ഡോ. എം. ഉസ്മാന്റെ ദാര്‍ശനിക സഞ്ചാരങ്ങള്‍

മെയ് ലക്കത്തില്‍ ഡോ. എം. ഉസ്മാന്‍ സാഹിബി
ന്റെ മാര്‍ക്‌സിസം വിശകലനം പുനപ്രസിദ്ധീകരി
ച്ചത് ആവേശകരമായ ഗൃഹാതുരതയുണര്‍ത്തി. ഡോ. ഉസ്മാന്‍ സാഹിബ് ഏറനാട്ടിലെ ആദ്യത്തെ ഡോക്ടറാണ്. 1924 ജൂലൈ ഒന്നിന് മലപ്പുറം ജില്ലയിലെ അരീക്കോട് പേരുകേട്ട ഒരു കുടുംബത്തില്‍ ജനിച്ച ഇദ്ദേഹം 1951ല്‍ മദിരാശി സ്റ്റാന്‍ലി മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസ്
പൂര്‍ത്തിയാക്കി. പഠനം കഴിഞ്ഞയുടന്‍ തൃശിനാപ്പള്ളി ജില്ലാ ഗവണ്‍മെന്റ് ആശുപത്രിയില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി കിട്ടിയെങ്കിലും അദ്ദേഹം അവിടെ ചേരാതെ നിലമ്പൂരിലേക്കു വണ്ടികയറി.
തന്റെ കഴിവുകൊണ്ട് കിട്ടിയ ഉയര്‍ന്ന ജോലിയും ജന്മനാടായ അരീക്കോടും ഉപേക്ഷിച്ച് നിലമ്പൂരില്‍ എത്തിയതിനുപിന്നില്‍ ഒരു വലിയ ലക്ഷ്യമുണ്ടായിരുന്നു. മദിരാശി
പഠനത്തിനിടയില്‍ ഒരു അധ്യാപകന്റെ സ്വാധീനത്തിലൂടെ ഡോക്ടറുടെ രക്തത്തില്‍ ദൈവനിഷേധവും മതനിരാസവും ഇടതുപക്ഷ ചിന്തയും അലിഞ്ഞുചേര്‍ന്നിരുന്നു. ഈ ആശയങ്ങളെ കൂടുതല്‍ ശക്തിയോടെ പ്രോജ്വലിപ്പിക്കാന്‍ വേണ്ടിയായിരുന്നു തന്റെ പ്രവര്‍ത്തനമേഖലയായി നിലമ്പൂരിനെ തെരഞ്ഞെടുത്തത്.
ക്ലബ്ബുകളും കലാസമിതികളും രൂപീ
കരിച്ച് നിലമ്പൂരില്‍ നാടകങ്ങളിലൂടെയും മറ്റും പരലോക വിശ്വാസത്തെയും ദൈവബോധത്തെയും ഡോക്ടര്‍ പരിഹാസത്തോടെ വെല്ലുവിളിച്ചു. അക്കാലത്ത് കമ്മ്യൂണിസ്റ്റ് നിരീശ്വരവാദത്തിന്റെ മുസ്‌ലിം സമുദായത്തിലേക്കുള്ള കടന്നുകയറ്റത്തിനുവേണ്ടി ഡോക്ടര്‍ ഉസ്മാന്‍ സാഹിബ് അടക്കമുള്ളവര്‍ നടത്തിയ പരിശ്രമങ്ങളെ പരാജയപ്പെടുത്തിയതില്‍ ശക്തമായ പങ്കുവഹിച്ചത് കെ.സി അബൂബക്കര്‍ മൗലവി എന്ന ഇസ്‌ലാഹീ പണ്ഡിതനായിരുന്നു.
