമെന്ന് പിന്നെ പറയേണ്ടതുണ്ടോ? പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങള്‍ ജീവിയുടെ ഘടനയില്‍ മാറ്റുണ്ടാക്കുമെന്ന് ഡാര്‍വിന്‍ സിദ്ധാന്തിച്ചപ്പോള്‍, മാര്‍ക്‌സ് അല്‍പം
കൂടി മുന്നോട്ട് കടന്ന് ഉല്‍പ്പാദനബന്ധങ്ങളിലുണ്ടാവുന്ന മാറ്റങ്ങളും സമൂഹത്തില്‍ നിലനില്‍ക്കുന്ന സാമ്പത്തികവ്യവസ്ഥിതിയും മാത്രമാണ് മനുഷ്യന്റെ സാംസ്‌ക്കാരികവും ധാര്‍മ്മികവുമായ ഘടന 
നിര്‍ണ്ണയിക്കുന്നതെന്ന് വാദിച്ചു. അവിടെയാണ് വ്യക്തിയെന്ന നിലയ്ക്കുള്ള മനുഷ്യന്റെ അസ്തിത്വത്തെത്തന്നെ മാര്‍ക്‌സിസം ചോദ്യം ചെയ്യുന്നത്. മാര്‍ക്‌സിസ്റ്റ് വീക്ഷണത്തില്‍ ധാര്‍മ്മികവും സദാചാരപരവുമായ നിയമങ്ങളും വ്യക്തിയും തമ്മില്‍ ഒരു ബന്ധവുമില്ല. സമൂഹത്തിലെ വ്യവസ്ഥിതിക്കനുസരിച്ചാണ് അവ 
നിര്‍ണ്ണയിക്കപ്പെടുന്നത്.
ലോകത്തിലെ സകലവിധ പ്രശ്‌നങ്ങള്‍ക്കുമുള്ള കാരണം സ്വകാര്യസ്വത്ത് സമ്പ്രദായമാണെന്നാണ് മാര്‍ക്‌സിസം സിദ്ധാന്തിക്കുന്നത്.
പ്രാചീന കമ്മ്യൂണ്‍വ്യവസ്ഥ തകരുകയും അടിമവ്യവസ്ഥ നിലവില്‍വരികയും ചെയ്യുന്ന പ്രക്രിയയിലാണ് സ്വകാര്യഉടമസ്ഥതാ സമ്പ്രദായം രൂ
പം കൊണ്ടത്. സമൂഹത്തെ ദരിദ്രരും ധനികരുമാക്കി വര്‍ക്ഷീകരിച്ചതും ചൂഷകരും ചൂഷിതരുമാക്കി വിഭജിച്ചതും ഈ സമ്പ്രദായമാണ്. സ്വകാര്യസ്വത്ത് സമ്പ്രദായം പരിണമിച്ച് മുതലാളിത്തദശയിലെത്തിയപ്പോള്‍ അത് തിന്മയുടെ മൂര്‍ത്തരൂപമായി മാറി. മുതലാളിത്ത കാലഘട്ടത്തിലെ അരാജകത്വങ്ങള്‍ക്കും തൊഴിലില്ലായ്മക്കും സാമ്പത്തിക പ്രതിസന്ധികള്‍ക്കും അക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും മാനസിക 
പിരിമുറുക്കത്തിനുമെല്ലാം കാരണം സ്വകാര്യസ്വത്ത് നിലനില്‍ക്കുന്നതാണ്. മുതലാളിത്തത്തില്‍നിന്ന് സോഷ്യലിസ്റ്റ് വ്യവസ്ഥിതിയിലേക്ക് സമൂഹം പരിവര്‍ത്തിതമായാല്‍ 
പിന്നെ പ്രഥമമായി നടക്കുന്നത് സ്വകാര്യസ്വത്തിന്റെ നിഷ്‌കാസനമായിരിക്കും. വിപ്ലവാനന്തര കാലഘട്ടത്തില്‍ തൊഴിലാളിവര്‍ക്ഷ പ്രതിനിധികള്‍ തൊഴിലാളിവര്‍ക്ഷത്തിനുവേണ്ടി അധികാരം മുഴുവന്‍ 
പിടിച്ചടക്കുകയും എല്ലാ ഉല്‍പ്പാദനോപകരണങ്ങളുടെയും അവകാശം രാഷ്ട്രത്തിന്റെ കയ്യില്‍ കേന്ദ്രീകരിച്ച ശേഷം പൊതുവായി ഉല്‍പാദനം നടത്തുകയും ചെയ്യും”(6)  എന്നാണ് ഏംഗല്‍സ് പറയുന്നത്. സ്വകാര്യസ്വത്തിന്റെ നിഷ്‌ക്കാസനത്തിന് പ്രതിബന്ധം സൃഷ്ടിക്കുന്ന ശക്തികളെയും വ്യക്തികളെയും ഉന്മൂലനം ചെയ്യുകതന്നെ വേണം. കാരണം അവര്‍ സമൂഹത്തിന്റെ ശത്രുക്കളാണ്. ഈ ഉന്മൂലനമാണ് സോഷ്യലിസ്റ്റ് ഘട്ടത്തിലെ ഭരണകൂടത്തിന്റെ പ്രധാന ചുമതല.
