മതവും മനുഷ്യനും

ജന്തുജാലങ്ങളില്‍ മനുഷ്യനെ വ്യതിരിക്തമാക്കുന്ന ഘടകങ്ങളില്‍ അതിപ്രധാനമായതാണ് മസ്തിഷ്‌കവുമായി ബന്ധപ്പെട്ട അവന്റെ സവിശേഷതകള്‍. പഞ്ചേന്ദ്രിയങ്ങള്‍ വഴി പഠനം നടത്തുവാനും പഠനമനനങ്ങള്‍ വഴി പുരോഗമിക്കുവാനും തൂലികയും ജിഹ്വയും വഴി ആശയവിനിമയം നടത്താനുള്ള ശേഷികളാണ് മനുഷ്യനെ അദ്വിതീയനാക്കുന്നതെന്നു പറയാം. സൃഷ്ടിപരമോ നശീകരണാത്മകമോ ആയി മനുഷ്യന്‍ തന്റെ കഴിവുകള്‍ വിനിയോഗിച്ചതുവഴിയാണ് ചരിത്രത്തില്‍ ഇത്രയധികം പരിവര്‍ത്തനങ്ങള്‍ ഉണ്ടായത്.
വിജ്ഞാനമാര്‍ജ്ജിക്കാനുള്ള മനുഷ്യശേഷി തീര്‍ത്തും പരിമിതമാണെന്നത് മറന്നുകൂടാ. കണ്ണും കാതുമടങ്ങുന്ന പഞ്ചേന്ദ്രിയങ്ങള്‍ക്ക് അവയുടേതായ പരിധികള്‍ ഉïെന്നു നമുക്കറിയാം. സ്വാഭാവികമായും ഇന്ദ്രിയകേന്ദ്രീകൃതമായ അറിവിനും പരിമിതികള്‍ ഉണ്ടായേ തീരൂ. ഭൗതികലോകത്തിന്റെയും തന്നെ ഭാഗമായ അള്‍ട്രാ-ഇന്‍ഫ്രാ തരംഗങ്ങളെ നേരിട്ടനുഭവിക്കാന്‍ മനുഷ്യന് സാധിക്കുന്നില്ലെന്ന വസ്തുത സുവിദിതമാണല്ലോ.
ഭൗതികശാസ്ത്രത്തിന്റെ പുതിയ വിലയിരുത്തലുകള്‍ നമ്മുടെ പരിമിതികള്‍ക്ക് കൂടുതല്‍ വ്യക്തത നല്‍കുകയാണ് ചെയ്യുന്നത്. സൂക്ഷ്മപ്രപഞ്ചത്തിന്റെയും സ്ഥൂലപ്രപഞ്ചത്തിന്റെയും കാര്യം ഇക്കാര്യത്തില്‍ സമാനം തന്നെയാണ്. അടിസ്ഥാന കണങ്ങളെക്കുറിച്ച കൃത്യമായ വിവരശേഖരണത്തിനുപോലും മാനവകുലം ശക്തമാണെന്ന പ്രസ്താവനയാണ് സത്യത്തില്‍ ഹെയ്‌സണ്‍ ബര്‍ഗിന്റെ അനിശ്ചിതത്വ സിദ്ധാന്തം (). മഹാവിസ്‌ഫോടന സിദ്ധാന്തപ്രകാരമുള്ള ഗ്യാലക്‌സികളുടെ അകല്‍ച്ച നക്ഷത്രങ്ങളെക്കുറിച്ചുള്ള പഠനത്തിന്റെ സാധ്യതകളെ വിദൂരമാക്കിക്കൊണ്ടിരിക്കുന്നു. ആപേക്ഷികതയും ദ്വൈതഭാവവുമടക്കമുള്ള പരികല്‍പനകളാകട്ടെ അത്യന്തം സങ്കീര്‍ണമായ പ്രഹേളികകളുടെ സമാഹാരമായി ഫിസിക്‌സിനെ മാറ്റുകയും ചെയ്തു. ഭൗതികലോകത്തെക്കുറിച്ചുള്ള പഠനത്തിന്റെ പരിമിതികളാണ് നാം നടേ സൂചിപ്പിച്ചത്. ഭൗതികാതീതമായ യാഥാര്‍ത്ഥ്യങ്ങള്‍ മസ്തിഷ്‌കത്തിന്റെ ഗവേഷണസാധ്യതകള്‍ക്ക് തീരേ വഴങ്ങുന്നതല്ലെന്നതാണ് വസ്തുത. സ്ഥലകാല നൈരന്തര്യത്തിന്റെതായ പ്രപഞ്ചം പഠിക്കാന്‍ തക്കശേഷിയേ മനുഷ്യന്റെ തലച്ചോറിനുള്ളൂ. പ്രപഞ്ചാതീതവും പദാര്‍ത്ഥാതീതവുമായ കാര്യങ്ങള്‍ സയന്‍സിന്റെ പരിധിയില്‍ വരുന്നതല്ല എന്ന് പറയുന്നത് ഈ അര്‍ത്ഥത്തിലാണ്.