ഏറനാടന്‍ മാപ്പിള മലയാളമുപയോഗിച്ച് കമ്മ്യൂണിസ്റ്റ്-നിരീശ്വരവാദ ആശയങ്ങളുടെ ചിറകരിയാന്‍ കെ.സിയ്ക്ക് സാധിച്ചു. കെ.സി അബൂബക്കര്‍ മൗലവിക്ക് മറുപടിയായി ഇ.കെ അയ്മു രചിച്ച് ഉസ്മാന്‍ സാഹിബ് സംവിധാനം ചെയ്ത നാടകമാണ് ”ഇജ്ജ് നല്ല മന്‌സനാകാന്‍ നോക്ക്.”(2) എന്നാല്‍ ‘ആഇഷ’ എന്ന തലക്കെട്ടിലുള്ള ഒരു നാടകരചനയും കെ.സിയുടെ പ്രസംഗങ്ങളും ഉസ്മാന്‍ സാഹിബിന്റെ ജീവിതത്തില്‍ വഴിത്തിരിവായി മാറി. അദ്ദേഹം ‘ആഇഷ’ എന്ന നാടകം രചിക്കുന്ന സമയത്ത് മുഖ്യകഥാപാ
ത്രമായ ആഇഷ പ്രണയനൈരാശ്യത്താല്‍ ആത്മഹത്യ ചെയ്യുന്ന സന്ദര്‍ഭമെത്തി. ‘ആത്മഹത്യക്കുശേഷം ആഇഷക്കെന്തു സംഭവിക്കും’ എന്ന ചിന്ത എഴുത്തുകാരനെ അലട്ടി. ‘മരണശേഷം എനിക്കെന്തു സംഭവിക്കും’ എന്ന ആലോചനയായി അത് അതിവേഗം പരിണമിച്ചു.(3) ഈ ആലോചനയും അന്വേഷണവും കെ.സി അബൂബക്കര്‍ മൗലവിയും കെ.ഉമര്‍ മൗലവിയുമായുള്ള നിരന്തര സമ്പര്‍ക്കവും വിശുദ്ധ ക്വുര്‍ആനിലേക്ക് തന്റെ വായനാലോകം തിരിച്ചുവിടലും ആ ബുദ്ധിശാലിയുടെ ജീവിതത്തെ മാറ്റിമറിച്ചു. അറിയപ്പെടുന്ന ഒരു ‘ഇടതുപക്ഷ’ ചിന്തകനായി മാറേണ്ടിയിരുന്ന ആ പ്രതിഭ മരണപ്പെട്ടത് കേരള നദ്‌വത്തുല്‍ മുജാഹിദീന്റെ സംസ്ഥാന പ്രസിഡന്റായിരിക്കുമ്പോഴാണ്.
കമ്മ്യൂണിസത്തിന്റെ പൊള്ളത്തരം ബോധ്യപ്പെടുത്താന്‍ തന്റെ തൂലികകൊണ്ടും നാവുകൊണ്ടും അദ്ദേഹം പരിശ്രമിച്ചു. കാള്‍ മാര്‍ക്‌സും ഫ്രെഡറിക് എംഗല്‍സും പ്രപഞ്ചത്തെയും മനുഷ്യചരിത്രത്തെയും വിശദീകരിക്കാന്‍ പണിപ്പെട്ട് കെട്ടിച്ചമച്ചുണ്ടാക്കിയ വൈരുധ്യാതിഷ്ഠിത ഭൗതികവാദം എത്രത്തോളം അര്‍ത്ഥശൂന്യമാണെന്നു വിശദീകരിക്കുകയാണ് ”മാര്‍ക്‌സിസം-യുക്തിവാദം-ഇസ്‌ലാം” എന്ന ബൃഹത്തായ പു
സ്തകത്തിലൂടെ ഡോ. ഉസ്മാന്‍ സാഹിബ്. ഈ തത്വശാസ്ത്രം നമ്മെ എവിടെയാണ് കൊണ്ടെത്തിച്ചത് എന്നു വിവരിക്കുന്ന കൃതിയാണ് അദ്ദേഹത്തിന്റെ തന്നെ ‘ഗ്ലാസ്‌നോസ്റ്റും പെരിസ്‌ട്രോയിക്കയും’.(4)

വൈരുധ്യാത്മക വാദം
ഭൗതികവാദത്തിന്റെ ഏറ്റവും ഉയര്‍ന്ന രൂപമാണ് മാര്‍ക്‌സിസ്റ്റ് തത്വശാസ്ത്രം. അതിന്റെ വൈരുധ്യാത്മക സിദ്ധാന്തം കാരണമായാണത്. ദൈവവിശ്വാസവും മതവിശ്വാസവുമാണ് ചൂഷകവര്‍ഗത്തിന് ചൂഷിതരെ അടിമപ്പെടുത്തിയിരിക്കുന്നത് എന്ന ധാരണയില്‍ ദൈവത്തെ പാടെ ഒഴിവാക്കാനുള്ള ഒരു തത്വശാസ്ത്രം മാര്‍ക്‌സ് ആവിഷ്‌കരിച്ചു. വെറും പ്രാകൃതഭൗതികവാദം പ്രപഞ്ചത്തിന് ഒരു വിശദീകരണമാകുന്നില്ല എന്നതുകൊണ്ടും അവ ദൈവത്തിനു കടന്നുവരാനുള്ള കവാടങ്ങള്‍ തുറന്നുകൊടുക്കുന്നു എന്നതുകൊണ്ടും ആ പഴുതുകള്‍ കൊട്ടിയടക്കാന്‍ ‘വൈരുധ്യാധിഷ്ഠിത ഭൗതികവാദം’ മാര്‍ക്‌സ് പ്രദാനം ചെയ്തു. മാര്‍ക്‌സിസത്തിന്റെ അടിസ്ഥാനമായ ഈ വൈരുധ്യാധിഷ്ഠിത ഭൗതികവാദത്തിന്റെ നിരര്‍ത്ഥകത ഡോ. ഉസ്മാന്‍ സാഹിബ് സരസമായി വിശദീകരിക്കുന്നത് കാണുക.