ഇവിടെയാണ് സ്റ്റാലിനിസത്തിന് മാര്‍ക്‌സിസത്തിന്റെ സൈദ്ധാന്തികമായ അംഗീകാരം ലഭിക്കുന്നത്. മാര്‍ക്‌സിസമല്ല; സ്റ്റാലിനിസമാണ് അപകടമെന്ന് 
പാടി നടക്കുന്നവര്‍ മാര്‍ക്‌സും ഏംഗല്‍സും ചേര്‍ന്നെഴുതിയ ഗോഥാ പ്രോ
ഗ്രാമിനുള്ള വിമര്‍ശനംഎന്ന പുസ്തകം ഒരാവര്‍ത്തി വായിച്ചുനോക്കട്ടെ. സോഷ്യലിസ്റ്റ് ഘട്ടത്തിലെ ഭരണക്രമം എങ്ങനെയായിരിക്കണമെന്ന ചര്‍ച്ച പൊ
ങ്ങിവന്നപ്പോള്‍ തൊഴിലാളി വര്‍ക്ഷ സര്‍വ്വാധിപത്യംഅഥവാ പാര്‍ട്ടിയുടെ സര്‍വ്വാധിപത്യമാണ് ആ അവസ്ഥയില്‍ ഉണ്ടാവുകയെന്ന് മാര്‍ക്‌സും ഏംഗല്‍സും ശക്തമായി വാദിച്ചു. ഗോഥാ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്ന ജര്‍മന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു യോഗം പാര്‍ട്ടിയുടെ സ്വേച്ഛാധിപത്യമല്ല, പ്രത്യുത പൊതുതെരഞ്ഞെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഭരിക്കുന്ന സംവിധാനമാണ് വേണ്ടതെന്ന അഭിപ്രായം മുന്നോട്ടുവെച്ചു. ഇതിന് മാര്‍ക്‌സും ഏംഗല്‍സുമെഴുതിയ മറുപടിയാണ് മേല്‍ സൂചിപ്പിക്കപ്പെട്ട പുസ്തകം. പ്രസ്തുത 
പുസ്തകത്തില്‍ അവര്‍ എഴുതി. നമുക്ക് ഒരു ഭരണകൂടത്തിന്റെ ആവശ്യംതന്നെയില്ല. പക്ഷേ, മുതലാളിത്ത വ്യവസ്ഥിതിയില്‍നിന്ന് സോഷ്യലിസ്റ്റ് വ്യവസ്ഥിതിയിലൂടെ കമ്മ്യൂണിസ്റ്റ് വ്യവസ്ഥിതി രൂപാന്തരം പ്രാ
പിക്കുന്നതിനിടയില്‍ താല്‍ക്കാലികമായ സ്‌റ്റേറ്റ് ഉണ്ടെങ്കില്‍ ആ സ്‌റ്റേറ്റിന്റെ ആവശ്യം പരി
പൂര്‍ണ്ണമായും മര്‍ദ്ദനംതന്നെയാണ്. തങ്ങളുടെ എതിരാളികളെ തച്ചുടക്കാനുള്ള ആയുധമാണ് ഭരണകൂടം. അവിടെ സ്വാതന്ത്ര്യത്തിന് പ്രസക്തിയില്ല”.