നന്മതിന്മകളുടെ കാര്യവും ഇങ്ങനെ തന്നെയാണ്. നന്മ ചെയ്തു ഉന്നതനാകാനും തിന്മ ചെയ്തു അധമനാകുവാനുമുള്ള അസ്തിത്വ സ്വാതന്ത്ര്യം നല്‍കപ്പെട്ട ജീവിയാണ് മനുഷ്യന്‍. പക്ഷേ ധര്‍മാധര്‍മങ്ങളെ സ്വന്തമായ സാധനകളുപയോഗിച്ച് വകതിരിക്കുവാനും നിര്‍വഹിക്കാനും
മനുഷ്യധിഷണ പര്യാപ്തമല്ല. കേവലമായ ഭൗതികവിദ്യാഭ്യാസം മനുഷ്യമക്കള്‍ക്ക് മൂല്യബോധം പകര്‍ന്നിരുന്നുവെങ്കില്‍ ഹിരോഷിമ നാഗസാക്കികള്‍ ലോകത്ത് സംഭവിക്കാന്‍ പാടില്ലായിരുന്നു.
മതത്തിന്റെ ദാര്‍ശനിക പരിസരം കുടികൊള്ളുന്നതിവിടെയാണ്. സ്രഷ്ടാവ്, പരലോകം, മലക്കുകള്‍ തുടങ്ങിയ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചും മരണാനന്തര വിജയത്തിന് അടിസ്ഥാനമായ ധാര്‍മികതകളെക്കുറിച്ചുമാണ് മതം സംസാരിക്കുന്നത്. ദിവ്യമായ ധാര്‍മിക മാര്‍ഗദര്‍ശനവുമായി ദൈവം തമ്പുരാന്‍ പ്രവാചകന്‍മാരെ നിയോഗിക്കുകയും വേദഗ്രന്ഥങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. സ്രഷ്ടാവായ തമ്പുരാനെ മാത്രം ആരാധിക്കുക, ദൈവദൂതന്‍മാരെപ്പോലെ ജീവിക്കുക, മരണാനന്തര ജീവിതത്തില്‍ രക്ഷപ്പെടുക എന്ന സന്ദേശവുമായാണ് പ്രവാചകന്‍മാര്‍ മുഴുവന്‍ കടന്നുവന്നത്.