”വിരുദ്ധ ശക്തികള്‍ തമ്മിലുള്ള സംഘട്ടനമാണ് പദാര്‍ത്ഥത്തിന്റെ എന്നല്ല, എല്ലാ പ്രതിഭാസങ്ങളുടെയും സ്വഭാവം എന്ന് വൈരുധ്യാതിഷ്ഠിത ഭൗതികവാദം സിദ്ധാന്തിക്കുന്നു. ‘ചലന’മാണ് പദാര്‍ത്ഥത്തിന്റെ രീതി; അതിന്റെ സ്ഥിരമായ സ്വഭാവം, പരമാണു മുതല്‍ പ്രപഞ്ചം വരെ എല്ലാം ചലനാത്മകമാണ്. ഈ ചലനത്തിനുള്ള ‘തള്ള്’ പദാര്‍ത്ഥത്തിന്റെ അല്ലെങ്കില്‍ പ്രപഞ്ചത്തിന്റെ പുറത്തുനിന്ന് ആണെന്നു വന്നാല്‍, അത് ദൈവവിശ്വാസത്തിലേക്കും മതവിശ്വാസത്തിലേക്കുമാണ് ചെന്നെത്തിക്കുക. അതുകൊണ്ട് ചലനത്തിന്റെ ഉറവിടം പാദാര്‍ത്ഥിക പ്രപഞ്ചത്തില്‍ തന്നെ ആയിരിക്കണമെന്ന് മാര്‍ക്‌സും എംഗല്‍സും തീരുമാനിച്ചു.
……വെറും പ്രാകൃത ഭൗതികവാദം പ്രപഞ്ചത്തിന് ഒരു വിശദീകരണവുമാവുന്നില്ല. അത് ദൈവത്തിനു കടന്നുവരാനുള്ള പഴുത് നല്‍കുന്നു എന്നതുകൊണ്ടാണ് ആത്മീയ തത്വജ്ഞാനിയായിരുന്ന ഹെഗലിന്റെ വൈരുധ്യാത്മക വാദത്തിന്റെ സഹായം കൂടി മാര്‍ക്‌സും എംഗല്‍സും തേടിയത്. പദാര്‍ത്ഥത്തിന്റെ ചലനത്തിന്റെ ഉറവിടം അതില്‍ അടങ്ങിയിട്ടുള്ള വിരുദ്ധശക്തികളുടെ സംഘട്ടനം മൂലം ഉണ്ടാകുന്നതാണെന്നും പുറമെ നിന്നുള്ള ഒരു തള്ളിന്റെ ആവശ്യമില്ല എന്നും അവര്‍ സിദ്ധാന്തിച്ചു. അങ്ങനെ ഒരു പ്രകൃതിയേതര ശക്തിയുടെ അല്ലെങ്കില്‍ ദൈവത്തിന്റെ ആവശ്യകത ഇല്ലാതാക്കുവാന്‍ ഭൗതികവാദത്തിന്റെ കൂടെ വൈരുധ്യാത്മകതയും കൂടി വേണ്ടി വന്നു.”(5)
വൈരുധ്യാതിഷ്ഠിത ഭൗതികവാദമനുസരിച്ച് പദാര്‍ത്ഥത്തില്‍ തന്നെ അടങ്ങിയിട്ടുള്ള വിപരീതങ്ങള്‍ തമ്മിലുള്ള സംഘട്ടനമാണ് ചലനത്തിന്റെ ഉറവിടം. അതുകൊണ്ട് വൈരുധ്യാതിഷ്ഠിത ഭൗതികവാദം ദൈവത്തിനുകടന്നുവരാനുള്ള എല്ലാ പഴുതുകളും അടച്ചുകളഞ്ഞിട്ടുണ്ട് എന്നാണ് വീമ്പിളക്കുന്നത്. എന്നാല്‍ ഈ വികസ്വരപ്രപഞ്ചം വികസിക്കുവാന്‍ തുടങ്ങുന്നതിനുമുമ്പ് പദാര്‍ത്ഥത്തിന്റെ നില എന്തായിരുന്നു? ചലനമില്ലാത്ത ഒരവസ്ഥ പദാര്‍ത്ഥത്തിനുണ്ടാകാന്‍ പാ
ടില്ല. അതില്‍ തന്നെ അടങ്ങിയിട്ടുള്ള വൈരുധ്യങ്ങള്‍ തമ്മിലുളള സംഘട്ടനം, ചലനമില്ലാത്ത നിലയില്‍ മാത്രമായിരിക്കാന്‍ ‘പദാര്‍ത്ഥത്തെ’ അനുവദിക്കുകയില്ലല്ലോ. അപ്പോള്‍ പദാര്‍ത്ഥത്തിന്റെ സ്ഥിതി പ്രപഞ്ചം തുടങ്ങുന്നതിനുമുമ്പ് എന്തായിരുന്നു? അനാദിയായ പദാര്‍ത്ഥം ശൂന്യതയില്‍ നിന്ന് നിലവില്‍ വന്നതോടെ പ്രപഞ്ചമായി വികസിക്കാനും തുടങ്ങി  എന്നു പറയാനേ പറ്റൂ.