കമ്മ്യൂണിസ്റ്റ് ക്രൂരതകള്‍ക്കെല്ലാം സൈദ്ധാന്തികമായ അംഗീകാരം നല്‍കുകയാണ് ഇവിടെ ആചാര്യന്മാര്‍ ചെയ്യുന്നത്. ശരീരത്തിന്റെ നിലനില്‍പ്പിനും 
പുരോഗതിക്കും വിഘാതമായി നില്‍ക്കുന്ന കോശങ്ങളെ നശിപ്പിച്ച് ശരീരത്തെ നിലനി
ര്‍ത്താന്‍ ശ്രമിക്കുന്നതുപോലെ സമൂഹത്തിന്റെ ഏറ്റവും പുരോഗമിച്ച അവസ്ഥയായ കമ്മ്യൂണിസ്റ്റ് വ്യവസ്ഥിതിയിലേക്കുള്ള പ്രയാണത്തിന്റെ മാര്‍ഗത്തില്‍ തടസ്സം 
നില്‍ക്കുന്ന അര്‍ബുദങ്ങളെ നീക്കം ചെയ്ത് ആ വ്യവസ്ഥിതിയിലേക്കുള്ള പ്രയാണം തുടരണം. അര്‍ബുദകോശങ്ങളെ നീക്കം ചെയ്യാന്‍ ചിലപ്പോള്‍ ആന്റിബയോട്ടിക്കുകള്‍ പ്രയോഗിച്ചാല്‍ മതിയാകും.മറ്റു ചിലപ്പോള്‍ റേഡിയേഷ
നും ഓപ്പറേഷനും വേണ്ടിവരും. എന്തായിരുന്നാലും അവയെ നശിപ്പിക്കുക തൊഴിലാളി വര്‍ക്ഷ സര്‍വ്വാധിപത്യത്തിന്റെ ചുമതലയാണ്.സ്റ്റാലിന്‍ ഭരണമേറ്റെടുത്ത റഷ്യ സോഷ്യലിസത്തിന്റെ പ്രഥമ ഘട്ടത്തിലായിരുന്നു. കമ്മ്യൂണിസമെന്ന സുന്ദരലോകത്തിന്റെ സൃഷ്ടിക്ക് സോഷ്യലിസ്റ്റ് ലോകത്തെ ഭരണാധികാരികള്‍ സേ്വച്ഛാധിപതികളാകേണ്ടിവരുമെന്ന് സ്റ്റാലിന്‍ മനസ്സിലാക്കി. അദ്ദേഹം അഭി
പ്രായപ്പെട്ടു തൊഴിലാളി വര്‍ക്ഷ സര്‍വ്വാധിപത്യം എന്നതുകൊണ്ട് മാര്‍ക്‌സ് പ്രധാനമായും ഉദ്ദേശിക്കുന്നത് പാര്‍ട്ടിയുടെ ഏകാധിപത്യമാണ്”(7) ഈ ഏകാധിപത്യം നടപ്പിലാക്കിയതിന് സ്റ്റാലിനെ കുറ്റംപറഞ്ഞിട്ട് കാര്യമുണ്ടോ? അദ്ദേഹം വിശ്വസിച്ച പ്രത്യയശാസ്ത്രമാണ് ഈ ക്രൂരതകള്‍ക്കെല്ലം കാരണം.