ധര്‍മാധര്‍മങ്ങളെ കണിശമായി വ്യവച്ഛേദിച്ചുകൊണ്ട് പ്രവാചകന്‍മാര്‍ പ്രചരിപ്പിച്ച ജീവിതരീതിയാണ് മതം. സുകൃതങ്ങള്‍കൊണ്ട് നശ്വരമായ ഇഹലോകജീവിതം ധന്യമാക്കിയവര്‍ക്ക് മരണാനന്തരം നിത്യസൗഖ്യത്തിന്റെ സ്വര്‍ഗലോകവും പാപങ്ങളില്‍ നിരതരായവര്‍ക്ക് നരകവുമുïെന്ന പരലോക വിശ്വാസമാണ് മതത്തിന്റെ കാതല്‍. ലോകത്ത് വ്യത്യസ്ത ദേശങ്ങളിലേക്കായി വ്യത്യസ്ത കാലങ്ങളില്‍ കടന്നുവന്ന പ്രവാചകന്‍മാര്‍ മുഴുവന്‍ പ്രബോധനം ചെയ്ത അടിസ്ഥാനാശയങ്ങള്‍ ഒന്നുതന്നെയായിരുന്നു. അവരുടെയെല്ലാം മതത്തിന്റെ പേരാണ് ഇസ്‌ലാം. ഇസ്‌ലാം എന്ന പദത്തിനര്‍ത്ഥം ‘സമര്‍പ്പണം’, ‘സമാധാനം’ എന്നൊക്കെയാണ്. സര്‍വലോക സ്രഷ്ടാവിന്റെ മുമ്പില്‍ സ്വന്തം ജീവിതത്തെ സമര്‍പ്പിക്കുന്നതുവഴി ഒരാള്‍ക്ക് കരഗതമാകുന്ന സമാധാനത്തിന്റെ പേരാണ് ഇസ്‌ലാം. പ്രപഞ്ചനാഥന്റെ നിയമങ്ങള്‍ക്കനുസരിച്ച് ജീവിതതരംഗങ്ങളെ ക്രമീകരിച്ചവനാണ് മുസ്‌ലിം. ജന്മമല്ല, വിശ്വാസവും കര്‍മങ്ങളുമാണ് ഒരാളുടെ ഇസ്‌ലാം നിശ്ചയിക്കുന്നത്. ഒരു മുസ്‌ലിം നന്മതിന്മകള്‍ തീരുമാനിക്കുന്നത് സ്വന്തം യുക്തിയനുസരിച്ചോ സമൂഹത്തിന്റെ പൊതുധാരണക്ക് അനുസരിച്ചോ അല്ല. പ്രവാചകനും വേദഗ്രന്ഥവുമാണ് നന്മതിന്മകളെ നിശ്ചയിക്കാനുള്ള അവന്റെ ഉരക്കല്ല്.
ഇസ്‌ലാം മുഹമ്മദ് നബി (സ) സ്ഥാപി
ച്ച പ്രത്യേകമതമാണെന്ന തെറ്റിദ്ധാരണ വ്യാപകമാണ്. യഥാര്‍ത്ഥത്തില്‍ ആദം, നൂഹ് (നോഹ), ഇബ്‌റാഹീം (അബ്രഹാം), മൂസ (മോശെ), ഈസ (യേശു) തുടങ്ങിയ പൂര്‍വപ്രവാചകന്‍മാരുടെ ദൗത്യത്തിന്റെ പൂര്‍ത്തീകരണവുമായി കടന്നുവന്നയാളാണ് മുഹമ്മദ് നബി (സ) . അവസാനത്തെ ദൈവദൂതനുമാകുന്നു അദ്ദേഹം. പൂര്‍വപ്രവാചന്‍മാരുടെ അധ്യാപനങ്ങള്‍ അവയുട തനതായ രൂപത്തില്‍ ഇന്ന് ഉപലബ്ധമല്ല. അതാത് പ്രവാചകന്‍മാരുടെ കാലശേഷം പുരോഹിതന്‍മാര്‍ അവരുടെ അധ്യാപനങ്ങളെ വികൃതവും വികലവുമാക്കുകയും വേദഗ്രന്ഥങ്ങളില്‍ കൈകടത്തലുകള്‍ നടത്തുകയും ചെയ്തു. വ്യത്യസ്ത മതങ്ങളുണ്ടായത് അങ്ങനെയാണ്. ഇസ്‌ലാമികേതര ദര്‍ശനങ്ങളെ പു
രോഹിത മതങ്ങളെന്നൊക്കെ വിളിക്കുന്നത് ഇതുകൊïൊക്കെയാണ്.