പ്രാകൃത ഭൗതികവാദത്തിന് വേണമെങ്കില്‍ പ്രാകൃതപദാര്‍ത്ഥം ചലനമില്ലാതെ അനാദിയായി നിലനിന്നിരുന്നുവെന്നും പെട്ടെന്ന് എങ്ങനെയോ ചലനം തുടങ്ങി പ്രപഞ്ചം വികസിക്കാന്‍ തുടങ്ങി എന്നും പറയാം. മാര്‍ക്‌സിസ്റ്റ് ഭൗതികവാദത്തിന് അങ്ങനെ പറയുക സാധ്യമല്ല. ചലനമില്ലാത്ത ഒരവസ്ഥ പദാര്‍ത്ഥത്തിനുണ്ടാവുക വൈരുധ്യാതിഷ്ഠിത ഭൗതികവാദപ്രകാരം അസാധ്യമാണ്. പ്രാകൃതഭൗതികവാദം പദാര്‍ത്ഥത്തിന്റെ ചലനത്തിന്റെ ഉറവിടം എവിടെനിന്നാണ് എന്ന പ്രശ്‌നത്തിന് ശരിയായ ഉത്തരം നല്‍കി. അതിന് വൈരുധ്യാതിഷ്ഠിത ഭൗതികവാദത്തിലൂടെ പരിഹാരം കണ്ടെത്തിയ മാര്‍ക്‌സിസ്റ്റ് ഭൗതികവാദം യഥാര്‍ത്ഥത്തില്‍ ചെന്നെത്തുന്നത് വലിയ കുഴപ്പത്തിലാണ്.
പദാര്‍ത്ഥത്തിന് അതിന്റെ ആന്തരിക വൈരുധ്യങ്ങള്‍ കാരണം വികാസവും ചലനവുമില്ലാത്ത ഒരവസ്ഥയുണ്ടാകാന്‍ പാടില്ല. പാ
ദാര്‍ത്ഥിക പ്രപഞ്ചം വികസിക്കാന്‍ തുടങ്ങുന്നതിനുമുമ്പ് ചലനമില്ലാത്ത ഒരു സ്ഥിതി പദാര്‍ത്ഥത്തിന് ഉണ്ടായിരുന്നുവെന്ന് പറയുന്നത് പദാര്‍ത്ഥത്തിന് നിലനില്‍പ്പില്ലായിരുന്നുവെന്ന് പറയുന്നതിനു തുല്യമാണ്. ചലനമില്ലാതെ പദാര്‍ത്ഥമില്ല. പ്രാകൃതഭൗതികവാദത്തിന് പ്രപഞ്ചത്തിന്റെ വികാസം തുടങ്ങുന്നതിനുമുമ്പും പദാര്‍ത്ഥം മൃതമായി നിശ്ചലമായി അങ്ങനെ നിലനിന്നിരുന്നുവെന്ന് വാദിച്ചുനോക്കാം. എന്നാല്‍ മാര്‍ക്‌സിസ്റ്റ് ഭൗതികവാദത്തിന് അതിന്റെ വൈരുധ്യവാദം മൂലം, അത്തരം ഒരു നിശ്ചലാവസ്ഥ പദാര്‍ത്ഥത്തിനുണ്ടാകുമെന്ന് വാദിക്കുക സാധ്യമല്ല. ശൂന്യതയില്‍ നിന്ന് പദാര്‍ത്ഥം നിലവില്‍ വന്നതോടെ അതു വികസിച്ച് പ്രപഞ്ചവും നിലവില്‍ വന്നു എന്നു സമ്മതിക്കുക തന്നെ വേണ്ടിവരും.”(6)