നീണ്ട ഇരുപത്തൊന്‍പത് വര്‍ഷക്കാലം ഭരണത്തിലിരുന്ന സ്റ്റാലിന്‍ സോഷ്യലിസ്റ്റ് സ്വര്‍ക്ഷത്തിന്റെ സൃഷ്ടിക്കായി ചെയ്ത ക്രൂരതകള്‍ക്ക് കയ്യും കണക്കുമില്ല. സ്റ്റാലിന്റെ മരണശേഷം, 1956-ല്‍ ചേര്‍ന്ന ഇരുപതാം 
പാര്‍ട്ടി കോണ്‍ഗ്രസ്സില്‍വെച്ച് ക്രൂഷ്‌ചേവ് ആണ് സ്റ്റാലിന്റെ ക്രൂരതകളെക്കുറിച്ച കഥകളുടെ ചുരുളഴിച്ചത്. ഇന്നലെ, ഇരുമ്പ് മറ ഭേദിച്ച് സ്റ്റാലിനെക്കുറിച്ച ചില കഥകള്‍ 
പുറത്തുവന്നപ്പോള്‍ അത് സാമ്രാജ്യത്വപ്രചരണമാണെന്ന് പറഞ്ഞ് പുച്ഛിച്ചുതള്ളിയ ഇന്ത്യന്‍ മാര്‍ക്‌സിസ്റ്റുകള്‍ ഇന്ന്, സ്റ്റാലിന്‍ ക്രൂരനാണെന്ന് സമ്മതിക്കാനും സ്റ്റാലിനിസത്തെ 
പുകഴ്ത്തിയ ഇന്നലെയുടെ നിലപാടില്‍ കുമ്പസരിക്കാനും തുടങ്ങിയിരിക്കുന്നുവെന്നത് നല്ല കാര്യം. സ്റ്റാലിനിസം മാര്‍ക്‌സിസത്തിന്റെ ദുരുപയോഗമായിരുന്നുവെന്ന് 
പാടി നടക്കുന്ന അവര്‍ മാര്‍ക്‌സിന്റെയും ഏംഗല്‍സിന്റെയും ലെനിന്റെയും രചനകള്‍ മനസ്സിരുത്തി വായിച്ചുനോക്കട്ടെ.
1924-
ലാണ് സ്റ്റാലിന്‍ അധികാരത്തില്‍വന്നത്. 1928ല്‍ വ്യവസായ വികസനത്തിനും കാര്‍ഷിക വികസനത്തി
നും വേണ്ടി അദ്ദേഹത്തിന്റെ ഗവണ്‍മെന്റ് ആസൂത്രണ വികസന പദ്ധതികള്‍ ആരംഭിച്ചു. രാജ്യത്തുണ്ടായിരുന്ന രണ്ടരക്കോടി കര്‍ഷകരുടെ കൃഷിഭൂമി കൂട്ടുകൃഷി സമ്പ്രദായത്തിന് കീഴില്‍ കൊണ്ടുവരാന്‍ വേണ്ട പദ്ധതികള്‍ 1933 ആയപ്പോഴേക്കും പൂര്‍ത്തിയാക്കപ്പെട്ടു.
കൃഷിഭൂമി സര്‍ക്കാരിന് വിട്ടുകൊടുക്കുകയും കര്‍ഷകര്‍ സ്‌റ്റേറ്റിന്റെ പണിക്കാരായി നില
നില്‍ക്കുകയും ചെയ്യുകയെന്നതായിരുന്നു സ്റ്റാലിന്റെ കല്‍പ്പന. വിയര്‍പ്പൊഴുക്കി അദ്ധ്വാനിച്ച മണ്ണില്‍നിന്ന്വിളവെടുക്കാനുള്ള കാലമായപ്പോ
േഴക്കും സര്‍ക്കാരുദ്യോഗസ്ഥരെത്തി. ഈ സമ്പ്രദായത്തിനെതിരെ കര്‍ഷകര്‍ നിസ്സഹകരണപരി
പാടികള്‍ ആരംഭിക്കുകയും വയല്‍ കൊയ്യാന്‍ വിസമ്മതിക്കുകയും ചെയ്തു. തങ്ങളുടെ നിസ്സഹകരണം സര്‍ക്കാരിനെ പു
നര്‍വിചിന്തനത്തിന് പ്രേരിപ്പിക്കുമെന്ന് കരുതിയ കര്‍ഷകര്‍ക്ക് തെറ്റുപറ്റി. സ്റ്റാലിന്റെ കൂലിപട്ടാളം വന്ന് വയലെല്ലാം കൊയ്‌തെടുത്ത് കൊണ്ടുപോയി. ഒരു മണി ധാന്യം
പോലും കര്‍ഷകര്‍ക്ക് നല്‍കിയില്ല. ആ ജനതയെ മുഴുവന്‍ സ്റ്റാലിന്‍ പട്ടിണിക്കിട്ടു. ലോകത്തിലെ ധാന്യ അറകളായ പ്രദേശങ്ങളിലെ ജനത പട്ടിണി കിടന്ന് പി
ടഞ്ഞ് മരിക്കുന്നത് കണ്ടിട്ടും സ്റ്റാലിന്റെ മനസ്സിളകിയില്ല. കമ്മ്യൂണിസ്റ്റ് സ്വര്‍ക്ഷത്തിലേക്കുള്ള പ്രയാണത്തിന്റെ പ്രധാന പടിയായ സ്വകാര്യ സ്വത്ത് നിഷേധത്തിന് മുന്നില്‍ വിലങ്ങുതടിയായി 
നില്‍ക്കുന്നവര്‍ മനുഷ്യരുടെ ശത്രുക്കളാണെന്നും അവരെ ഉന്മൂലനം ചെയ്യുക തൊഴിലാളി വര്‍ക്ഷ സര്‍വ്വാധിപത്യത്തിന്റെകടമയാണെന്നുമായിരുന്നു താന്‍ പ്രമാദമുക്തമെന്ന് മനസ്സിലാക്കിയ സിദ്ധാന്തം അദ്ദേഹത്തെ പഠിപ്പിച്ചത്. സോഷ്യലിസ്റ്റ് സ്വര്‍ക്ഷത്തിന്റെ ഈ നടപടിയില്‍ പിടഞ്ഞുവീണ് മരിച്ചത് വെറും എണ്‍പത് ലക്ഷം മനുഷ്യരായിരുന്നു!