മുഹമ്മദ് നബിയുടെ ജീവിതവും അദ്ദേഹത്തിലൂടെ അവതരിപ്പിക്കപ്പെട്ട അന്തിമ വേദമായ ക്വുര്‍ആനുമാണ് മുഹമ്മദ് നബിക്കുശേഷമുള്ള മുഴുവന്‍ ജനങ്ങള്‍ക്കുമായുള്ള ഇസ്‌ലാമിക പ്രമാണങ്ങള്‍. സമഗ്രവും കുറ്റമറ്റതുമായ ക്വുര്‍ആനും പ്രവാചകചര്യയുമാകുന്ന പ്രമാണങ്ങള്‍ കളങ്കരഹിതമായി നിലനില്‍ക്കുന്നു. മാനുഷികമായ കരവിരുതുകളില്‍ നിന്ന് പടച്ചതമ്പുരാന്‍ തന്നെ സംരക്ഷിച്ചുനിര്‍ത്തിയതിനാല്‍ ക്വുര്‍ആന്‍ നല്‍കുന്ന മാര്‍ഗദര്‍ശനം അന്യൂനവും ദൈവികവുമാണ്. അതുകൊണ്ട് തന്നെ ക്വുര്‍ആനും സുന്നത്തുമനുസരിച്ചു ജീവിക്കുന്ന ഒരാള്‍ക്കേ മുസ്‌ലിമാകാനും മരണാനന്തരമോക്ഷം കരസ്ഥമാക്കാനും
കഴിയൂ. ക്വുര്‍ആനിന്റെ ദൈവികതയും മുഹമ്മദ് നബിയുടെ പ്രവാചകത്വവും ഏതൊരാള്‍ക്കും എളുപ്പത്തില്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ മനസ്സിലാക്കാന്‍ കഴിയും.
ഭൂമുഖത്തേക്കുകടന്നുവന്ന ദൈവദൂതന്‍മാര്‍ മുഴുവന്‍ പ്രഥമവും പ്രധാനവുമായി പ്രബോധനം ചെയ്ത സന്ദേശം ഏകദൈവാരാധനയുടേതായിരുന്നു. സംവിധായകനും പരിപാലകനുമായ പ്രപഞ്ചനാഥന്‍ ഏകനാണെന്ന വസ്തുത ഒരുവിധമാളുകളൊക്കെ അംഗീകരിക്കുന്നതാണ്. എന്നാല്‍ സ്രഷ്ടാവിനോടു നേരിട്ടു പ്രാര്‍ത്ഥിക്കുന്നതിനുപകരം മധ്യവര്‍ത്തികളെയും ഇടയാളന്‍മാരെയും സ്വീകരിക്കുക എന്ന അബദ്ധമാണ് എക്കാലത്തെയും ജനങ്ങള്‍ വരുത്തിവെച്ചത്. ദൈവത്തിന്റെയും മനുഷ്യന്റെയും ഇടയിലുള്ള ദല്ലാളുമാരായി ചമഞ്ഞ പുരോഹിതന്‍മാര്‍ രംഗം അത്യന്തം വഷളാക്കുകയും ചെയ്തു. സ്ഥാപനവല്‍കൃത ആത്മീയതയുടെ ചൂഷണങ്ങളോടാണ് നബിമാര്‍ സമരം ചെയ്തത്. പ്രാര്‍ത്ഥനയും നേര്‍ച്ചയും അഭ്യര്‍ത്ഥനയും വഴിപാടുകളും അങ്ങനെയങ്ങനെ ആരാധനകളുടെ സര്‍വപ്രവൃത്തികളും അല്ലാഹുവിനു മാത്രമാകണമെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അല്ലാഹു എന്നത് മുസ്‌ലിംകളുടെ കുലദൈവമോ ഗോത്രദൈവമോ അറബികളുടെ പ്രാദേശിക ദൈവമോ അല്ല. പ്രത്യുത സര്‍വലോക പരിപാലകനും നിയന്താവുമായി സര്‍വരും അംഗീകരിക്കുന്ന ഏകസ്രഷ്ടാവിന്റെ വിശിഷ്ട നാമങ്ങളില്‍ ഒന്നുമാത്രമാണെന്നത് പ്രത്യേകം പ്രസ്താവ്യമാകുന്നു. ഏകദൈവവിശ്വാസം എല്ലാവിധ അന്ധവിശ്വാസങ്ങളുടെയും അടിവേരറുക്കുകയും മനുഷ്യരെ ഏകോദര സഹോദരങ്ങളാക്കി മാറ്റുകയും ചെയ്യുന്നു എന്നതാണ് വസ്തുത.