ശൂന്യതയില്‍ നിന്നു പ്രപഞ്ചത്തെ നിലവില്‍ വരുത്തി അതിനെ പരിപാലിച്ച് വളര്‍ത്തിക്കൊണ്ടുവരുന്ന, എല്ലാ വസ്തുക്കള്‍ക്കും അവയുടെ സ്വഭാവങ്ങളും ഗുണങ്ങളും നല്‍കിയ, എണ്ണമറ്റ ജീവജാലങ്ങള്‍ക്കും മനുഷ്യര്‍ക്കുമെല്ലാം അസ്തിത്വം നല്‍കിയ സര്‍വശക്തനും സര്‍വജ്ഞനും അദൃശ്യനുമായ സ്രഷ്ടാവിന്റെ കരങ്ങള്‍ ഇതിന്റെയെല്ലാം പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നു ഉള്‍ക്കൊള്ളാന്‍ പറ്റാത്ത ഒരു മാനസികാവസ്ഥയാണ് എല്ലാ ഭൗതികവാദത്തിന്റെയും അടിസ്ഥാനമെന്ന് സമര്‍ത്ഥിക്കുകയാണ് വൈരുധ്യാത്മകവാദത്തിന്റെ നിരര്‍ത്ഥകത ബോധ്യപ്പെടുത്തിയതിനുശേഷം ഡോക്ടര്‍ ചെയ്യുന്നത്.
മാര്‍ക്‌സിസ്റ്റ്-യുക്തിവാദ പ്രചാരണങ്ങളെ വൈജ്ഞാനികമായി പ്രതിരോധിക്കുന്നതില്‍ കേരളീയ മുസ്‌ലിം യുവതക്ക് മാര്‍ഗദര്‍ശിയും മാതൃകയുമാണ് ഡോ. ഉസ്മാന്‍ സാഹിബ്. ഭൗതികവാദത്തെക്കുറിച്ചും ഇസ്‌ലാമിനെക്കുറിച്ചുമുള്ള ഇഴകീറിയുള്ള പരിശോധനയാണ് ഇതിനുകാരണം. ഡോ. ഉസ്മാന്‍ സാഹിബുമാരെപ്പോലുള്ള പ്രതിഭാധനരെ സൃഷ്ടിക്കാന്‍ കെ.സി അബൂബക്കര്‍ മൗലവിമാര്‍ നിര്‍വഹിച്ച ദൗത്യം മുറുകെപ്പിടിച്ചുകൊണ്ട് നമുക്ക് മുന്നേറാം. നിരീശ്വരവദികള്‍ സോഷ്യല്‍മീഡിയയില്‍ ഇസ്‌ലാം വിമര്‍ശനത്തിന്റെ പുതിയ കപടനാ
ടകങ്ങളുമായി ഉറഞ്ഞുതുള്ളുന്ന സമകാലത്ത് അവരുടെ ദൗത്യങ്ങള്‍ക്ക് സന്ദര്‍ഭോചിതമായ പിന്തുടര്‍ച്ചകള്‍ നല്‍കാന്‍ നമുക്ക് കഴിഞ്ഞേ പറ്റൂ.

കുറിപ്പുകള്‍
1. കാലവും കാല്‍പ്പാടുകളും -പി.
എം.എ ഗഫൂര്‍, യുവത ബുക്‌സ്, 2014, പേജ് 241.
2. അവര്‍ വീണ്ടും മുസ്‌ലിമിനോട് നല്ല മന്സ്സനാകാന്‍ പറയുന്നു -മുസ്തഫാ തന്‍വീര്‍, സ്‌നേഹസംവാദം, 2015 ജൂണ്‍.
3. കാലവും കാല്‍പ്പാടും, പേജ് 242
4. ഗ്ലാസ്‌നോസ്റ്റും പെരിസ്‌ട്രോയിക്കയും -ഡോ. എം.ഉസ്മാന്‍, യുവത ബുക്‌സ്.
5. മാര്‍ക്‌സിസം-യുക്തിവാദം-ഇസ്‌ലാം -ഡോ. എം.ഉസ്മാന്‍, യുവത ബുക്‌സ്, പേജ് 11
6. അതേ പുസ്തകം -പേജ് 12, 13.

Leave a Reply

Your email address will not be published. Required fields are marked *