സ്റ്റാലിന്റെ കാലത്തെ ക്രൂരതകളെക്കുറിച്ച് ഇന്നാര്‍ക്കും പറഞ്ഞു കൊടുക്കേണ്ടതില്ല. 1968-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട റോബര്‍ട്ട് കോണ്‍ജെസ്റ്റിന്റെ കൊടും ഭീകരത‘(8) യെന്ന 
പുസ്തകത്തില്‍ പറഞ്ഞ കാര്യങ്ങള്‍ പാ
ശ്ചാത്യ ലോക(9)ത്തിന്റെ കള്ളപ്രചരണമാണെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞവര്‍പോ
ലും മോസ്‌കോന്യൂസിന്റെ പുതിയ കണക്കുകള്‍ക്ക് മുന്നില്‍ മൂക്കത്ത് വിരല്‍വെച്ചുപോകുന്നു. സ്റ്റാലിന്റെ ശുദ്ധീകരണ പ്രക്രിയയില്‍ മരിച്ചവരുടെ എണ്ണം 1.10 കോടിയോളമായിരുന്നുവെന്നാണ് കോണ്‍ജസ്റ്റിന്റെ കണക്കെങ്കില്‍ പുതിയ സോവിയറ്റ് പ്രസിദ്ധീകരണങ്ങളുടെ കണക്ക് പ്രകാരം(10) അത് രണ്ട് കോടിയിലധികമാണ്. എത്രയെത്ര സാഹിത്യകാരന്മാര്‍ കൊലചെയ്യപ്പെട്ടു. എത്രയെത്ര കര്‍ഷകര്‍ പട്ടിണിയാല്‍ മരിച്ചുവീണു. എന്തിനധികം, പാ
ര്‍ട്ടിയുടെ ഉന്നതതല നേതാക്കള്‍വരെ വധിക്കപ്പെട്ടു. ഇതിന്റെയെല്ലാം ലക്ഷ്യമെന്തായിരുന്നു? ഇസ്‌വെസ്തിയയുടെ ലേഖകനായ അലക്‌സാണ്ടര്‍ വസന്‍സ്‌കി എഴുതുന്നു മനുഷ്യരെ ലോഹവും പൊ
ടിമണ്ണുംപോലെ മൂശയിലിട്ട് തന്റെ ഇഛക്കനുസരിച്ച് വാര്‍ത്തെടുക്കുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ തത്വം. അവര്‍ രാഷ്ട്രത്തോട് കൂറും സത്യസന്ധതയുമുള്ളവരായിരിക്കണം. അവരുടെ ബന്ധുക്കളോട് നീതി പു
ലര്‍ത്തണമെന്നില്ല. അവര്‍ മരണഭയമില്ലാത്തവരും സന്തോഷവാന്മാരുമായിരിക്കണം. അവര്‍ സ്വാതന്ത്ര്യത്തെ വെറുക്കണം. സ്വാതന്ത്ര്യത്തിന്റെ ഭാരത്തേക്കാള്‍ കൂടിയ മറ്റൊരു ഭാരവുമില്ല. ഈ ഭാരത്തില്‍നിന്ന് ജനങ്ങളെ മുക്തരാക്കുന്ന വ്യക്തിയെ അവര്‍ പു
കഴ്ത്തിക്കൊണ്ടിരിക്കണം.”(11)
ലക്ഷ്യം മാര്‍ക്ഷത്തെ ന്യായീകരിക്കുന്നുവെന്ന് പഠിപ്പിച്ച ആചാര്യന്റെയും അക്രമം കൂടാതെ വര്‍ക്ഷസമരത്തിന്റെ ഒരൊറ്റ പ്രശ്‌നം
പോലും ചരിത്രത്തില്‍ പരിഹരിക്കപെട്ടിട്ടില്ല”(12) എന്ന് പ്രസ്താവിച്ച വിപ്ലവനേതാവിന്റെയും 
പാത പിന്തുടര്‍ന്ന സ്റ്റാലിന്‍ ക്രൂരനായിപ്പോയതില്‍ അദ്ഭുതപ്പെടാനില്ല. ആ ക്രൂരത സോഷ്യലിസ്റ്റ് രാഷ്ട്രത്തിന്റെ നായകന് വേണ്ട സൈദ്ധാന്തികമായ അനിവാര്യതയായിരുന്നു.