അല്ലാഹുവിലും അവന്റെ പ്രത്യേക സൃഷ്ടികളായ മലക്കുകളിലും, മനുഷ്യരില്‍ നിന്നവന്‍ തെരഞ്ഞെടുത്ത പ്രവാചകന്‍മാരിലും, അവരിലൂടെ അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥങ്ങളിലും, പരലോകത്തിലും, ദൈവവിധിയിലും, വിശ്വസിക്കുകയും സത്യസാക്ഷ്യം, നമസ്‌കാരം, സകാത്ത്, നോമ്പ്, ഹജ്ജ് എന്നീ കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്യുക എന്നത് ഒരാളുടെ ഇസ്‌ലാമിന്റെയും ഈമാനിന്റെയും (വിശ്വാസം) പൂര്‍ത്തീകരണത്തിന് അനിവാര്യമായ അടിസ്ഥാനോപാധികളത്രെ. സ്രഷ്ടാവിന്റെ ഇംഗിതങ്ങള്‍ക്കൊത്ത് വിശുദ്ധമായ വിശ്വാസവും വിമലമായ കര്‍മങ്ങളും ക്രമീകരിച്ച് മരണാനന്തര വിജയത്തിനുവേണ്ടി പണിയെടുക്കുന്ന ഒരാള്‍ സ്വാഭാവികമായും ജീവിതവ്യവഹാരങ്ങളില്‍ മുഴുവന്‍ മാതൃകായോഗ്യനായിരിക്കും. ഇരുണ്ട അറേബ്യയിലെ സംസ്‌കാരശൂന്യരും കലഹപ്രിയരും സ്ത്രീവിരോധികളും ബഹുദൈവാരാധകരുമായിരുന്ന ഒരു ജനസമൂഹത്തെ കാല്‍നൂറ്റാണ്ടില്‍ കുറഞ്ഞ കാലം കൊണ്ട് മാനവികതയുടെ ഗിരിശൃംഖങ്ങളിലെത്തിച്ചത് ഇസ്‌ലാമിക സന്ദേശങ്ങളായിരുന്നു. ചരിത്രത്തില്‍ സമാനതകളില്ലാത്ത  ഈ യുഗപ്പകര്‍ച്ച വിമര്‍ശകര്‍ക്കുള്ള മതിയായ മറുപടിയായി തീരുന്നുണ്ട്.
പരസ്പരം അടുത്തറിയാനും വിവിധ മതവിശ്വാസങ്ങളെ വിശകലനം ചെയ്ത് സത്യം നിര്‍ധരിച്ചെടുക്കാനുമാണ് ഒരു ബഹുമത സമൂഹത്തിലെ അംഗങ്ങളെന്ന നിലക്ക് നാം ശ്രദ്ധിക്കേണ്ടത്. തുറന്ന മനസ്സും അന്വേഷണത്വരയുമുള്ളവര്‍ക്ക് ഇസ്‌ലാം തണല്‍ വിരിക്കാതിരിക്കില്ല, തീര്‍ച്ച!

Leave a Reply

Your email address will not be published. Required fields are marked *