ഈ ക്രൂരതകളെല്ലാം എന്തിനുവേണ്ടിയായിരുന്നു? സ്വകാര്യസ്വത്ത് എന്ന സമൂഹത്തിലെ സകല പ്രശ്‌നങ്ങള്‍ക്കുമുള്ള കാരണത്തെ ഇല്ലായ്മ ചെയ്യാന്‍ അങ്ങനെ കമ്മ്യൂണിസ്റ്റ് വ്യവസ്ഥിതിയെന്ന പറുദീസയിലേക്ക് ലോകജനതയെ ആനയിക്കുവാനാവശ്യമായ വഴിയുണ്ടാക്കുവാന്‍…… എന്നിട്ടെന്ത് സംഭവിച്ചു? നീണ്ട ആറര പതിറ്റാണ്ടുകാലത്തെ സ്വകാര്യ സ്വത്ത് നിഷേധത്തിന് ശേഷവും കമ്മ്യൂണിസ്റ്റ് സ്വര്‍ക്ഷത്തിന്റെ സൂര്യോദയം കാണാന്‍ റഷ്യക്ക് കഴിഞ്ഞില്ല.
പിന്നെയെന്താണ് സംഭവിച്ചത്? രാഷ്ട്രം സാമ്പത്തികമായി പിന്നോക്കം പോയി. ഉല്‍പാ
ദനരംഗം വളരെയധികം മന്ദഗതിയിലായി. ജനങ്ങള്‍ ധാര്‍മ്മികമായി അധഃപതിച്ചു. കുറ്റകൃത്യങ്ങള്‍ പെരുകി. ഭരണാധികാരികള്‍ സ്വേച്ഛാധിപതികളായിമാറി. യൂറോപ്പിലെ ഒരു പ്രധാന കയറ്റുമതി രാജ്യമായിരുന്ന റഷ്യ വിപ്ലവം കഴിഞ്ഞ് എഴുപതുവര്‍ഷം കഴിഞ്ഞപ്പോഴേക്കും പകുതിയിലധികം ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ അന്യദേശങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യേണ്ട ഗതികേടിലെത്തി. ജനങ്ങളുടെ പട്ടിണിയും പരിവട്ടവും മാറിയില്ല. അവര്‍ സംതൃപ
തിയില്ലാത്ത ഒരു ജനതയായിത്തീര്‍ന്നു.
പുതിയ റഷ്യയുടെ സ്ഥാപകന്‍ ഗോര്‍ബച്ചേവ് തന്നെ സംസാരിക്കട്ടെ. വളര്‍ച്ചയുടെ തോത് കുത്തനെ ഇടിയുകയാണെന്നും ഗുണ നിയന്ത്രണത്തിന്റെ സംവിധാനമാകെ ശരിയായി പ്രവര്‍ത്തിക്കുന്നില്ലെന്നും ഏതൊരാള്‍ക്കും വ്യക്തമായിരുന്നു. ശാസ്ത്രത്തിലെയും സാങ്കേതിക വിദ്യയിലെയും നേട്ടങ്ങളെ സ്വീകരിക്കുന്നതിലും വൈമനസ്യമുണ്ടായി. ജീവിത നിലവാരത്തിലെ അഭിവൃദ്ധി മന്ദഗതിയിലായി. ഭക്ഷ്യപദാര്‍ത്ഥങ്ങളുടെ ലഭ്യതയിലും 
പാര്‍പ്പിട സൗകര്യങ്ങളിലും ഉപഭോക്ത സാധനങ്ങളിലും സേവന തുറകളിലും വിഷമങ്ങള്‍ വര്‍ദ്ധിച്ചുവന്നു”(13) ”മുഖസ്തുതി പറയലും ദാസ്യമനോഭാവവും പ്രോ
ത്‌സാഹിപ്പിക്കപ്പെട്ടു. പണിയെടുക്കുന്ന സാധാരണക്കാരുടെ, പൊതുജനങ്ങളുടെ, ആവശ്യങ്ങളും അഭിപ്രായങ്ങളും അവഗണിക്കപ്പെട്ടു”(14)
മദ്യപാനാസക്തിയും മയക്കുമരുന്നിനോടുള്ള വിധേയത്വവും കുറ്റകൃത്യങ്ങളും വര്‍ദ്ധിക്കുവാന്‍ തുടങ്ങി”(15)
വിശ്വാസവും ഉത്തരവാദിത്തവും നേടിയിരുന്ന ആളുകള്‍ അധികാര ദുര്‍വിനിയോഗം നടത്തി. വിമര്‍ശനങ്ങളെ അടിച്ചമര്‍ത്തി അവിഹിതമായി വലിയ സ്വത്ത് സമ്പാദിച്ചു. ചില കേസുകളില്‍ ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ പങ്കാളികളാവുകയും ചെയ്തു.(16)
സാമൂഹിക കാര്യങ്ങളില്‍ ആളുകള്‍ക്കുള്ള താല്‍പര്യം നഷ്ടപ്പെടുകയാണെന്നും അദ്ധ്വാനത്തിന് പഴയ മാന്യമായ പദവി ഇല്ലാതായിട്ടുണ്ടെന്നും ആളുകള്‍, പ്രത്യേകിച്ചും ചെറുപ്പക്കാര്‍ എന്ത് ചെയ്തും ലാഭമുണ്ടാക്കാന്‍ പരക്കം 
പായുകയാണെന്നും നേരും നെറിയുമുള്ള എല്ലാവരും കടുത്ത വികാരത്തോടെ കണ്ടു”(17)
പുതിയ ലോകക്രമവും പുതിയ ഭാവത്തിലുള്ള സാമ്രാജ്യത്വവുമൊന്നും മാര്‍ക്‌സിസത്തിന്റെ ക്ലാസിക്കല്‍ വിശകലനരീതിക്ക് വഴങ്ങുന്നതല്ലെന്നതാണ് സത്യം. മുതലാളിതൊഴിലാളി സങ്കല്‍പങ്ങളില്‍
പോലും ഗണ്യമായ വ്യത്യാസങ്ങളുണ്ടായിട്ടുണ്ട്. ധിഷണയാണ് ഇന്ന് പ്രധാനമായും വിപണനം ചെയ്യപ്പെടുന്നത്. പേറ്റന്റുകളുടെയും പരസ്യകോലാഹലങ്ങളുടെയും ലോകത്ത് മിച്ചമൂല്യസിദ്ധാന്തത്തിനെന്ത് പ്രസക്തി? തൊഴിലാളി തന്നെ മുതലാളിയാകുന്ന ഷെയര്‍ സമ്പ്രദായത്തിന്റെയും സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളുടെയും ലോകക്രമത്തില്‍ തൊഴിലാളിമുതലാളി വര്‍ഗസംഘട്ടനങ്ങള്‍ പ്രതീക്ഷിക്കുന്നത് എന്തുമാത്രം വ്യര്‍ത്ഥമാണ്? വ്യവസായ വിപ്ലവത്തിന്റെ ആദ്യനാളുകളില്‍ രൂപമെടുത്ത ഒരു സിദ്ധാന്തം പ്രദാനം ചെയ്ത സ്വപ്‌നലോകം ഈ പുതിയ ലോകക്രമത്തില്‍കാത്തിരിക്കുന്നത് ഭൗതികവീക്ഷണതിലൂടെ മാത്രം നോക്കിയാല്‍ പോലും തീര്‍ത്തും ഭോഷ്‌ക്കാണെന്നതല്ലേ സത്യം?
1991
സെപ്തംബര്‍ 6ന് ബോറിസ് യെല്‍സിനും ഗോര്‍ബച്ചേവും ചേര്‍ന്ന് അഭിമുഖീകരിച്ച എ.ബി.സി.ടി.വി. അഭിമുഖത്തില്‍ യെല്‍സിന്‍ പറഞ്ഞു. സുന്ദരമായ ഒരാശയമായിരുന്നുവെങ്കിലും ഒരു ഉട്ടോപ്യന്‍ ആശയമായിരുന്നു കമ്മ്യൂണിസം”.
മനുഷ്യാത്മാവിന്റെ സ്വാതന്ത്ര്യ ദാഹം കാണാന്‍ കഴിഞ്ഞുവെന്നതാണ് മാര്‍ക്‌സിസത്തിന്റെ സൗന്ദര്യം. മനുഷ്യനി
ല്‍ സ്വാതന്ത്ര്യദാഹം അങ്കുരിപ്പിക്കുന്ന ആത്മാവിനെ കാണാന്‍ കഴിഞ്ഞില്ലെന്നതാണ് അതിന്ന് പറ്റിയ തെറ്റ്. ഈ തെറ്റ് മനസ്സിലാക്കാതെയുള്ള പരിഷ്‌ക്കരണ പ്രവര്‍ത്തനങ്ങളും ബദല്‍ നിര്‍ദ്ദേശങ്ങളും അതുകൊണ്ടുതന്നെ വ്യര്‍ത്ഥമാണ്.

1. Ludwing Feuerbach: Essence of Christianity.
2. Engels; Ludwing Feuer Bach.
3. Marx, Engels: The German Ideology.
4. Engels: Feurbach and the end of the Classical German Philosophy.
5. മാക്‌സ് തന്റെ കൃതികളില്‍ പറയുന്ന പദാര്‍ത്ഥ സങ്കല്‍പവും ആധുനിക പദാര്‍ത്ഥ സങ്കല്‍പവും തമ്മില്‍ അനല്‍പ്പമായ അന്തരങ്ങളുള്ളതിനാലാണ് മാര്‍ക്‌സിന്റെ ാമേേലൃന് ഭൗതികവസ്തുവെന്ന പരിഭാഷ ഈ ലേഖകന്‍ നല്‍കുന്നത്.
6. Engels: Socialism; Scientific and Utopian. Page 34.
7.
ഉദ്ധരണി: മാര്‍ക്‌സിസം തകരുമോ. പ്രൊഫ. കെ.എം. ഫ്രാന്‍സിസ്.
8. Robert Congest: The Great Terror.
9.
റോബര്‍ട്ട് കോണ്‍ജെസ്റ്റ് പാശ്ചാത്യ സോവിയറ്റോളജിസ്റ്റാണ്.
10. Moscow News 10/1989.
11. Moscow News 10/1989.
12. 1918
ലെ റഷ്യന്‍ സോവിയറ്റ് കോണ്‍ഗ്രസിന് ലെനിന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍നിന്ന്.
13.
മിഖായില്‍ ഗോര്‍ബച്ചേവ്: പെരിസ്‌ട്രോയ്ക്ക പേജ് 14
14. Ibid
പേജ് 15.
15. Ibid
പേജ് 16.
16.
മിഖായില്‍ ഗോര്‍ബച്ചേവ്: പെരിസ്‌ട്രോയ്ക്ക പേജ് 17.
17. Ibid
പേജ് 19, ബോറിസ് യെല്‍റ്റ്‌സിന്റെ `Resurrecting to be Stepped up’ എന്ന കൃതിയും മിഖായീല്‍ ഗോര്‍ബച്ചേവിന്റെ  `October and Peristroika: The Revolution, Continues, Time for Action, Time for Practical Work’ എന്നീ കൃതികളും ഇവ്വിഷയകമായി കൂടുതല്‍ വെളിച്ചം പകരും.

Leave a Reply

Your email address will not be published. Required fields are marked *